ഇത് അംബാനി ഡാ; 7508 കോടിയുടെ ആഡംബര കപ്പലിൽ പ്രീ വെഡ്ഡിംഗ് ആഘോഷം, ഇനി കല്യാണ കാത്തിരിപ്പ്
മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളാണ് മുകേഷ് അംബാനി. അംബാനി കുടുംബം ആയതിനാൽ തന്നെ എല്ലാ കാര്യത്തിലും അതിന്റെതായ പ്രൗഢിയും ആഡംബരവും അവർ കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായ ആനന്ദ് അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന രണ്ടാം പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്.
ഈ ആഘോഷങ്ങളുടെ ഒന്നാംഘട്ടം നടന്നത് ഗുജറാത്തിലെ ജാം നഗറിൽ വച്ചായിരുന്നു എങ്കിൽ രണ്ടാം ഘട്ടം യൂറോപ്പിലാണ് നടന്നത്. സെലിബ്രിറ്റി അസൻറ് എന്ന 7508 കോടി രൂപയുടെ ആഡംബരക്കപ്പലിൽ വച്ചായിരുന്നു വിവാഹ പൂർവ സൽക്കാരങ്ങൾ നടന്നത്. മെയ് 29 മുതലാണ് ഈ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ നടന്നത്.

വൻ താര നിര തന്നെയാണ് ഈ ആഘോഷങ്ങളിലും പങ്കെടുത്തത്തെന്നാണ് ലഭ്യമായ വിവരം. സിനിമാ താരങ്ങൾ മാത്രമല്ല വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ ലക്ഷ്വറി ക്രൂസിൽ മാത്രമല്ല ഇറ്റലിയിലെ പോർട്ടോഫിനോയിലും ആഘോഷ പരിപാടികൾ അവർ സംഘടിപ്പിച്ചിരുന്നു.
സെലിബ്രിറ്റി അസൻറ് എന്ന ആഡംബര കപ്പലിൽ ഏകദേശം 800ഓളം വിഐപികൾ ചടങ്ങുകളിൽ പങ്കെടുത്തെന്നാണ് വിവരം. ഇറ്റലിയിൽ നിന്ന് തുടങ്ങി ഫ്രാൻസിന്റെ തെക്കൻ പ്രദേശങ്ങൾ വരെ നീളുന്ന ഏകദേശം 4,380 കിലോമീറ്റർ ദൂരത്തിലുണ്ടാവുന്ന യാത്രയാണ് സംഘടിപ്പിച്ചത്.
കരീന കപുർ, രൺബീർ കപുർ, ആലിയ ഭട്ട്, രൺവീർ സിംഗ്, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, ജാൻവി കപുർ, സാറ അലി ഖാൻ, സുഹാന ഖാൻ, അനന്യ പാണ്ഡേ, ഷാനയ കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ നീണ്ട നിര തന്നെ അണിനിരന്നു. ഈ ചടങ്ങിന്റെ ആകെ ചിലവ് വ്യക്തമല്ലെങ്കിലും ഇതിൽ ഓരോ സ്യൂട്ടിനും കുറഞ്ഞത് ഒരു ദിവസം അറുപത് ലക്ഷം രൂപ എങ്കിലും വാടക ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ സർവീസ് തുടങ്ങിയ പുത്തൻ ആഡംബര കപ്പലായ സെലിബ്രിറ്റി അസെൻ്റ്, മെഡിറ്ററേനിയൻ കടലിലൂടെയാണ് അതിഥികളുമായി സഞ്ചരിക്കാറുള്ളത്. 323 മീറ്റർ നീളമുള്ള ക്രൂയിസിൽ ഒരേസമയം 4,000 യാത്രക്കാരെയും 1,400 സർവീസ് ജീവനക്കാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് എന്നതാണ് പ്രത്യേകത.
അതേസമയം, നേരത്തെ ജാം നഗറിൽ നടന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ചിലവായത് 1200 കോടിയോളം രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ ചടങ്ങിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് എന്നിവരും കൂടാതെ റിഹാന, അക്കോൺ, ദിൽജിത് ദോസഞ്ച് തുടങ്ങിയ കലാകാരൻമാരും അണിനിരന്നിരുന്നു.












Click it and Unblock the Notifications