കഴിയുന്നത് 4000 കോടിയുടെ വീട്ടിൽ, അവിടെ 700 കാറുകൾ; അംബാനിയല്ല, ഇതാണ് ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം എന്ന് പറയുമ്പോൾ ആരുടെ പേരായിരിക്കും നമ്മുടെ മനസിൽ ആദ്യം വരിക, അംബാനിയുടേതോ അദാനിയുടേതോ ? എങ്കിലും ചിലരെങ്കിലും മാറി ചിന്തിക്കും. ബ്രിട്ടീഷ് രാജകുടുംബം ആയിരിക്കും പട്ടികയിൽ ഒന്നാമത് എന്ന് കരുതുന്നവരും ഉണ്ടാവും. എന്നാൽ ഈ പട്ടികയിൽ ഇന്ത്യൻ ശത കോടീശ്വരൻ മുകേഷ് അംബാനിയുടെ കുടുംബത്തേക്കാൾ മുന്നിൽ നിൽക്കുന്ന മറ്റൊരു കുടുംബമുണ്ട്.
അധികമാർക്കും അറിയില്ലെങ്കിലും അബുദാബിയിലെ അതിസമ്പന്നരായ അൽ നഹ്യാൻ കുടുംബമാണ് ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം എന്നറിയപ്പെടുന്നത്. 2023ൽ പുറത്തിറക്കിയ ബ്ലൂംബെർഗ് പട്ടിക പ്രകാരം ഇവർ സമ്പത്തിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. ഇവരുടേത് ഒരു സാധാരണ കുടുംബം അല്ലെന്ന് ഓർക്കണം, യുഎഇയിലെ രാജകുടുംബമാണ് ഇവരുടേത്.

നൂറ് തലമുറയ്ക്ക് കഴിയാൻ ഉള്ളത്രയും സമ്പത്ത് കൈയ്യടക്കി വച്ചിരിക്കുന്ന അൽ നഹ്യാൻ കുടുംബത്തിന്റെ ആസ്‌തികളിൽ ചിലത് കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഏകദേശം 4000 കോടി വിപണി മൂല്യം കണക്കാക്കുന്ന വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. അപ്പോൾ തന്നെ അവരുടെ സമ്പത്തിന്റെ വ്യാപ്‌തി എത്രത്തോളം ആണെന്ന് വ്യക്തമായല്ലോ.
അത് മാത്രമല്ല 700 കാറുകളാണ് ഇവർക്ക് സ്വന്തമായുള്ളത്. കൂടാതെ കുടുംബത്തിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ആഡംബരവും അഴകും ഒത്തുചേർന്ന എട്ടോളം പ്രൈവറ്റ് ജെറ്റ് വിമാനങ്ങളും സ്വന്തമായുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഈ വർഷം ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഏകദേശം 25,33,113 കോടി രൂപയാണ് ഇവരുടെ ആസ്‌തി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രസിഡന്റും, രാഷ്ട്രത്തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ കുടുംബത്തിന്റെ തലപ്പത്ത്. ഇലോൺ മസ്‌കിന്റെ സ്വപ്‌ന ബഹിരാകാശ പദ്ധതിയായ സ്പേസ് എക്‌സ്, റിഹാനയുടെ പ്രമുഖ അടിവസ്ത്ര ബ്രാൻഡായ സാവേജ് എക്‌സ് ഫെന്റി എന്നിങ്ങനെയുള്ള കമ്പനികളിൽ ഇവർ വൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വമ്പൻ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ഇവർ മുൻപിൽ വലിയ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത പ്രമുഖ ബ്രാൻഡുകളുടെ സ്ഥാപകരുടെ കുടുംബങ്ങൾ വേറെയുമുണ്ട്. ഉദാഹരണത്തിന്, രണ്ടാമത് പട്ടികയിൽ ഇടം നേടിയിട്ടുള്ളത് വാൾട്ടൺ കുടുംബമാണ്. വാൾമാർട്ട് എന്ന കമ്പനിയുടെ ഉടമസ്ഥരായ ഇവരുടെ സമ്പത്ത് ഏകദേശം 259.7 ബില്യൺ ഡോളർ ആണെന്നാണ് കണക്ക് കൂട്ടുന്നത്.
ഇതിന് പിന്നാലെ ഹെമിസ് കുടുംബം മൂന്നാമതുണ്ട്. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ കമ്പനിയുടെ ഉടമസ്ഥരായ ഇവരുടെ ആസ്‌തി ഏകദേശം 150.9 ബില്യൺ ഡോളർ ആണ്. നാലാമത് മാർസ് കുടുംബമാണ്. ലോക പ്രശസ്‌ത ചോക്കലേറ്റ് കമ്പനിയായ മാർസിന്റെ ഉടമസ്ഥരായ ഇവരുടെ സമ്പാദ്യം ഏകദേശം 141.9 ബില്യൺ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications