കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ വിസമ്മതിച്ച് ഡികെ ശിവകുമാര്‍, കേസുകള്‍ പെരുപ്പിച്ച് കാണിക്കുന്നു
ബെംഗളൂരു: കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ ശാസിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. നിങ്ങള്‍ക്ക് എന്നെ ബ്ലാക് മെയില്‍ ചെയ്യാനാവില്ല. മിസ്റ്റര്‍, എനിക്ക് യാതൊരു കുഴപ്പവുമില്ല. നിങ്ങള്‍ക്കെന്നെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ല. ഈ നാട്ടിലെ നിയമം എന്താണെന്ന് എനിക്കറിയാമെന്ന് ശിവകുമാര്‍ പറയുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് വൈറലായിരിക്കുകയാണ്. എന്നാല്‍ ദൃശ്യങ്ങളില്‍ അദ്ദേഹം മാപ്പുപറയുന്നുമുണ്ട്. കര്‍ണാടക സര്‍ക്കാര്‍ കൊവിഡ് കേസുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് ശിവകുമാര്‍ കുറ്റപ്പെടുത്തി. എന്റെ കുടുംബത്തില്‍ തന്നെ പത്ത് ഡോക്ടര്‍മാരുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.

കൂടുതല്‍ കേസുകള്‍ കാണിക്കാനായി, ഇവര്‍ ആളുകളെ ടെസ്റ്റ് ചെയ്യുകയാണ്. എന്നിട്ട് അവരെ പോസിറ്റീവായതായി കാണിക്കുകയാണ്. ഐഎഎസ്, പോലീസ് ഉദ്യോഗസ്ഥരും തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്നത് കൊണ്ടാണ് ടെസ്റ്റുകള്‍ നടത്താന്‍ പറഞ്ഞത്. ആരോഗ്യ വിഭാഗത്തിന്റെ കടമയാണ് ജനങ്ങളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയെന്നതെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ശിവകുമാറിന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ച് പദയാത്ര നടത്തിയതിന് സര്‍ക്കാര്‍ കേസെടുത്തിരിക്കുകയാണ്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസുണ്ട്. ആയിരക്കണക്കിന് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും അവര്‍ റാലിയില്‍ പങ്കെടുത്തെന്നും ബിജദെപി ആരോപിച്ചു. ബെംഗളൂരുവിലേക്ക് പല ജില്ലകളില്‍ നിന്നും ആളുകളെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. മെക്കേഡത്ത് കുടിവെള്ള പദ്ധതിക്കായി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമായിരുന്നു ഇത്. ബിജെപി സര്‍ക്കാരിനെ ഇത് സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.
വളരെ മോശം രാഷ്ട്രീയമാണ് ശിവകുമാര്‍ നടത്തുന്നത്. ഞങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാല്‍ ആരോഗ്യ മന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അനാവശ്യമായി കുറ്റപ്പെടുത്തുകയാണ് ശിവകുമാര്‍. ശരിക്കും അദ്ദേഹം പറയുന്നത് എന്നെ അമ്പരപ്പിച്ചു. ഇത് ഒരു നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു ഡോക്ടര്‍ ശിവകുമാറിന്റെ ക്യാമ്പിലേക്ക് എത്തുന്നതും സാമ്പിളുകള്‍ എടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പറ്റില്ലെന്ന് ശിവകുമാര്‍ പറയുകയായിരുന്നു. തനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ അറിയിച്ച് കൊള്ളാമെന്നാണ് ശിവകുമാര്‍ പറഞ്ഞത്.












Click it and Unblock the Notifications