ഇൻകം പ്രൂഫ് ഇല്ലെങ്കിലും ഇനി ടെൻഷൻ വേണ്ട; ക്രെഡിറ്റ് കാർഡ് കീശയിലെത്താൻ വേറെയുമുണ്ട് വഴികൾ, അറിയാം
നമ്മളിൽ ഭൂരിഭാഗം പേരും സാമ്പത്തിക ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകളെയും പേഴ്‌സണൽ ലോണുകളെയും ഒക്കെ ആശ്രയിക്കുന്നവരാണ്. എങ്കിലും സമീപ കാലത്ത് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇത്തരം വായ്‌പാ കാര്യങ്ങളിൽ ഇത്തിരി കൂടുതൽ കണിശത പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നുമുണ്ട്.
പേഴ്‌സണൽ ലോണുകളുടെ കാര്യത്തിൽ ഒട്ടേറെ കടമ്പകൾ നാം കടക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലി, വരുമാനം, കമ്പനി എന്നിവയുൾപ്പെടെ സിബിൽ സ്‌കോർ വരെ എല്ലാ സാമ്പത്തിക കാര്യങ്ങളും മറ്റ് ഇടപാടുകളും അവർ പരിശോധിക്കുക സ്വാഭാവികം. ഇനി ക്രെഡിറ്റ് കാർഡിന്റെ കാര്യമെടുത്താൽ അതിത്തിരി എളുപ്പമാണ് എന്ന് പറയുന്നതാവും ശരി.

ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പേർക്കും എപ്പോഴും തടസ്സമാവുന്ന കാര്യം നിങ്ങളുടെ വരുമാനം തെളിയിക്കുക എന്നതാണ്. അതിന്റെ പ്രധാന കാരണം ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള സേവനങ്ങൾ പ്രധാനമായും മുൻഗണന കൊടുക്കുന്നത് ഓൺലൈൻ പർച്ചേസിനാണ്. അങ്ങനെയുള്ളപ്പോൾ ഡിജിറ്റൽ ഇടപാടുകളാണ് അവരുടെ മുഖ്യ മേഖല.
അതുകൊണ്ട് തന്നെ ശമ്പളം അക്കൗണ്ട് വഴി വരുന്നവർക്ക് വ്യക്തമായ മുൻതൂക്കം ഇക്കാര്യത്തിലുണ്ട് താനും. എന്നാൽ നിങ്ങൾ ശമ്പളം അക്കൗണ്ട് വഴി വാങ്ങുന്ന ആൾ അല്ലെങ്കിൽ അതുകൊണ്ട് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ നിരസിക്കുകയും ചെയ്തെങ്കിൽ ഒരിക്കലും നിങ്ങൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം. നിങ്ങൾക്ക് ക്രെഡിറ്റ് സ്വന്തമാക്കാൻ ഈ വഴികൾ പരീക്ഷിക്കാവുന്നതാണ്.
സ്ഥിര നിക്ഷേപം ഈടായി നൽകി ക്രെഡിറ്റ് കാർഡ്
നിലവിൽ ഏറ്റവുമധികം പേർ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് ക്രെഡിറ്റ് കാർഡുകൾ. നിക്ഷേപത്തുകയുടെ 90 ശതമാനം വരെ ക്രെഡിറ്റ് ലിമിറ്റ് ഉപഭോക്താക്കൾക്ക് ലഭിക്കും. സ്ഥിര നിക്ഷേപത്തിന്റെ പലിശ തുടർന്നും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇതിലൂടെ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡിന്റെ മറ്റ് ആനുകൂല്യങ്ങൾ എല്ലാം പ്രയോജനപ്പെടുത്താം.
ആഡ് ഓൺ കാർഡ് സേവനം
ഒരു ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് അദ്ദേഹത്തിന്റെ ജീവിത പങ്കാളി, രക്ഷിതാക്കൾ തുടങ്ങിയവർക്കായി മറ്റൊരു ആഡ് ഓൺ കാർഡ് നേടിയെടുക്കാം എന്ന വഴി കൂടിയുണ്ട്. ഇവിടെ പ്രാഥമിക ക്രെഡിറ്റ് കാർഡിലും, ആഡ് ഓൺ കാർഡിലും ഒരേ ക്രെഡിറ്റ് പരിധിയായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. പ്രാഥമിക ക്രെഡിറ്റ് കാർഡ് ഉടമ തന്നെയായിരിക്കും ബിൽ ഉൾപ്പെടെ അടക്കേണ്ടി വരിക.
സെക്വർഡ് ക്രെഡിറ്റ് കാർഡ്
മുഴുവൻ സമയ ജോലിയില്ലാത്തവർക്ക് പരിഗണിക്കാവുന്ന ഏറ്റവും നല്ല മാർഗമാണ് ഈ ക്രെഡിറ്റ് കാർഡ് സേവനം. സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ, കൃത്യമായ ശമ്പള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കും ഈ വഴി തേടാവുന്നതാണ്. ഇവിടെ ഒരു നിശ്ചിത തുക ഈടായി നൽകിയാണ് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുക. പിന്നീട് തിരിച്ചടവ് മുടങ്ങിയാൽ ഈ തുകയിൽ നിന്ന് പണം ഈടാക്കുകയാണ് പതിവ്.












Click it and Unblock the Notifications