പതിനേഴ് തവണ തോറ്റു, ഒടുവിൽ പതിനെട്ടാം തവണ വിജയം; ഇതാണ് 40,000 കോടി മൂല്യമുള്ള ഷെയർചാറ്റ് ശിൽപി
സംരംഭകത്വം എന്നത് പലരുടെയും എക്കാലത്തെയും വലിയ സ്വപ്‌നമായിരിക്കും. അധികം വിദ്യാഭ്യാസ യോഗ്യതകൾ ഒന്നുമില്ലെങ്കിൽ പോലും ഞെട്ടിക്കുന്ന ബിസിനസ് ആശയങ്ങൾ അവതരിപ്പിച്ചു കൊണ്ട് വിപണിയെ കീഴടക്കിയ ഒട്ടേറെ മഹത്തായ മനുഷ്യരുടെ കഥ നമുക്ക് പറയാനുണ്ട്. അവരിൽ പലരും തങ്ങളുടെ കഠിനാധ്വാനവും അർപ്പണ ബോധവും കൈമുതൽ ആക്കിയാണ് നേട്ടങ്ങൾ കൊയ്തെടുത്തത് എന്ന കാര്യം മറക്കരുത്.
എന്നാൽ അങ്ങനെയുള്ളവർ മാത്രമല്ല, ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലികൾ ഉപേക്ഷിച്ചു കൊണ്ട് സംരംഭകർ ആവാൻ കൊതിച്ചൊരു കൂട്ടവുമുണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തിലൊരു വ്യക്തി തുടർ പരാജയങ്ങളിൽ തളരാതെ തന്റെ ലക്ഷ്യം നിറവേറ്റാനായി പരിശ്രമിച്ച് ഒടുവിൽ കോടികണക്കിന് രൂപ വിലമതിക്കുന്ന ഒരു സ്‌റ്റാർട്ടപ്പ് തുടങ്ങിയ കഥ നിങ്ങൾ പലർക്കും അറിയില്ല.

ആ വ്യക്തിയുടെ പേരാണ് അങ്കുഷ് സച്‌ദേവ. ഒരു ഐഐടി ബിരുദ ധാരിയായ അങ്കുഷിനെ സംബന്ധിച്ചിടത്തോളം സ്വന്തം ബിസിനസ് തന്നെയായിരുന്നു സ്വപ്‌നങ്ങളിൽ നിറഞ്ഞുനിന്നത്. എന്നാൽ അത് അത്രയ്ക്ക് എളുപ്പമായിരുന്നില്ല. തന്റെ കഴിവുകൾ മറ്റൊരാളുടെ കീഴിൽ അടിയറവ് വയ്ക്കാൻ തയ്യാറാവാതിരുന്ന അങ്കുഷ് ഒട്ടേറെ പേരുടെ പ്രതിനിധിയാണ്.
പക്ഷേ ബിസിനസിലേക്ക് കാലെടുത്തു വച്ച ശേഷം അങ്കുഷിന് പിന്നീട് പരാജയങ്ങളുടെ നീണ്ട നിര തന്നെയാണ് നേരിടേണ്ടി വന്നത്. ഒന്നും രണ്ടുമല്ല 17 സ്‌റ്റാർട്ടപ്പുകൾ തുടങ്ങിയെങ്കിലും അവയിൽ ഒന്ന് പോലും വിജയിച്ചില്ലെന്നതായിരുന്നു അങ്കുഷിന്റെ ദൗർഭാഗ്യം. എന്നാൽ ഒരിക്കൽ പോലും ബിസിനസ് സ്വപ്‌നം ഉപേക്ഷിക്കാൻ ആ ചെറുപ്പക്കാരൻ തയ്യാറായില്ല.
അങ്ങനെ തന്റെ പതിനെട്ടാമത്തെ ശ്രമത്തിൽ ആ യുവാവ് വിജയം കൊയ്തെടുത്തു. അത് അങ്കുഷിന്റെ പതിനെട്ടാമത്തെ അടവായിരുന്നു. ഇന്ന് ആ കമ്പനി ഇന്ത്യ മുഴുവൻ പ്രശസ്‌തമാണ്, ഷെയർചാറ്റ് എന്ന് കേൾക്കാത്തവർ അധികമൊന്നും ഉണ്ടാവില്ല നമ്മുടെ നാട്ടിൽ. ആ ഷെയർചാറ്റിന്റെ ശിൽപിയാണ് അങ്കുഷ് സച്‌ദേവ.
ഏകദേശം 40,000 കോടി രൂപയാണ് ഇപ്പോൾ കമ്പനിയുടെ മൂല്യമായി കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോം എന്ന ഖ്യാതിയോടെയാണ് ഇപ്പോൾ ഷെയർചാറ്റ് തല ഉയർത്തി പിടിച്ചു നിൽക്കുന്നത്. ഒന്നോ രണ്ടോ ഭാഷകളിലല്ല, ഇന്ന് രാജ്യത്തെ 15 ഭാഷകളിൽ ഷെയർചാറ്റ് സേവനങ്ങൾ ലഭ്യമാണ് എന്നതാണ് ഈ കമ്പനി നേടിയ വിജയത്തെ അടയാളപ്പെടുത്തുന്നത്. കൂടാതെ കോടിക്കണക്കിന് ഉപഭോക്താക്കളുമുണ്ട് ഈ സേവനത്തിന്.
കമ്പ്യൂട്ടർ സയൻസിൽ ഐഐടി കാൺപൂരിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് അങ്കുഷ് ബിസിനസ് സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിച്ചത്. 2015ലാണ് ബിരുദം പൂർത്തിയാക്കിയത്. മൈക്രോസോഫ്റ്റിൽ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ പരിചയവും അങ്കുഷിനെ തുണച്ചു. 2015ൽ ഫരീദ് അഹ്‌സൻ, ഭാനു സിംഗ് എന്നിവരുമായി കൈകോർത്താണ് ഷെയർചാറ്റ് എന്ന കമ്പനി അങ്കുഷ് രൂപീകരിച്ചത്. ഇന്ന് ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രശസ്‌തമാണ് ഈ ആപ്പ്.












Click it and Unblock the Notifications