അനിൽ അംബാനി കണക്ക് കൂട്ടി തന്നെ; 10,000 കോടി ഇറക്കുന്നു, 1000 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്നത് ഈ പദ്ധതി
മുംബൈ: ഇന്ത്യൻ വാണിജ്യ-വ്യവസായ രംഗത്ത് ഒരുകാലത്തെ ഏറ്റവും വലിയ പേരുകളിൽ ഒന്നായിരുന്നു അനിൽ അംബാനിയുടേത്. എന്നാൽ പിന്നീട് ഇടയ്‌ക്കെപ്പോഴോ മത്സരയോട്ടത്തിൽ തളർന്നുവീണ അനിൽ കടക്കെണിയിൽ പെട്ട് തന്റെ സാമ്രാജ്യം അടിയറവ് വെച്ചിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെയും പഴങ്കഥ ആക്കികൊണ്ട് തിരിച്ചുവരവിന്റെ പാതയിലാണ് അദ്ദേഹം. ഏറ്റവും പുതിയ പ്രഖ്യാപനങ്ങളും അതിന്റെ ആക്കം കൂട്ടുന്നതാണ്.
അടുത്ത കാലത്തായി ഞെട്ടിക്കുന്ന പല നീക്കങ്ങളും നടത്തി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന അനിൽ അംബാനി ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. ഏറ്റവും പുതിയ പ്രഖ്യാപനവും വരാനിരിക്കുന്ന വളർച്ചയുടെ ദിശാസൂചന നൽകുന്ന ഒന്നാണ്. അതും അനിൽ അംബാനിയുടെ ഗ്രൂപ്പ് ഒരിക്കലും നിക്ഷേപം നടത്തുമെന്ന് ആരും കരുതാതിരുന്ന മേഖലയിലേക്ക് കൂടി അവർ കാലെടുത്ത് വയ്ക്കുകയാണ്.

അദ്ദേഹത്തിന്റെ പ്രധാന കമ്പനികളിൽ ഒന്നായ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് 10,000 കോടിയുടെ നിക്ഷേപം നടത്താനാണ് ഒരുങ്ങുന്നത്. പുതിയൊരു പ്രതിരോധ പദ്ധതിയിലാണ് അദ്ദേഹം പണമിറക്കുന്നത്. വലിയ നേട്ടമുണ്ടാക്കുമെന്ന് കരുതപ്പെടുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരുങ്ങുന്ന ഇന്റർഗ്രേറ്റഡ് സംവിധാനത്തിലാണ് ഈ വമ്പൻ നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്റർഗ്രേറ്റഡ് ഡിഫൻസ് പദ്ധതിയാവും ഇതെന്നാണ് കരുതപ്പെടുന്നത്. വിവിധ തരത്തിലുള്ള സ്ഫോടകവസ്‌തുക്കൾ, വെടിമരുന്ന്, ചെറിയ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണമായിരിക്കും ഇവിടെ നടക്കുക.
ഇക്കാര്യം കമ്പനി ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ധീരുഭായ് അംബാനി ഡിഫൻസ് സിറ്റി (ഡിഎഡിസി) വികസിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വട്ടാഡ് ഇൻഡസ്ട്രിയൽ മേഖലയിൽ കമ്പനിക്ക് 1000 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഡിഫൻസ് പ്രൊജക്റ്റുകളിൽ ഒന്നായിരിക്കുമെന്നും റിലയൻസ് ഇൻഫ്ര പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു.
നിലവിൽ ടാറ്റ ഗ്രൂപ്പ്, അദാനി, എൽ ആൻഡ് ടി എന്നിവരാണ് ഈ മേഖലയിലെ വമ്പൻമാർ. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത്രയും വലിയ നിക്ഷേപം നടത്തിക്കൊണ്ട് അവരുടെ കൂട്ടത്തിലേക്ക് നടന്നുകയറുകയാണ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രയും. ഇതോടെ മേഖലയിൽ കൂടുതൽ മത്സരം കടുക്കുമെന്നാണ് കരുതപ്പെടുന്നത്.
നിലവിൽ റിലയൻസ് ഇൻഫ്രയുടെ വിപണി മൂല്യം 10073 കോടി രൂപയായാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ വരുന്ന പത്ത് വർഷത്തിനുള്ളിൽ അനുബന്ധ സ്ഥാപനങ്ങൾ മുഖേന നിക്ഷേപം സ്വീകരിച്ചുകൊണ്ട് ഈ പദ്ധതി പൂർത്തിയാക്കുകയാവും അവരുടെ ലക്ഷ്യം. കമ്പനിയുടെ ഉപസ്ഥാപനങ്ങളായ ജയ് ആർമമെന്റ്സ് ലിമിറ്റഡും റിലയൻസ് ഡിഫൻസ് ലിമിറ്റഡും നേരത്തെ തന്നെ ആയുധ നിർമ്മാണത്തിന് സർക്കാരിൽ നിന്ന് ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളതാണ്.
ഇവയെ മുൻനിർത്തിയാവും കമ്പനിയുടെ പ്രവർത്തനം എന്നാണ് കരുതപ്പെടുന്നത്. കൂടാതെ ആഗോള തലത്തിൽ തന്നെ മുൻനിരയിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികളുമായി സഹകരിക്കുന്നതിന്റെ സാധ്യതയും അവർ തേടുന്നുണ്ട്. പുതിയ നീക്കം കൂടി ലക്ഷ്യം കണ്ടാൽ പഴയ നിലയിലേക്കുള്ള അനിൽ അംബാനിയുടെ തിരിച്ചുവരവ് അധികം അകലെയല്ല.












Click it and Unblock the Notifications