സിനിമാ കമ്പനി മുതൽ സ്‌കൂളും ഹോട്ടലും വരെ; ധോണിയുടെ ബിസിനസ് സാമ്രാജ്യത്തിന് 1040 കോടി മൂല്യം..!
ഒരു സാധാരണ റെയിൽവേ ടിടിഇയ്ക്ക് ജീവിതത്തിൽ എത്രത്തോളം ഉയരത്തിൽ എത്താൻ സാധിക്കും എന്ന് ചോദിച്ചാൽ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന പണവും അതുവരെയുള്ള ശമ്പളവും ഒക്കെ കൂടി ചേർത്താലും സിറ്റിയിൽ നിന്ന് ദൂരെമാറി ഒരു ഇടത്തരം വീട് വയ്ക്കാനും വാഗൺആർ പോലെയൊരു ഹാച്ച്ബാക്ക് കാറ് വാങ്ങാനും സാധിച്ചേക്കും. എന്നാൽ റാഞ്ചിയിലെ ഒരു സാധാരണ റെയിൽവേ ടിടിഇയിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളിലേക്കുള്ള എംഎസ് ധോണിയുടെ വളർച്ച ട്രെയിൻ കുതിക്കുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല.
ധാരാളം ജീവിത പ്രതിസന്ധികളുമായി പടവെട്ടി ധോണി നേടിയെടുത്ത ഈ സ്ഥാനത്തിന് ഇന്ന് 1040 കോടി എന്ന വലിയ സംഖ്യയുടെ വിലയുണ്ട്. അതെ ചുരുളൻ മുടിയുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ മോശം കാലത്തേക്ക് കയറി വന്നവൻ ഇന്ന് എത്തി നിൽക്കുന്നത് ആയിരം കോടിക്കും അപ്പുറം മൂല്യമുള്ള വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ തലപ്പത്താണ്, അതാണല്ലോ ജീവിതത്തിന്റെ ഭംഗിയും.

ചെറുതും വലുതുമായ ഒട്ടേറെ ബിസിനസ് സംരംഭങ്ങളാണ് ഇന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിലുള്ളത്. അതിൽ ചിലതൊക്കെ എല്ലാവർക്കും അറിയുന്നതാണ്. ധോണി എന്റർടൈൻമെന്റസ് എന്ന പേരിലുള്ള സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ പ്രഖ്യാപനവും ആദ്യ ചിത്രത്തിന്റെ റിലീസുമൊക്കെ വമ്പൻ ചടങ്ങുകൾക്കായി നടന്നു കഴിഞ്ഞതിനാൽ അതൊക്കെ പൊതു മധ്യത്തിലുണ്ട്. ഏതാണ്ട് 800 കോടിക്ക് മുകളിലാണ് ഈ കമ്പനിയുടെ മാത്രം മൂല്യം.
ഇത് കൂടാതെ പ്രമുഖ ക്ലോത്തിംഗ് ബ്രാൻഡായ സെവൻ എന്ന സ്‌പോർട്‌സ് കമ്പനിയും ധോണിയുടെ ഉടമസ്ഥതയിൽ ഉണ്ടെന്ന കാര്യം പലർക്കും അറിയാവുന്നതാണ്. എന്നാൽ ഇതിനും അപ്പുറം അധികമാരും അറിയാത്ത എന്നാൽ വളരെ വലിയ ചില ബിസിനസ് മേഖലകളിൽ കൂടി ധോണി തന്റെ കാൽപ്പാട് പതിപ്പിച്ചിട്ടുണ്ട്.
റാഞ്ചിയിൽ സ്വന്തമായി ഒരു ആഡംബര ഹോട്ടൽ തന്നെ ധോണിയുടെ പേരിലുണ്ട് എന്നത് നമ്മളിൽ പലരും അറിയാത്ത കാര്യമാണ്. ഇതൊരു ഇടത്തരം ഹോട്ടൽ ആണെങ്കിൽ കൂടി പ്രമുഖ ഓൺലൈൻ കമ്പനികളായ മേക്ക് മൈ ട്രിപ്പ്, എയർബിഎൻബി, ഓയോ തുടങ്ങിയവായുടെ വെബ്‌സൈറ്റുകളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതാണ് ധോണിയുടെ ബ്രാൻഡ് വാല്യൂവിന്റെ ശക്തി എന്ന് പറയുന്നതാവും ഉചിതം.
ഹോട്ടൽ മഹി റെസിഡൻസി എന്നാണ് ഈ ഹോട്ടലിന്റെ പേര്. മേഖലയിലെ മികച്ചൊരു സ്ഥാപനം തന്നെയാണിത്. ഇതിന് പുറമെ സിബിഎസ്ഇ പാഠ്യപദ്ധതി വാഗ്‌ദാനം ചെയ്യുന്ന ഇംഗ്ലീഷ് മീഡിയം സ്ഥാപനമായ എംഎസ് ധോണി ഗ്ലോബൽ സ്‌കൂളും ബെംഗളൂരുവിൽ ധോണി സ്‌ഥാപിച്ചിട്ടുണ്ട്. ബെംഗളൂരുകാർക്ക് ഇത് പരിചിതമായിരിക്കും, എന്നാൽ പുറത്തുള്ളവരിൽ പലർക്കും ഇത് അറിയില്ല.
കൂടാതെ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയുമായി സഹകരിച്ച്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് സമഗ്രവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസ അനുഭവം നൽകാനും ശ്രമിക്കുന്നുണ്ട്. ഇത് കൂടാതെ ധോണിയുടെ പ്രശസ്‌തമായ ഹെലികോപ്റ്റർ ഷോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോപ്റ്റർ 7 പുറത്തിറക്കിയ 7ഇങ്ക് ബ്രൂസ് എന്ന പാനീയ ബ്രാൻഡിലും ചോക്ലേറ്റ് കമ്പനിയിലും ധോണിക്ക് കാര്യമായ നിക്ഷേപമുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതൊക്കെയും ധോണിയുടെ ആയിരം കോടി മൂല്യത്തിന് കരുത്ത് പകരുന്ന ഘടകങ്ങളാണ്.












Click it and Unblock the Notifications