ആലിയ ഭട്ടിന് 550 കോടിയുടെ ആസ്തി, ബിസിനസ് ലോകത്തും താരറാണി; 6 നിക്ഷേപങ്ങള്‍ ഇങ്ങനെ
മുംബൈ: ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. സ്‌ക്രീനില്‍ വിസ്മയം തീര്‍ക്കുന്ന ആലിയ ഭട്ട് ബിസിനസ് ലോകത്തും ഇപ്പോള്‍ താരറാണിയാണ്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ സമ്പന്ന നടിമാരില്‍ ഒരാളായി ഉയരാന്‍ ആലിയക്ക് സാധിച്ചിരുന്നു. അതിന് പ്രധാന കാരണം സിനിമകള്‍ മാത്രമല്ല, മറിച്ച് ബിസിനസ് ലോകത്ത് ആലിയക്കുണ്ടായ വളര്‍ച്ചയാണ്.
സിനിമ നിര്‍മാണം അടക്കം വരുമാനം ആലിയക്ക് നല്‍കുന്നുണ്ട്. ഡാര്‍ലിങ്ങ്‌സിന് ശേഷം ആലിയയുടെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന രണ്ടാമത്ത ചിത്രമാണ് ജിഗ്‌റ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്തത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ സഹനിര്‍മാതാവാണ്.

ആലിയ ഭട്ടിന് 550 കോടിയുടെ ആസ്തിയാണ് ഉള്ളത്. നിരവധി ബ്രാന്‍ഡുകളില്‍ ആലിയക്ക് നിക്ഷേപങ്ങളുണ്ട്. അതില്‍ ആദ്യത്തേത് സ്വന്തം നിര്‍മാണ കമ്പനി തന്നെയാണ്. ആദ്യചിത്രമായ ഡാര്‍ലിങ്ങ്‌സ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു, ആലിയ എന്നിവരായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്.
സ്ട്രീമിംഗ് ഭീമന്‍മാരായ നെറ്റ്ഫ്‌ളിക്‌സ് ഈ ചിത്രം വാങ്ങിയത് 80 കോടി രൂപയ്ക്കാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് റെക്കോര്‍ഡ് തുകയാണ്. ഉറപ്പായും ആലിയക്ക് ലാഭം കിട്ടിയുണ്ടാവും. വസന്‍ ബാലയുടെ ജിഗ്‌റയ്ക്കും മികച്ച റിവ്യൂവാണ് ലഭിച്ചത്. മികച്ച ഓപ്പണിംഗും ചിത്രത്തിനുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് പതിനൊന്ന് കോടിയോളമാണ് ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയത്.
ആലിയ ഭട്ടിന് തുണിത്തരങ്ങളുടെ ബ്രാന്‍ഡും സ്വന്തമായിട്ടുണ്ട്. എഡ് എ മമ്മ എന്ന ഈ ബ്രാന്‍ഡ് ഏറെ പ്രശസ്തമാണ്. എല്ലാം ഇക്കോ ഫ്രണ്ട്‌ലി അപ്പാരലുകളാണ്. രണ്ട് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കുള്ളതാണ് ഈ ബ്രാന്‍ഡ്. ഒരു വര്‍ഷത്തിനുള്ളില്‍ 150 കോടിയുടെ ബിസിനസ് ഈ ബ്രാന്‍ഡ് ഉണ്ടാക്കിയിരുന്നു. ഇഷാ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ കമ്പനിയില്‍ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റൈല്‍ ക്രാക്കറിലും നടിക്ക് നിക്ഷേപമുണ്ട്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അര്‍ച്ചന വാലാവാല്‍ക്കറും ധിമാന്‍ ഷായുമാണ് ഇതിന്റെ മറ്റ് ഉടമകള്‍. നൈക്കയിലും ആലിയക്ക് 4.95 കോടിയുടെ നിക്ഷേപമുണ്ട്. ഇതിലെ വരുമാനം 54 കോടിയായി 2021ല്‍ ഉയര്‍ന്നിരുന്നു. ഫൂല്‍.കോയിലാണ് ആലിയ നിക്ഷേപിച്ചത്. ഇവര്‍ നേരത്തെ 130 ശതമാനം വളര്‍ച്ച നേടിയിരുന്നു. സൂപ്പര്‍ ബോട്ടംസ് ബേബി-മോം കെയര്‍ ബ്രാന്‍ഡിലും ആലിയക്ക് നിക്ഷേപമുണ്ട്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറുമാണ് നടി.












Click it and Unblock the Notifications