കുട്ടികൾക്കും വേണ്ടേ ഇൻഷുറൻസ്..? ഈ പോസ്‌റ്റ് ഓഫീസ് പദ്ധതി നിങ്ങളെ സഹായിക്കും, പ്രീമിയം വെറും 20 രൂപ
ഇൻഷുറൻസ് എടുക്കുമ്പോൾ പലപ്പോഴും നാം വിട്ടുപോവുന്ന ഒരു വിഭാഗമാണ് കുട്ടികൾ. ഈ കൊച്ചു പൈതങ്ങൾക്ക് എന്തിനാണ് ഇൻഷുറൻസ്, അവർക്ക് ഇതിന്റെ ആവശ്യമുണ്ടോ..? എന്നൊക്കെയുള്ള ചിന്തകളാവും നമ്മളെ അതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാൽ രോഗാവസ്ഥ, അപകടങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രായപൂർത്തിയായ ആളുകളേക്കാൾ ഭീഷണി നിലനിൽക്കുന്നത് കുട്ടികളുടെ കാര്യത്തിലാണെന്ന് നാം പലപ്പോഴും ഓർക്കാറില്ല.
വീട്ടിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം ഇൻഷുറൻസ് എടുത്ത് വെച്ചവർ പോലും കുട്ടികളുടെ കാര്യത്തിൽ ഒട്ടും അവബോധം വളർത്താത്തത് സങ്കടകരമായ കാര്യമാണ്. നിങ്ങളുടെ കുട്ടിയ്ക്ക് നല്ലൊരു ഇൻഷുറൻസ് പരിരക്ഷ അതും സർക്കാർ വിശ്വാസ്യതയോട് കൂടിയത് ഉറപ്പാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിനുള്ള വഴിയുണ്ട്. അതിനായി ആദ്യം അറിയേണ്ടത് ഒരു പോസ്‌റ്റ് ഓഫീസ് പദ്ധതിയെ കുറിച്ചാണ്.

ബാൽ ജീവൻ ബീമ
പോസ്‌റ്റൽ ലൈഫ് ഇൻഷുറൻസ് നടപ്പിലാക്കുന്ന കുട്ടികൾക്കായുള്ള ഇൻഷുറൻസ് പോളിസിയാണ് ബാൽ ജീവൻ ബീമ. ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് (ആർപിഎൽഐ) സ്‌കീമുകൾക്ക് കീഴിലും ഈ പോളിസി ലഭ്യമാണ്. നിങ്ങൾക്ക് ഈ റൂറൽ ചൈൽഡ് പോളിസി പോസ്‌റ്റോഫീസുകളിൽ നിന്ന് സ്വീകരിക്കുകയും അവിടെ പ്രീമിയംഅടക്കുകയും ചെയ്യാം. ഇന്ത്യ പോസ്‌റ്റിന്റെ വെബ്‌സൈറ്റ് വഴി ഈ പോളിസി ഓൺലൈനായി വാങ്ങാനുള്ള വ്യവസ്ഥയും ഉണ്ട്.
അഞ്ച് വയസ് മുതല്‍ 20 വയസ് വരെയുള്ള ആളുകളെയാണ് ഈ പദ്ധതിയില്‍ ചേർക്കാൻ സാധിക്കുക. പോളിസിയുടമയുടെ രണ്ട് കുട്ടികള്‍ക്ക് വരെയാണ് ഈ നേട്ടം ലഭിക്കുക. പോളിസി ഉടമകളുടെ പ്രായം 45 വയസ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയാണ് പരമാവധി സം അഷ്വേര്‍ഡ് തുക. കുട്ടികള്‍ക്ക് പോളിസി എടുക്കാന്‍ വൈദ്യപരിശോധന ആവശ്യമില്ലെങ്കിലും, കുട്ടി ആരോഗ്യവാനായിരിക്കണം.
കുട്ടികളുടെ പേരിലുള്ള പോളിസി ആണെങ്കിലും പ്രീമിയം അടയ്ക്കേണ്ടത് രക്ഷിതാവാണ്. അഞ്ച് വര്‍ഷത്തേക്ക് തുടര്‍ച്ചയായി പ്രീമിയം അടയ്ക്കണം. പിന്നീട് ഇത് പെയ്‌ഡ്-അപ്പ് പോളിസിയായി മാറും. പോളിസി കാലാവധിക്ക് മുമ്പ് രക്ഷിതാവ് മരിച്ചാല്‍ പ്രീമിയം ഒഴിവാക്കും. കുട്ടി മരിച്ചാല്‍ ബോണസിനൊപ്പം നോമിനിക്ക് സം അഷ്വേര്‍ഡ് തുക ലഭിക്കും.
പോളിസിയില്‍ ലോണ്‍ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. മാത്രമല്ല പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. വെറും 20 രൂപ വരെയാണ് ഈ പദ്ധതിയുടെ പ്രീമിയം തുകയായി നാം മുടക്കേണ്ടത്. പ്രീമിയങ്ങൾ പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications