കാമുകനെ മതി, ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ കൊട്ടേഷൻ, എന്നാൽ സംഭവിച്ചത് സിനിമയെ വെല്ലും!
ബെംഗളൂരു: ഭര്‍ത്താവിനെ കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാനായിരുന്നു 26കാരിയായ യുവതിയുടെ പദ്ധതി. എന്നാല്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ അല്ല നടന്നത്.
ഭര്‍ത്താവ് മരിച്ചില്ലെന്ന് മാത്രമല്ല തിരിച്ച് വന്നു. കാമുകന്‍ മരണപ്പെടുകയും ചെയ്തു. ബെംഗളൂരുവിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇരുപത്തിയാറുകാരിയായ അനുപല്ലവിയാണ് ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തത്. ബെംഗളൂരുവിലെ ദൊബ്ബഡിദാരക്കല്ലു സ്വദേശിനിയാണ് അനുപല്ലവി. നവീനും അനുപല്ലവിക്കും രണ്ട് മക്കളുണ്ട്. നവീന്‍ ബെംഗളൂരുവില്‍ കാബ് ഡ്രൈവറാണ്. മാത്രമല്ല ഒരു മില്ലും സ്വന്തമായുണ്ട്.

ഹിമവന്ത് കുമാര്‍ എന്നയാളുമായിട്ടാണ് അനുപല്ലവിക്ക് അടുപ്പമുണ്ടായിരുന്നതായി പറയുന്നത്. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ കണ്ടെത്തിയ വഴി ഭര്‍ത്താവിനെ കൊലപ്പെടുത്തുക എന്നതായിരുന്നു. അതിനായി കൊട്ടേഷന്‍ നല്‍കാനും തീരുമാനിച്ചു. മൂന്ന് പേരടങ്ങുന്ന കൊട്ടേഷന്‍ സംഘത്തിന് ആയിരുന്നു കൊല നടത്താനുളള കരാര്‍ നല്‍കിയത്.

കൊട്ടേഷന്‍ നടപ്പാക്കുന്നതിന് മുന്‍പ് അഡ്വാന്‍സായി 90,000 രൂപ അനുപല്ലവിയും ഹിമവന്ത് കുമാറും മൂവര്‍ സംഘത്തിന് നല്‍കി. കൊല നടത്തിയ ശേഷം 1.1 ലക്ഷം രൂപ കൂടി കൈമാറും എന്നതായിരുന്നു ധാരണ. ജൂലൈ 23ന് കൊട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ നവീന്‍ കുമാറിന്റെ കാബ് ഓട്ടം വിളിച്ചു. തമിഴ്‌നാട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു കാബ് ബുക്ക് ചെയ്തത്.

വഴിയില്‍ വെച്ച് മൂന്നാമനും വാഹനത്തില്‍ കയറി. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് നവീനെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ ഇടത്ത് ഒരു വീട്ടില്‍ പാര്‍പ്പിച്ചു. ഇനിയാണ് ട്വിസ്റ്റ്. കൊല നടത്താന്‍ കൊട്ടേഷന്‍ ഏറ്റെടുത്തുവെങ്കിലും നവീനെ കൊലപ്പെടുത്താനുളള ധൈര്യം ഈ മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല നവീനുമായി ഇവര്‍ ചങ്ങാത്തത്തിലാവുകയും നാല് പേരും ചേര്‍ന്ന് പാര്‍ട്ടി നടത്തുകയും ചെയ്തു.

കാര്യം നടന്നോ എന്നറിയാന്‍ ഹിമവന്തും അനുപല്ലവിയും കൊട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടു.നവീനെ കൊലപ്പെടുത്തി എന്നാണ് അവര്‍ അറിയിച്ചത്. മാത്രമല്ല വിശ്വസിപ്പിക്കാനായി നവീന്റെ ദേഹത്ത് തക്കാളി സോസ് ഒഴിച്ച് രക്തത്തിന്റെ പ്രതീതിയുണ്ടാക്കി അത് ഫോട്ടോ എടുത്ത് മൂവര്‍ സംഘം അയച്ച് കൊടുത്തു. ഇതോടെ ഹിമവന്ത് ആകെ ഭയന്നു.

നവീന്‍ കൊല്ലപ്പെട്ടുവെന്ന് കരുതിയതോടെ അതിന് ശേഷം പോലീസും അറസ്റ്റും അടക്കമുളള കാര്യങ്ങളില്‍ ഭയന്ന ഹിമവന്ത് ഓഗസ്റ്റ് 1ന് സ്വന്തം വീട്ടില്‍ വെച്ച് ജീവനൊടുക്കി. നവീന്‍ ജീവനോടെ വീട്ടിലേക്ക് തിരിച്ച് എത്തുകയും ചെയ്തു.നവീനെ കാണാനില്ലെന്ന് സഹോദരി രണ്ടാം തിയ്യതി പോലീസില്‍ പരാതി നല്‍കിയിരുന്നു. 6ാം തിയ്യതി നവീന്‍ തിരിച്ച് എത്തി. നവീനാണ് സംഭവിച്ചത് പോലീസിനെ അറിയിച്ചത്.
എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

തുടര്‍ന്ന് പീന്‍യ പോലീസ് നടത്തിയ അന്വേഷണത്തില്‍ അനുപല്ലവിയുടേയും ഹിമവന്തിന്റെയും ഫോണുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. അനുപല്ലവിയുടെ അമ്മയ്ക്കും കൊട്ടേഷന്‍ സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കൊട്ടേഷന്‍ ഏറ്റെടുത്ത മൂവര്‍ സംഘത്തെയും പോലീസ് പിടികൂടി. ഹരീഷ്, നാഗരാജു,മുഗിലന്‍ എന്നിവരാണ് ആ മൂവര്‍ സംഘം. അതേസമയം അനുപല്ലവിയെ ഒഴിവാക്കണമെന്ന് നവീന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications