എട്ടാം ക്ലാസ് തോറ്റ പയ്യൻ, സ്ഥാപിച്ചത് 49,698 കോടി മൂല്യമുള്ള ബാങ്ക്; ഇതാണ് സഞ്ജയ് അഗർവാൾ മാതൃക
ഇന്ത്യൻ വാണിജ്യമേഖലയിൽ ആരെയും പ്രചോദിപ്പിക്കുന്ന ജീവിത കഥകൾക്ക് ഉടമകളായ ഒട്ടേറെ ബിസിനസുകാരുണ്ട്. കുറഞ്ഞ കാലം കൊണ്ട് സ്വന്തം അധ്വാനത്താൽ വലിയ ഉയരങ്ങൾ കീഴടക്കിയ ഇത്തരം ആളുകൾ ഒരുപക്ഷേ സമൂഹത്തിന്റെ പല തുറയിലായി കഴിയുന്നുണ്ട്. അങ്ങനെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവിന്റെ കഥ പറയാനുള്ള വ്യക്തിയാണ് സഞ്ജയ് അഗർവാൾ, രാജ്യത്തെ പുതുതലമുറ ശതകോടീശ്വരന്മാരിൽ ഒരാൾ.
കേവലം 20 വർഷത്തിനുള്ളിൽ ഒരു ചെറിയ ഫിനാൻസ് കമ്പനിയിൽ നിന്ന് തുടങ്ങിയ തന്റെ കമ്പനിയെ ഒരു സമ്പൂർണ്ണ ബാങ്കാക്കി മാറ്റിയ സഞ്ജയ് അഗർവാൾ നിലവിൽ രാജസ്ഥാനിൽ നിന്നുള്ള ഏറ്റവും ധനികരുടെ കൂട്ടത്തിലാണ് ഉൾപ്പെടുന്നത്. സ്വന്തം പാത സ്വയം വെട്ടിത്തളിച്ച് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് അദ്ദേഹം.

നിലവിൽ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമാണ് അദ്ദേഹം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ ബിസിനസിലേക്ക് കടന്ന സഞ്ജയ് വിശ്വാസ്യതയുള്ള ഒരു ധനകാര്യ സ്ഥാപനം ഉണ്ടാക്കിയെടുത്തുകൊണ്ടാണ് തന്റെ വഴി വെട്ടിത്തെളിച്ചത്. ഇന്ന് ആ കമ്പനിയുടെ വിപണി മൂല്യം ഏതാണ്ട് 49,698 കോടി രൂപയോളം വരുമെന്നാണ് കണക്ക് കൂട്ടൽ.
എട്ടാം ക്ലാസ് തോറ്റ സഞ്ജയ് അഗർവാൾ ഇന്ന് കാണുന്ന നിലയിൽ വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് തന്റെ കഠിനാധ്വാനവും അർപ്പണ മനോഭാവവും കൊണ്ടാണ്. ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാവാൻ ആഗ്രഹിച്ച സഞ്ജയ് ബാങ്ക് സ്ഥാപിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. രാജസ്ഥാൻ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ എഞ്ചിനീയറായിരുന്നു സഞ്ജയുടെ പിതാവ്.
അജ്‌മീറിലെ ഗവൺമെൻ്റ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, ചാർട്ടേഡ് അക്കൗണ്ടിംഗിൽ കരിയർ മുന്നോട്ട് കൊണ്ട് പോവാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഇതിനായി അദ്ദേഹം ഒരു സ്ഥാപനത്തിൽ ചേരുകയും പഠനം തുടരുകയും ചെയ്‌തു. എന്നാൽ ഈ പരീക്ഷയിൽ രണ്ട് വട്ടം പരാജയപ്പെട്ടതോടെ താൻ മാനസികമായി തകർന്നുവെന്ന് മുൻപ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് സിഎ പരീക്ഷ പാസായതിന് ശേഷം സഞ്ജയ്‌ക്ക് മുംബൈയിൽ ജോലി കിട്ടിയിരുന്നു. പക്ഷേ അദ്ദേഹം ജയ്‌പൂരിൽ തന്നെ തുടരാനും സ്വന്തം കമ്പനി ആരംഭിക്കാനുമായിരുന്നു തീരുമാനം എടുത്തത്. കൈയിൽ പണമില്ലാതിരുന്നിട്ടും തന്റെ ഫിനാൻസ് കമ്പനിയിൽ നിക്ഷേപിക്കാൻ 25കാരനായ സഞ്ജയ് പ്രദേശത്തെ ബിസിനസുകാരെ പ്രേരിപ്പിക്കുകയായിരുന്നു.
അങ്ങനെയാണ് സഞ്ജയ് അഗർവാളിന്റെ തുടക്കം. ഇതിനിടെ 2002ൽ എച്ച്ഡിഎഫ്‌സിയുമായുള്ള സഹകരണവും മോത്തിലാൽ ഓസ്വാളിൽ നിന്നുള്ള മൂലധന നിക്ഷേപവും ഒക്കെയായി നിരവധി സുപ്രധാന നാഴികക്കല്ലുകളാണ് കമ്പനി പിന്നിട്ടിരുന്നു. ഒടുവിൽ 2017ൽ, സഞ്ജയ് അഗർവാൾ തന്റെ കമ്പനിയെ എയു സ്മോൾ ഫിനാൻസ് ബാങ്കാക്കി മാറ്റി, രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ധനസഹായവുമില്ലാതെ ആരംഭിച്ച കമ്പനിയായിരുന്നു ഇതെന്ന് കൂടി ഓർക്കണം.
ജയ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയു സ്മോൾ ഫിനാൻസ് ബാങ്ക്, രാജ്യവ്യാപകമായി 1000ലധികം ശാഖകളിലൂടെ 30 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. നിലവിൽ സഞ്ജയ് അഗർവാളിന്റെ ആസ്‌തി ഏതാണ്ട് 10026 രൂപയിൽ അധികമാണെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications