ഒറ്റ വർഷം കൊണ്ട് 277 ശതമാനം നേട്ടമുണ്ടാക്കിയ റെയിൽവേ ഓഹരി; റെയിൽടെൽ കുതിപ്പ് തുടരുമോ? സാധ്യത ഇങ്ങനെ
ഇന്ത്യയിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കുന്നവർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് റെയിൽവേ മേഖലയിൽ നിന്നുള്ള സ്‌റ്റോക്കുകൾക്കാണ്. പല പ്രമുഖ റെയിൽവേ പൊതുമേഖലാ സ്ഥാപനങ്ങളും കൂടുതൽ പേരുടെ ഫേവറൈറ്റ് ലിസ്‌റ്റിൽ ഇടം നേടാൻ കാരണം ഇവ നേടിയെടുത്ത വളർച്ചയാണ്. അതിൽ ഐആർസിടിസി, ഐആർഎഫ്‌സി തുടങ്ങിയ പ്രമുഖർ മാത്രമല്ല ഉള്ളത്.
റെയിൽടെൽ പോലെയുള്ള മികച്ച നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികളെയും വിസ്‌മരിക്കാൻ പാടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ഏകദേശം 277 ശതമാനം നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കിയത്. വെള്ളിയാഴ്‌ച 7.48 ശതമാനം ഉയർന്ന് 408.55 രൂപയിലാണ് അവസാനമായി ഇതിന്റെ വ്യാപാരം നടന്നത്.

ഈ വില പരിഗണിക്കുമ്പോൾ, അതിന്റെ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മൂല്യമായ 459.30 രൂപയിൽ നിന്ന് 11.05 ശതമാനം ഇടിവുണ്ടായി എന്നത് യാഥാർഥ്യമാണ്. ഈ വർഷം ആദ്യം ജനുവരി 25 നായിരുന്നു റെയിൽടെൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയത്. റെയിൽവേ ഓഹരികളിലെ മിന്നുംതാരം തന്നെയാണ് റെയിൽടെൽ.
എന്നിരുന്നാലും, മൾട്ടിബാഗർ റെയിൽ പിഎസ്‌യു സ്‌ക്രിപ്‌റ്റ് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയായ 96.20 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 324.69 ശതമാനം ഉയർന്നു എന്നത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണ്. കഴിഞ്ഞ വർഷം മാർച്ച് 28നായിരുന്നു ഈ ഓഹരി ഏറ്റവും താഴ്ന്ന നിലവാരമായ 96.20 രൂപയിൽ എത്തിയത്. അവിടെ നിന്ന് പിന്നീട് ഈ ഓഹരിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
അതേസമയം, വിപണിയിലെ സാങ്കേതിക വിശകലന വിദഗ്‌ധർ ഇപ്പോഴും ഈ ഓഹരിക്ക് മുന്നേറ്റം ഉണ്ടാകുമെന്ന വിലയിരുത്തലാണ് പങ്ക് വയ്ക്കുന്നത്. 400-370 രൂപ മേഖലയ്ക്ക് ചുറ്റും ഇത് നിലനിൽക്കും എന്നാണ് കരുതുന്നത്. നിലവിൽ ഇതിന്റെ ലക്ഷ്യവിലയായി കണക്കുന്നത് 468 രൂപയാണ്.
നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി പറയുകയാണ് ഒരു മിനി രത്‌ന പൊതുമേഖലാ സ്ഥാപനമാണ് റെയിൽടെൽ കോർപ്പറേഷൻ. ഒരു ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി ദാതാവാണ് കമ്പനി. കൂടാതെ പാൻ-ഇന്ത്യ ഒപ്‌റ്റിക് ഫൈബർ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാക്കളിൽ ഒരാളുമാണ്. 2023 ജൂൺ വരെ കമ്പനിയിൽ സർക്കാരിന് 72.84 ശതമാനം ഓഹരിയാണുള്ളത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications