അമിതാഭ് ബച്ചന് ഇങ്ങനെയും ഒരു സഹോദരനോ? കേട്ടിട്ട് പോലുമില്ല; സിനിമയിലേ ഇല്ല, ആസ്തി ഇത്ര
മുംബൈ: അമിതാഭ് ബച്ചനെ അറിയാത്തവരായി ഇന്ന് ഇന്ത്യയില്‍ ആരുമുണ്ടാവില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറായിരുന്നു ബച്ചന്‍. കോന്‍ ബനേഗ ക്രോര്‍പതിയിലൂടെ ടിവി പ്രേക്ഷകര്‍ക്കും ബച്ചന്‍ സുപരിചതനാണ്. പ്രമുഖ കവി ഹരിവംശറായ് ബച്ചന്റെ മകനായിട്ടാണ് ബച്ചന്‍ ജനിച്ചത്. ആരുടെ പിന്തുണയില്ലാതെയാണ് ബച്ചന്‍ ബോളിവുഡില്‍ എത്തിപ്പെടുന്നത്. അവിടെ നിന്നാണ് ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരമായി അമിതാഭ് ബച്ചന്‍ മാറുന്നത്.
ഇന്ന് ബോളിവുഡില്‍ ബച്ചന്‍ കുടുംബം വളരെ വലുതാണ്. അമിതാഭിന്റെ ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, ശ്വേത ബച്ചന്‍, എന്നിവരെ അതുപോലെ എല്ലാവര്‍ക്കും അറിയാം. അഭിഷേകിന്റെ ഭാര്യ ഐശ്വര്വ റായിയും അതുപോലെ പ്രശസ്തയാണ്. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ ആരുമറിയാത്ത ഒരംഗമുണ്ട്. അതാരാണ് എന്ന് നോക്കാം.

അമിതാഭ് ബച്ചന്റെ ഇളയ സഹോദരന്‍ അജിതാഭ് ബച്ചനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അതിന് തീരെ സാധ്യതയില്ലെന്ന് തന്നെ പറയാം. ഇത്ര വലിയ കുടുംബമായിട്ടും അജിതാഭ് മാധ്യമങ്ങള്‍ മുന്നിലോ പൊതുമധ്യത്തിലോ ഒന്നും വരാറില്ല. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് അദ്ദേഹം പൊതുമധ്യത്തില്‍ വരാറുള്ളത്.
ബോളിവുഡിന്റെ ഭാഗമാവാന്‍ പോലും അജിതാഭ് ബച്ചന്‍ ശ്രമിച്ചിട്ടില്ല. എപ്പോഴും ബച്ചന്‍ കുടുംബത്തിന്റെ താരത്തിളക്കത്തില്‍ നിന്ന് അകലം പാലിച്ച് കൊണ്ടുള്ള സ്വകാര്യ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അമിതാഭ് ബച്ചനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു കരിയറാണ് അജിതാഭ് തിരഞ്ഞെടുത്തത്. ബച്ചനെ പോലെ തന്നെ സമ്പന്നനുമാണ് അദ്ദേഹം.
അജിതാഭ് ബിസിനസിലാണ് തിളങ്ങിയത്. അവിടെ വിജയം കൈവരിക്കാനും അദ്ദേഹത്തിനായി. അമിതാഭും സഹോദരനും ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഷേര്‍വുഡ് കോളേജിലാണ് പഠിച്ചത്. അതിന് ശേഷമാണ് ഇവര്‍ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അജിതാഭ് കുറച്ച് വര്‍ഷങ്ങള്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു. അതിന് ശേഷം അദ്ദേഹം ലണ്ടനില്‍ സംരംഭകനെന്ന നിലയില്‍ തിളങ്ങുകയായിരുന്നു. സ്വന്തമായി ബിസിനസ് സാമ്രാജ്യവും അദ്ദേഹം ലണ്ടനില്‍ ഉണ്ടാക്കിയെടുത്തു.
അമിതാഭിനേക്കാള്‍ അഞ്ച് വയസ്സ് പിന്നിലാണ് അജിതാഭ്. മൂന്ന് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറാണ് അജിതാഭ് എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. ക്യുഎ ഹൈഡ്രോകാര്‍ബണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എഎസ്എന്‍ ഹൈഡ്രോകാര്‍ബണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എഎസ്എന്‍ ഇന്നോവേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് അജിതാഭ് എംഡിയായിരിക്കുന്ന കമ്പനികള്‍. ഇരുപത് മില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട് അദ്ദേഹത്തിന്. 116 കോടി രൂപ വരുമിത്.
രമോല ബച്ചനെയാണ് അജിതാഭ് വിവാഹം കഴിച്ചത്. വിവാഹം മുന്നില്‍ നിന്ന് നടത്തി കൊടുത്തത് അമിതാഭ് ബച്ചനാണ്. അജിതാഭിന്റെ മകള്‍ നൈന ബച്ചനെയാണ് നടന്‍ കുനാല്‍ കപൂര്‍ വിവാഹം ചെയ്തത്. ഭീം ബച്ചന്‍, നിലീമ ബച്ചന്‍, നമ്രത ബച്ചന്‍, എന്നിവരും അജിതാഭിന്റെ മക്കളാണ്.












Click it and Unblock the Notifications