ആനന്ദ് അംബാനിയുടെ വിവാഹചിലവ് 5000 കോടിയോ? അതിഥികൾക്കായി 100 വിമാനങ്ങൾ, ഫാൽക്കൺ ജെറ്റും റെഡി
ഇന്ത്യ മാത്രമല്ല ലോകം തന്നെ ഉറ്റുനോക്കുന്ന വിവാഹങ്ങളിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദിന്റെയും രാധിക മെർച്ചന്റിന്റെയും. ഇന്ന് ജൂലൈ പന്ത്രണ്ടിനാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. എന്നാൽ അതിന് മാസങ്ങൾക്ക് മുൻപ് തന്നെ കോടികൾ ഒഴുക്കിയുള്ള പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിവാഹ ആഡംബരത്തിൽ അതിഥികളെ എത്തിക്കുന്നത് പ്രത്യേക വിമാനങ്ങളിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി അംബാനി കുടുംബം നൂറോളം വിമാനങ്ങൾ വാടകയ്ക്ക് എടുത്തുവെന്നാണ് വാർത്തകൾ. കൂടാതെ ഫാൽക്കൺ ജെറ്റുകളും ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖരായ ബിസിനസ് നേതാക്കൾ, സിഇഒമാർ, രാഷ്ട്രീയക്കാർ, ബോളിവുഡ് സെലിബ്രിറ്റികൾ, കായിക താരങ്ങൾ എന്നിങ്ങനെ വലിയൊരു വിഐപി സംഗമം തന്നെ വിവാഹ ചടങ്ങുകളിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് പരിപാടിയിൽ പോപ്പ് ഐക്കൺ ജസ്‌റ്റിൻ ബീബർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ബീബറിനെ 83 കോടിയോളം രൂപ മുടക്കിയാണ് ചടങ്ങിനെത്തിച്ചതെന്നാണ് സൂചന.
തീർന്നിട്ടില്ല അംബാനി കുട്ടിയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ വിവിധ കമ്പനികൾ വിവാഹം കണക്കിലെടുത്ത് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയെന്നാണ് കഴിഞ്ഞ ദിവസം വന്ന വാർത്ത. ബികെസിയിലെ ഗതാഗത നിയന്ത്രണങ്ങൾ കാരണമാണ് ജൂലൈ 12 മുതൽ ജൂലൈ 15 വരെ ഈ ഇളവ് അനുവദിച്ചത് എന്നാണ് സൂചന.
അതേസമയം, ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിനായി അംബാനി കുടുംബം ചെലഴിക്കുന്നത് ഏകദേശം 5000 കോടി രൂപയോളമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ അംബാനി കുടുംബത്തിന്റെ ആസ്‌തിയുടെ വെറും 0.5 ശതമാനം മാത്രം വരുന്ന തുകയാണിതെന്നതാണു പ്രത്യേകത.
ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ ഉൾപ്പെടെയുള്ള ബോളിവുഡിലെ പ്രമുഖ താരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി നേരത്തെ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പതിനാല് വയസിന് മുകളിൽ പ്രായമായുള്ളവർക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ മറ്റ് ബോളിവുഡ് താരങ്ങളും എത്തിയേക്കും.
നേരത്തെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ രണ്ട് ഘട്ടമായി അംബാനി കുടുംബം നടത്തിയിരുന്നു. ഇതിൽ ഗുജറാത്തിൽ നടന്ന ആദ്യഘട്ടത്തിന് മാത്രം 1200 കോടിയോളം രൂപ ചിലവായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ജാംനഗറിൽ വച്ചുനടന്ന ഈ ആഘോഷങ്ങൾക്കും അതിഥികളെ എത്തിക്കാൻ വിമാനങ്ങൾ വാടകയ്ക്ക് എടുത്തിരുന്നു.
കൂടാതെ കാറ്റി പെറി, റിഹാന്ന എന്നിങ്ങനെ സംഗീത ലോകത്തെ വിസ്‌മയങ്ങളും ചടങ്ങിനെത്തി. അന്ന് ബിൽ ഗേറ്റ്‌സ് ഉൾപ്പെടെയുള്ള ആഗോള ബിസിനസ് ടൈക്കൂണുകളും ബോളിവുഡ് നടീനടൻമാരും ഒക്കെയായി മൂന്ന് ദിവസത്തെ ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്. ഇതിന് ശേഷം യൂറോപ്പിലെ ആഡബര ക്രൂയിസിൽ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ രണ്ടാംഘട്ടവും നടന്നിരുന്നു. അത് മെയ് മാസത്തിലായിരുന്നു സംഘടിപ്പിച്ചത്.












Click it and Unblock the Notifications