ജഗദീഷ് ഷെട്ടാര്‍ ഹുബ്ബലി-ധാര്‍വാര്‍ഡില്‍ നിന്ന് മത്സരിക്കും: ടിക്കറ്റ് നല്‍കി കോണ്‍ഗ്രസ്
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് മത്സരിക്കാന്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഹുബ്ബലി-ധാര്‍വാര്‍ഡില്‍ നിന്നാണ് ഷെട്ടാര്‍ മത്സരിക്കുക. ഷെട്ടാറിന്റെ സ്വന്തം മണ്ഡലമാണിത്. ആറ് തവണ നിയമസഭയിലെത്തിയ സീനിയര്‍ നേതാവാണ് ഷെട്ടാര്‍. ബിജെപി നേതൃത്വവുമായി കടുത്ത എതിര്‍പ്പിലായിരുന്നു ഷെട്ടാര്‍.
തന്നെ ബിജെപി നേതൃത്വം അപമാനിച്ചുവെന്നായിരുന്നു ഷെട്ടാര്‍ പറഞ്ഞത്. നേരത്തെ 189 സ്ഥാനാര്‍ഥികള്‍ അടങ്ങിയ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതില്‍ ഷെട്ടാറിന്റെ പേരില്ലായിരുന്നു. ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഷെട്ടാര്‍. മത്സരിക്കാനുള്ള സീറ്റിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ ദില്ലിയിലെത്തി കണ്ടിരുന്നു. ഷെട്ടാര്‍. തന്റെ സ്വന്തം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഷെട്ടാറിന്റെ ആവശ്യം.

നദ്ദ മാത്രമല്ല, ദേശീയ നേതൃത്വവും ഇത് ഗൗരവത്തോടെ എടുത്തില്ല. ബിജെപിയുടെ പ്രബല നേതാവ് ബിഎസ് യെഡിയൂരപ്പ പോലും കരുതിയത് ഷെട്ടാറിന് ഉറപ്പായും ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം എല്ലാവരെയും അമ്പരപ്പിക്കുന്നായിരുന്നു. ഹൈക്കമാന്‍ഡിനെ കണ്ട് സീറ്റിനായി ലോബിയിംഗ് നടത്താനുള്ള ഷെട്ടാറിന്റെ മോഹങ്ങള്‍ക്കും തിരിച്ചടിയേറ്റിരുന്നു. ബിജെപി പുറത്തുവിട്ട 23 അംഗ സ്ഥാനാര്‍ഥി പട്ടികയിലും ഷെട്ടാറിന്റെ പേരുണ്ടായിരുന്നില്ല.
ഞായറാഴ്ച്ചയാണ് ഷെട്ടാര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപിയില്‍ താന്‍ അപമാനിതനായെന്ന് ഷെട്ടാര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച്ചയാണ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. ബിജെപിയുടെ ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിനകെയാണ് ഷെട്ടാറിനെ ഹുബ്ബലിയില്‍ നേരിടുന്നത്.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതി ആരോപണങ്ങളില്ല. എന്നിട്ടും എന്തുകൊണ്ട് ബിജെപി തനിക്ക് ടിക്കറ്റ് നല്‍കിയില്ല. തനിക്കെതിരെ പ്രവര്‍ത്തിച്ചത് ബിജെപി സെക്രട്ടറി ബിഎല്‍ സന്തോഷാണ്. തനിക്ക് ടിക്കറ്റ് തരാതിരിക്കാന്‍ സന്തോഷ് ശ്രമിച്ചു. തന്നെ പാര്‍ട്ടിയില്‍ അപമാനിച്ചുവെന്നും ഷെട്ടാര്‍ ആരോപിച്ചു.
ടിക്കറ്റ് എന്തുകൊണ്ട് നിഷേധിച്ചു എന്ന കാര്യത്തില്‍ തനിക്ക് മറുപടി ലഭിച്ചതേയില്ലെന്ന് ഷെട്ടാര്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സന്തോഷാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഹുബ്ബലിയിലെ അറിയപ്പെടുന്ന ലിംഗായത്ത് നേതാവാണ് ഷെട്ടാര്‍. അദ്ദേഹം പുറത്തുപോയത് ബിജെപിയെ ശരിക്കും ബാധിച്ചേക്കും. എന്നാല്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
യുവനേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടതെങ്കില്‍, എന്തിനാണ് 72 വയസ്സിന് മുകളിലുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. ഇരുപതില്‍ അധികം പ്രായമേറെ ഉള്ളവരാണ്. അതിലൊന്നും തനിക്ക് വിശദീകരണം ലഭിച്ചിട്ടില്ല. കാരണം അവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ആഗ്രഹമില്ല. അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും ഷെട്ടാര്‍ പറഞ്ഞു.












Click it and Unblock the Notifications