സ്ഥിര നിക്ഷേപം അത്ര മോശമൊന്നുമല്ല; നിരക്കുകൾ കൂട്ടി സഹായിച്ച് ബാങ്കുകൾ, വേറെന്ത് വേണം..?
ചെറുപ്പം മുതൽക്കേ പലവിധ സമ്പാദ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ ശീലിച്ചവരാണ് നമ്മൾ. അതിൽ നിക്ഷേപ പരിപാടികളും ഏറെയുണ്ട്. ഇപ്പോൾ പുതിയ കാലത്തെ രീതികളായ ഇഎഫ്റ്റി, എസ്എപി, മൂച്വൽ ഫണ്ട് എന്നിവയ്ക്കൊക്കെ മുൻപ് തന്നെ മലയാളികളുടെ സമ്പാദ്യ രീതികളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരു കാര്യമാണ് സ്ഥിര നിക്ഷേപങ്ങൾ എന്നത് നാം ഒരിക്കലും മറക്കരുത്.
ശരിയാണ് ഈ രീതിക്ക് അതിന്റെതായ ദോഷങ്ങളുണ്ട് എന്നത് മറക്കുന്നില്ല. അവയെ ശരിക്കും ദോഷങ്ങൾ എന്ന് പറയുന്നതിലും അഭികാമ്യം ന്യൂനതകൾ എന്ന് പറയുന്നതാവും കൂടുതൽ ശരി. പെട്ടെന്നുള്ള ഇരട്ടിപ്പോ, വമ്പൻ വരുമാനമോ ഒന്നും പ്രതീക്ഷിച്ച് ആരും സ്ഥിര നിക്ഷേപങ്ങളിൽ ചെന്ന് എത്താറില്ല എന്നത് കൊണ്ട് തന്നെ ഇതിന്റെ സുരക്ഷിതത്വം തന്നെയാണ് പ്രധാന ഘടകം.

എന്നാൽ ഇപ്പോഴിതാ സ്ഥിര നിക്ഷേപങ്ങൾ ആകർഷകമാക്കാൻ ബാങ്കുകൾ പരസ്‌പരം മത്സരിക്കുന്ന കാഴ്‌ചയാണ് വിപണിയിൽ കാണാൻ കഴിയുന്നത്. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായി ബാങ്കുകൾ പലിശ നിരക്ക് കൂട്ടാനാണ് തീരുമാനം എടുക്കുന്നത്. ഇതിൽ മുൻനിര ബാങ്കുകളും തങ്ങളുടെ നയം പ്രഖ്യാപിച്ചു കഴിഞ്ഞു.
വായ്‌പാ ആവശ്യത്തിനായി കൂടുതല്‍ പണം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ ഈ നീക്കം. അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തിരഞ്ഞെടുത്ത കാലയളവുകളിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ ഉയര്‍ത്താൻ തീരുമാനിച്ചിരുന്നു.
400 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം വരെ പ്രത്യേക പലിശ നിരക്കും ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2024 മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കാണിത്. കൂടാതെ എസ്.ബി.ഐയുടെ 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 5.75 ശതമാനം മുതല്‍ 6 ശതമാനം വരെയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമെ 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായും, 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായും 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായുമാണ് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്.
മറ്റ് ബാങ്കുകളും ഈ പാത തന്നെയാണ് പിന്തുടരുന്നത്. ബാങ്ക് ഓഫ് ബറോഡ ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.85 ശതമാനം പലിശയാണ് ഡിസംബര്‍ 29 മുതല്‍ വാഗ്‌ദാനം ചെയ്യുന്നത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാവട്ടെ പലിശ നിരക്ക് 7.25 ശതമാനമാണ്.












Click it and Unblock the Notifications