അദാനിയും ഹിന്ദുസ്ഥാനും ഒക്കെ വിയർക്കും; മുകേഷ് അംബാനി ഇഷയ്ക്ക് വേണ്ടി കരുനീക്കം തുടങ്ങി, ഇതാണ് കാര്യം
മുംബൈ: കൈവച്ച മേഖലകളിൽ എല്ലാം തന്നെ വിജയക്കൊടി പറത്തിയാണ് അംബാനി കുടുംബത്തിന്റെ ശീലം. അതുകൊണ്ട് തന്നെ അവർ കൂടുതൽ മേഖലകളിൽ മുന്നിലെത്താനുള്ള ശ്രമങ്ങൾ എപ്പോഴും നടത്തി വരാറുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് പോലെയൊരു വലിയ സ്ഥാപനത്തിനേക്കാൾ താരതമ്യേന ചെറുത് പറയാമെന്ന റിലയൻസ് റീട്ടെയിൽ അംബാനി ഗൗരവമായി തന്നെ കാണുന്ന സംരംഭമാണെന്ന് പലകുറി തെളിയിച്ചതാണ്.
ഇപ്പോഴിതാ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മറ്റൊരു നീക്കം കൂടി മുകേഷ് അംബാനി നടത്തുകയാണ്. ഇഷ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് റീട്ടെയിൽ അവരുടെ എഫ്എംസിജി വിഭാഗം പുനഃക്രമീകരിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ലഭ്യമായ വിവരം. നിരവധി സ്വകാര്യ ബ്രാൻഡുകൾ ഉൾപ്പെടുന്ന അവരുടെ പോർട്ട് ഫോളിയോ കമ്പനിയുടെ പുതിയ എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്സ് ലിമിറ്റഡിന് കൈമാറാനാണ് നീക്കം.

ഇതിലൂടെ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും വളർച്ച കൂടുതൽ വേഗത്തിലാക്കാനുമാണ് കമ്പനിയുടെ ശ്രമം. കൈമാറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്വകാര്യ ലേബലുകളിൽ സ്‌നാക്റ്റക്, പ്യൂരിച്ച്, ഗ്ലിമ്മർ, എൻസോ, ഗെറ്റ് റിയൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കൂടുതൽ ക്യാമ്പ ഡ്രിങ്കിനായി കൂടുതൽ ബോട്ടിലിംഗ് പ്ലാന്റുകൾ സ്ഥാപിക്കാനും ആർസിപിഎൽ പദ്ധതിയിടുന്നു.
ഇതിന് പുറമേ ഈ വിപുലീകരണത്തിന് കൂടുതൽ കരുത്ത് പകരാനായി പകരാൻ, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ഇക്വിറ്റിയിലൂടെയും കടത്തിലൂടെയും 3,900 കോടി രൂപ വരെ ആർസിപിഎല്ലിൽ നിക്ഷേപിക്കും എന്നും അറിയിച്ചിട്ടുണ്ട്. ഈ സുപ്രധാന നിക്ഷേപം ഇന്ത്യയുടെ എഫ്എംസിജി മേഖലയിലെ ഒരു പ്രധാനി എന്ന നിലയിൽ ആർസിപിഎല്ലിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കും എന്നാണ് കരുതുന്നത്.
ഭീഷണിയാവുക അദാനി ഉൾപ്പെടയുള്ള വമ്പൻമാർക്ക്
റിലയൻസിന്റെ റീട്ടെയിൽ ബിസിനസുകളുടെ കൈവശക്കാരൻ എന്ന നിലയിൽ, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ഇനി ഇന്ത്യയിലെ മറ്റ് പ്രമുഖ ബ്രാൻഡുകളുമായി നേരിട്ട് ഏറ്റുമുട്ടും. ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, കൊക്കകോള, അദാനി വിൽമർ തുടങ്ങിയ വ്യവസായ ഭീമന്മാരുമായി മത്സരിക്കാനായിരിക്കും ആർപിസിഎൽ ശ്രമിക്കുക.
ഇതിനകം തന്നെ ശ്രീലങ്കൻ കമ്പനികളായ എലിഫന്റ് ഹൗസ്, മാലിബൻ ബിസ്‌ക്കറ്റ് എന്നിവയുമായി തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി റിലയൻസ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇനി പുതിയ നീക്കം കൂടിയാവുമ്പോൾ റിലയൻസ് മറ്റാരേക്കാളും മുന്നിലെത്തും എന്നതാണ് യാഥാർഥ്യം.
നിലവിൽ മുകേഷ് അംബാനിയുടെ മകൾ ഇഷയ്ക്കാണ് ഈ ബിസിനസിന്റെ ചുമതല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ റിലയൻസ് റീട്ടെയിൽ വലിയ തോതിൽ മുന്നേറ്റം നടത്തിയത് ഇഷയുടെ നേതൃത്വത്തിന് കീഴിലായിരുന്നു. നിലവിൽ ഒരുലക്ഷം കോടിയിലധികം മൂല്യമുള്ള നിലയിലേക്ക് കമ്പനി വളരുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications