അംബാനിയെ പൂട്ടാൻ അദാനി ഇറങ്ങുന്നു; പെട്രോ കെമിക്കൽ രംഗത്തേക്ക് ചുവടുവെപ്പ്, ഒപ്പം തായ്‌ലൻഡ് കമ്പനിയും
ന്യൂഡൽഹി: രാജ്യത്തെ പെട്രോ കെമിക്കൽ, റിഫൈനറി മേഖലയിൽ സ്വാധീനം ചെലുത്താനുള്ള നിർണായക നീക്കവുമായി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി തായ്‌ലൻഡിലെ ഇൻഡോരമ റിസോഴ്‌സസ് ലിമിറ്റഡുമായി സഹകരിച്ചുകൊണ്ട് പുതിയ സംയുക്ത സംരംഭം ആരംഭിച്ചിരിക്കുകയാണ് ശത കോടീശ്വരനായ ഗൗതം അദാനിയുടെ കമ്പനി. ഊർജ മേഖലയിലേക്ക് കൂടി പ്രവർത്തനം വിപുലീകരിക്കുക എന്ന കമ്പനി നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ അദാനി പെട്രോകെമിക്കൽസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇൻഡോരമ സംയുക്ത സംരംഭം ആരംഭിച്ചിരിക്കുന്നത്. സ്‌റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാലോർ പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ സംരംഭം പ്രവർത്തിക്കുക.

അദാനി പെട്രോകെമിക്കൽസിനും ഇൻഡോരമയ്ക്കും സംയുക്ത സംരംഭത്തിൽ 50 ശതമാനം വീതം ഓഹരികളാണ് സ്വന്തമായുണ്ടാവുക. റിഫൈനറി, പെട്രോകെമിക്കൽ, കെമിക്കൽ മേഖലയിലെ ബിസിനസ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപിഎൽ അഥവാ വാലോർ പെട്രോകെമിക്കൽസ് ലിമിറ്റഡ് രൂപീകരിച്ചിരിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
രാജ്യത്തെ വിവിധ മേഖലകളിൽ ഓയിൽ റിഫൈനറികൾ, പെട്രോകെമിക്കൽ കോംപ്ലക്‌സുകൾ, സ്പെഷ്യാലിറ്റി കെമിക്കൽ യൂണിറ്റുകൾ, ഹൈഡ്രജനും അനുബന്ധ കെമിക്കൽസ് പ്ലാന്റുകൾ എന്നിവയും മറ്റ് സമാന യൂണിറ്റുകളും ഘട്ടം ഘട്ടമായി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് കമ്പനി അദാനി പെട്രോകെമിക്കൽസ് എന്ന അനുബന്ധ സ്ഥാപനം ഉണ്ടാക്കിയത്.
നേരത്തെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഗുജറാത്തിലെ പെട്രോകെമിക്കൽ കോംപ്ലക്‌സിൽ 4 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിക്കാൻ കമ്പനി ഒരുങ്ങുന്നതായി അറിയിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ നീക്കവുമായി കമ്പനി രംഗത്ത് വന്നിരിക്കുന്നത്. ഘട്ടം ഘട്ടമായി നിർമിക്കുന്ന 2 ദശലക്ഷം ടൺ പിവിസി കപ്പാസിറ്റിയാണ് കമ്പനിയുടെ ആദ്യ വലിയ സംരംഭം.
2026-ഓടെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1 ദശലക്ഷം ടൺ പിവിസി പ്ലാന്റിന്റെ നിർമ്മാണമാണ് ഇതിൽ നടക്കുക. തുല്യ ശേഷിയുടെ രണ്ടാം ഘട്ടം 2027 ആദ്യത്തോടെ കമ്മീഷൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇടിത്തീ പോലെ വന്ന ഹിൻഡൻബർഗ് റിപ്പോർട്ടാണ് പ്ലാന്റിന്റെ നിർമ്മാണം വൈകാൻ ഇടയാക്കിയത്.
കൂടാതെ അദാനി പെട്രോകെമിക്കൽസ് ഗുജറാത്തിലെ മുന്ദ്രയിൽ ഭീമൻ പിവിസി പ്ലാന്റ് ഉൾപ്പെടുന്ന പെട്രോകെമിക്കൽ ക്ലസ്‌റ്റർ വികസിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഏകദേശം 35,000 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പ്ലാന്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പിവിസി നിർമ്മാണ കേന്ദ്രമായിരിക്കും എന്നാണ് കണക്കാക്കുന്നത്.
അതേസമയം, അദാനിയുടെ കടന്നുവരവ് ഭീഷണിയാവുക ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനായിരിക്കും. വരുന്ന വർഷത്തോടെ 25 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് എന്ന നിലയിലേക്ക് പെട്രോ കെമിക്കൽ മേഖല മാറാനിരിക്കെയാണ് അദാനിയുടെ വരവ്. ഇതോടെ മേഖലയിൽ രാജ്യത്തെ രണ്ട് വമ്പന്മാർ തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് വഴിയൊരുങ്ങുന്നത്.












Click it and Unblock the Notifications