ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് കഴിഞ്ഞുകൂടുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം ചെറുപ്പക്കാരും. ഉള്ള വരുമാനം കൊണ്ട് എത്രയൊക്കെ ജീവിതം കരുപിടിപ്പിക്കാൻ ശ്രമിച്ചാലും ഒടുവിൽ അതൊന്നും തികയാതെ വരും. അങ്ങനെയാണ് പലപ്പോഴും ചെറുപ്പക്കാർ ക്രെഡിറ്റ് പോലെയുള്ള സാമ്പത്തിക സേവനങ്ങളെ കൂടുതലായി ആശ്രയിക്കാൻ ശ്രമിക്കുന്നത്.
ആദ്യം ചെറിയ ലിമിറ്റുള്ള ബേസിക് കാർഡിൽ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് തുടക്കം കുറിച്ചിട്ടുണ്ടാവുക. എന്നാൽ അവിടെ നിന്ന് ആവശ്യങ്ങൾ കൂടുതൽ വലുതാവുകയും കൂടുതൽ വഴിക് തേടാനും തുടങ്ങുമ്പോൾ കാർഡിലെ ലിമിറ്റും കൂടി വരും. അങ്ങനെയാണ് പൊതുവെയുള്ള സാധ്യതകൾ.

ഒടുവിൽ ഒരു കാർഡും രണ്ട് കാർഡും മതിയാകാതെ വരും. അങ്ങനെ വരവിൽ കവിഞ്ഞ ചെലവിലേക്ക് നമ്മെ ആകർഷിക്കുന്ന ക്രെഡിറ്റ് കാർഡുകൾക്ക് ദോഷങ്ങൾ മാത്രമല്ല ധാരാളം ഗുണങ്ങളുമുണ്ട് എന്ന കാര്യം മറക്കാൻ പാടില്ല. എങ്കിലും നിങ്ങൾ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഉറപ്പായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഇവ പാലിച്ചില്ലെങ്കിൽ നിങ്ങളുടെ സിബിൽ സ്‌കോർ ഉറപ്പായും താഴേക്ക് വീഴും.
ബില്ലുകൾ കൃത്യമായി അടയ്ക്കൽ: രണ്ടോ മൂന്നോ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ പോലും അവ തമ്മിൽ പരസ്‌പരം കൂട്ടിമുട്ടാതെ കൊണ്ട് പോവാൻ പഠിക്കേണ്ടതുണ്ട്. അതിയായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഓരോന്നിലേയും ബില്ലുകൾ കൃത്യമായി മനസിലാക്കി അതിന് അനുസരിച്ച് തന്നെ അവ അടച്ചു തീർക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ക്രെഡിറ്റ് ലിമിറ്റിനേക്കാൾ താഴെ ആയിരിക്കാൻ ശ്രമിക്കുക: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് നിങ്ങളുടെ ക്രെഡിറ്റ് പരിധിക്ക് താഴെ നിലനിർത്താൻ എപ്പോഴും ശ്രമിക്കുക. ഉയർന്ന ക്രെഡിറ്റ് വിനിയോഗ കണക്കുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം.
വാർഷിക ഫീസ്: നിങ്ങൾക്ക് വാർഷിക ഫീസുള്ള ഒന്നിലധികം കാർഡുകൾ ഉണ്ടെങ്കിൽ, ആനുകൂല്യങ്ങൾ ചെലവുകളേക്കാൾ കൂടുതലാണോ എന്ന് വിലയിരുത്തുക. എന്തെന്നാൽ പല ക്രെഡിറ്റ് കാർഡുകൾക്കും ഭീമമായ വാർഷിക ഫീസ് ഈടാക്കുമ്പോൾ പോലും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭ്യമാവാത്ത സാഹചര്യമാണുള്ളത്.
മുഴുവൻ തുകയും അടച്ചു തീർക്കുക: നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഓരോ ബില്ലിലെയും പൂർണമായ തുകയും അടച്ചു തീർക്കാൻ ശ്രമിക്കുക. ഇതിലൂടെ പലിശ നൽകുന്നില്ലെന്ന് ഉറപ്പ് വരുത്താം. എന്തെന്നാൽ വലിയ പലിശ നിരക്കുകളാണ് പല ബാങ്കുകളും ഈടാക്കുന്നത്. അതിനാൽ തന്നെ ഇത്തരം സാഹചര്യം ഒഴിവാക്കാൻ മിനിമം ഡ്യൂ പേമെന്റ് പോലെയുള്ള സൗകര്യങ്ങൾ പാടെ ഒഴിവാക്കേണ്ടതുണ്ട്.
റിവാർഡുകൾ പ്രയോജനപ്പെടുത്തുക: നിങ്ങൾക്ക് ഇടപാടുകൾ മുഖേനയും പർച്ചേസിലൂടെയും ഒക്കെ ലഭിക്കുന്ന റിവാർഡുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള നേട്ടം പൂർണമായി ആസ്വദിക്കാൻ കഴിയുകയുള്ളൂ.












Click it and Unblock the Notifications