ബെംഗളൂരുവിനെ വെള്ളത്തിലാക്കി കനത്ത മഴ: നഗരത്തില്‍ പലയിടത്തും ഗതാഗത കുരുക്ക്
ബെംഗളൂരു: ബെംഗളുരില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടി ബോട്ട് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവർത്തകർ സജ്ജീകരിച്ചിട്ടുണ്ട്. ബെല്ലന്തൂർ, സർജാപുര റോഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിംഗ് റോഡ്, ബിഇഎംഎൽ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. മണിക്കൂറുകളോളം പെയ്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.

മാർത്തഹള്ളിയിലെ സ്‌പൈസ് ഗാർഡൻ മേഖലയിൽ ഇരുചക്രവാഹനങ്ങൾ ഒഴുകി പോവുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. സ്‌പൈസ് ഗാർഡൻ മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നഗരത്തെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ടെക് പാർക്കുകളുമായി ബന്ധിപ്പിക്കുന്ന ഔട്ടർ റിംഗ് റോഡിലാണ് ഗതാഗതത്തെ സാരമായി ബാധിച്ചത്. നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങളിലും ഇത്തവണ വെള്ളം കയറിയിട്ടുണ്ട്.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

ബെംഗളൂരിലെ വിമാനത്താവളത്തിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. 'കർണാടക തലസ്ഥാനത്തെ ഐടി ബെൽറ്റ് മാത്രമല്ല, ബെംഗളൂരു വിമാനത്താവളവും കനത്ത മഴയിൽ തകർന്നു. ഞായറാഴ്ച രാത്രി വെള്ളപ്പൊക്കത്തിൽ മുങ്ങിയ വിമാനത്താവളത്തിൽ യാത്രക്കാർ കാത്തുനിൽക്കുന്നത് കണ്ടു' എന്നാണ് ഒരു യാത്രക്കാരൻ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം, കർണാടകയിൽ സെപ്റ്റംബർ 9 വരെ കനത്ത മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നത്. ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ മലയോര മേഖലകളിലും കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കുടക്, ശിവമോഗ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂർ എന്നീ ജില്ലകളിൽ സെപ്റ്റംബർ 5 നും 9 നും ഇടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

തിങ്കളാഴ്ച രാവിലെ, ജോലി സമയത്ത് വലിയ ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്ന് നഗരവാസികളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകരമായ രീതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളായ ബിദാർ, കലബുറഗി, വിജയപുര, ഗദഗ്, ധാർവാഡ്, ഹാവേരി, ദാവൻഗരെ എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരം കനത്ത മഴയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധി പ്രദേശങ്ങൾ, പ്രത്യേകിച്ച് ഐടി മേഖലകള്‍ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. ബെംഗളൂരുവിലുടനീളം ആയിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായി, വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനാല്‍ അനധികൃത കൈയേറ്റങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുമെന്നാണ് അധികൃതർ അറിയിക്കുന്നത്.












Click it and Unblock the Notifications