എതിരാളികള്‍ പരിഹസിച്ചെന്ന് പറയുന്ന ആദ്യ പ്രധാനമന്ത്രി, രാഹുലിനെ മാതൃകയാക്കൂ; പരിഹസിച്ച് പ്രിയങ്ക
ബെംഗളൂരു: രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരവാദം മുഴക്കുകയാണെന്ന് പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മോദി ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയാണ്. എന്നാല്‍ മോദി പറയുന്നത് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളാണ്. തന്നെ എതിരാളികള്‍ പരിഹസിക്കുന്നേ എന്ന് പറഞ്ഞ് കരയുന്ന ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും പ്രിയങ്ക പരിഹസിച്ചു.
എത്ര പേര്‍ മോദിയെ പരിഹസിച്ചു എന്ന ലിസ്റ്റ് അദ്ദേഹത്തിന്റെ ഓഫീസിലുള്ള ആരോ നല്‍കുന്നതാണെന്ന് തോന്നുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടങ്ങുന്ന പട്ടികയേക്കാള്‍ കൂടുതല്‍ ഇതിനാണ് മോദി പ്രാധാന്യം നല്‍കുന്നത്.പൊതുജീവിതത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ പതിവാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണം. രാഹുല്‍ ഗാന്ധിയില്‍ നിന്ന് അദ്ദേഹത്തിന് ചില കാര്യങ്ങള്‍ പഠിക്കാനുണ്ട്.

ഈ രാജ്യത്തിന് വേണ്ടി വെടിയുണ്ട നെഞ്ചിലേറ്റ് വാങ്ങാനും രാഹുല്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസും അവരുടെ നേതാക്കളും 91 തവണ തന്നെ പല തരത്തില്‍ കുത്തുവാക്കുകള്‍ കൊണ്ട് അപമാനിച്ചുവെന്ന് മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനാണ് പ്രിയങ്ക മറുപടിയുമായി എത്തിയത്.
പ്രതിപക്ഷം 91 തവണ തന്നെ അപമാനിച്ചുവെന്ന് മോദി പറഞ്ഞു. ഒരു പേജില്‍ കൊള്ളാവുന്നതേയുള്ളൂ അക്കാര്യം. എന്നാല്‍ ബിജെപിയും അവരുടെ നേതാക്കളും എന്റെ കുടുംബത്തിനെതിരെ പറഞ്ഞ കാര്യങ്ങള്‍ നോക്കുമ്പോള്‍ അതുപയോഗിച്ച് പുസ്തകങ്ങള്‍ തന്നെ പ്രസിദ്ധീകരിക്കാമെന്നും പ്രിയങ്ക പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രിയില്‍ നിന്ന് കാണുന്നത് വിചിത്രമായ കാര്യമാണ്.
പല പ്രധാനമന്ത്രിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിരാ ഗാന്ധി ഈ രാജ്യത്തിനായി വെടിയുണ്ട നെഞ്ചിലേറ്റ് വാങ്ങിയവരാണ്. രാജീവ് ഗാന്ധി ഈ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചയാളാണ്. നരസിംഹ റാവുവും, മന്‍മോഹന്‍ സിംഗും രാജ്യത്തിനായി ഒരുപാട് കഠിനാധ്വാനം ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ മോദി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം നാട്ടുകാര്‍ക്ക് മുന്നില്‍ പോയി കരയുകയാണ്.
രുചിയുടെ പെരുന്നാളാണ് ഹിമാചലില്‍: ടോപ് ടേസ്റ്റ് ഈ ഡിഷുകള്‍ക്ക്; കഴിക്കാന്‍ റെഡിയായിക്കോളൂ
തന്നെ പ്രതിപക്ഷം അപമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ജനങ്ങളുടെ പരാതി കേള്‍ക്കേണ്ട പ്രധാനമന്ത്രി, സ്വന്തം പരാതികളാണ് ജനങ്ങളെ അറിയിക്കുന്നതെന്നും പ്രിയങ്ക പരിഹസിച്ചു. മോദിജി, കുറച്ച് ധൈര്യമുണ്ടാക്കിയെടുക്കൂ. അക്കാര്യത്തില്‍ എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാം. ഈ രാജ്യത്തിന് വേണ്ടി വെടിയുണ്ട നെഞ്ചിലേല്‍ക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് പറഞ്ഞതാണ്.
നിങ്ങള്‍ രാഹുലിനെ അപമാനിച്ചാലോ, വെടിവെച്ചാലോ, കത്തികൊണ്ട് കുത്തിയാലോ, സത്യത്തിന് വേണ്ടി നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞ് കഴിഞ്ഞതാണ്. പ്രധാനമന്ത്രി ഇത് പൊതു ജീവിതമാണെന്ന് മനസ്സിലാക്കണം. അവിടെ ഇത്തരം ആരോപണങ്ങളെല്ലാം സ്ഥിരമായി നടക്കുന്നതാണ്. ധൈര്യമുണ്ടാവുകയാണ് വേണ്ടത്. ഇതെല്ലാം ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് വേണ്ടത്. ജനങ്ങളുടെ ശബ്ദത്തെ അദ്ദേഹം കേള്‍ക്കാന്‍ പഠിക്കണമെന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications