ചാരത്തിൽ നിന്നുയർന്ന ഫീനിക്‌സ് പക്ഷിയായി അനിൽ അംബാനി; അന്ന് ദരിദ്രൻ ഇന്ന് ആസ്‌തി 8349 കോടി രൂപ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ റിലയൻസ് ഗ്രൂപ്പിനെ കുറിച്ച് അറിയുന്നവർ എക്കാലവും മുകേഷ് അംബാനിക്ക് തന്നെയാവും പ്രഥമ പരിഗണന നൽകുക. എന്നാൽ അവിടെ ഇളമുറക്കാരനായ അനിലിനെ അധികം ആർക്കും അറിയില്ലെന്നതാണ് വാസ്‌തവം. ഇന്നത്തെ തലമുറയ്ക്ക് അത്രത്തോളം പരിചിതനല്ലെങ്കിലും ഒരു പത്ത് വർഷം മുൻപ് വരെ അനിൽ അംബാനി എന്ന പേര് കേൾക്കാത്തവർ ചുരുക്കമായിരുന്നു.
അക്കാലത്ത് റിലയൻസിന്റെ പരിചിത മുഖങ്ങളിൽ ഒന്നായിരുന്നു അനിൽ അംബാനി. എന്നാൽ പിന്നീട് ചില തിരിച്ചടികളിലൂടെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം താഴോട്ട് പോവുകയായിരുന്നു. ധീരുഭായ് അംബാനിക്ക് ശേഷം തന്നെ ഏൽപ്പിച്ച ബിസിനസുകൾ ഭംഗിയായി നടത്തികൊണ്ട് പോവാനും ഉയരങ്ങളിലേക്ക് എത്തിക്കാനും അനിലിനെ കഴിഞ്ഞിരുന്നു എന്നാൽ വെല്ലുവിളിയായത് ആ വിജയങ്ങൾ നിലനിർത്താൻ കഴിയാതെ പോയി എന്നതാണ്.

പിതാവ് ധീരുഭായ് അംബാനിയുടെ മരണശേഷമാണ് അനിലും മുകേഷ് അംബാനിയും തമ്മിൽ അകന്നത്. ഇടക്കാലത്ത് റീട്ടെയിൽ, ഡിജിറ്റൽ മേഖലകളിലെ മുകേഷ് അംബാനിയുടെ വമ്പൻ മുന്നേറ്റം അനിലിന്റെ കമ്പനിയെയും സാരമായി ബാധിച്ചു എന്ന് വേണം പറയാൻ. ജിയോ ഉൾപ്പെടെ മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസ് കുതിച്ചുയർന്നപ്പോൾ അനിലിന്റെ കമ്പനികൾ താഴേക്ക് പോവുകയായിരുന്നു.
ശരിക്കും അനിൽ അംബാനിയുടെ സാമ്പത്തിക നില എത്രത്തോളം വലുതായിരുന്നു എന്നത് പലർക്കും ഇന്നുമറിയില്ല. അനിൽ അംബാനി ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളായിരുന്നു എന്നതാണ് സത്യം. ലോക കോടീശ്വര പട്ടികയിൽ ആറാം സ്ഥാനം വരെയെത്താൻ അനിൽ അംബാനിക്ക് കഴിഞ്ഞിരുന്നു. അക്കാലത്ത് അനിൽ അംബാനിയുടെ പറയപ്പെടുന്ന ആസ്‌തി\ ഏകദേശം 1.83 ലക്ഷം കോടി രൂപയായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തുടർന്ന് 2020ലായിരുന്നു സാമ്പത്തിക നില മോശമായതിനെ തുടർന്ന് അദ്ദേഹം വിദേശ കോടതിയിൽ പാപ്പരത്ത നടപടികൾക്ക് തുടക്കമിട്ടത്. പിന്നീട് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അദ്ദേഹം. എത്രയോ വർഷങ്ങൾ അദ്ദേഹം വാർത്തകളിൽ നിന്നും, സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധയിൽ നിന്നും അകലം പാലിച്ചു.
എന്നാൽ അനിലിന്റെ കഥ തീർന്നു എന്ന് കരുതിയ ആളുകളുടെ മുൻപിലേക്ക് ഒരിക്കൽ കൂടി ഇപ്പോൾ തന്റെ കഴിവ് എന്താണെന്ന് തെളിയിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ കാലങ്ങളിൽ ഓഹരി വിപണിയിലെ മികച്ച പ്രകടനവുമായി അദ്ദേഹം മികച്ച നിലയിൽ മുന്നോട്ട് നീങ്ങുകയാണ്. റിലയൻസ് പവർ, ഇൻഫ്ര അടക്കം മൂന്നു കമ്പനികളുടെ ബാധ്യത അദ്ദേഹം തീർത്തു.
അദ്ദേഹത്തിന്റെ മക്കളായ ജയ് അൻമോൽ അംബാനിയും, ജയ് അൻഷുൽ അംബാനിയും സഹായത്തിനായി ഒപ്പമുണ്ട്. അനിൽ അംബാനി കൈവശം വയ്ക്കുന്ന ഗ്രൂപ്പിലെ ഓഹരികളുടെ വിൽപ്പന കൂടി വരികയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആസ്‌തിയിലും പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഏകദേശം 8,349 കോടി രൂപയാണ് അനിൽ അംബാനിയുടെ ഇപ്പോഴത്തെ സമ്പാദ്യമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന റിപ്പോർട്ട്.












Click it and Unblock the Notifications