ക്രെഡിറ്റ് കാർഡ് ഇങ്ങോട്ട് പണം തരും; പക്ഷേ ഈ കാർഡുകൾ തന്നെ വേണം, ഇനി ക്യാഷ് ബാക്കും റിവാർഡും ഒഴുകും
ക്രെഡിറ്റ് കാർഡുകൾ കേവലം കടമെടുപ്പ് സംവിധാനമായി മാത്രമായി കാണുന്ന കാലമൊക്കെ കഴിഞ്ഞു. പുതു തലമുറയിലെ ചെറുപ്പക്കാർ. തങ്ങൾ ചിലവാക്കുന്ന ഓരോ രൂപയിൽ നിന്നും എത്ര ശതമാനം തിരിച്ചുപിടിക്കാം എന്നാണ് ചിന്തിക്കുന്നത്. അത്തരക്കാർക്ക് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡിലെ വിഭാഗമാണ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകൾ.
ഇത്തരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പർച്ചേസിനും സ്‌പെൻഡിനും അനുസരിച്ച് ക്യാഷ്ബാക്കുകളും, റിവാർഡ് പോയിന്റുകളും നൽകുന്നു എന്നതാണ് പ്രധാനപ്പെട്ട സവിശേഷത. ഇങ്ങനെ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ നിങ്ങൾക്ക് പണത്തിന് തുല്യമായി പിന്നീട് ഉപയോഗിക്കാൻ സാധിക്കുമെതും ഇതിന്റെ മാത്രം പ്രത്യേകതയാണ്. ഏതൊക്കെയാണ് മികച്ച ക്യാഷ്ബാക്ക് കാർഡുകൾ എന്ന് നോക്കാം.

ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്:
ഷോപ്പിംഗ് ആണ് ലക്ഷ്യമെങ്കിൽ, അതും ഇ-കൊമേഴ്‌സ് വമ്പന്മാരായ ഫ്ലിപ്പ്കാർട്ടിലൂടെ ആണെങ്കിൽ ഈ കാർഡ് നിങ്ങൾക്ക് അങ്ങേയറ്റം ഗുണകരമാവും എന്നുറപ്പാണ്. പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ ഓരോ ഉത്സവകാലത്തും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിക്കുന്ന വിലക്കുറവ് ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ ഈ കാർഡിലൂടെ സാധിക്കും.
നിലവിൽ വാർഷിക ഫീസ് 500 രൂപയാണ് ഈ കാർഡിന് മുടക്കേണ്ടത്. ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള വാങ്ങലുകൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, സ്വിഗ്ഗി പിവിആർ മുതലായ വ്യാപാരികൾക്ക് 4 ശതമാനം ക്യാഷ്ബാക്ക് എന്നിവ ഇതിൽ ലഭ്യമാവും.
ആക്‌സിസ് എയ്‌സ് ക്രെഡിറ്റ് കാർഡ്
മറ്റൊരു മികച്ച ക്യാഷ്ബാക്ക് കാർഡുകളിൽ ഒന്നാണ് ഇത്. വാർഷിക ഫീസ്- 499 രൂപയാണ് ഇതിനായി ചിലവാക്കേണ്ടത്. ഗൂഗിൾ പേ വഴിയുള്ള യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾക്കും റീചാർജുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക്, സ്വിഗ്ഗി, സൊമാറ്റോ, ഒല എന്നിവയിൽ ചിലവഴിക്കുന്ന തുകയ്ക്ക് 4 ശതമാനം ക്യാഷ്ബാക്ക് എന്നിങ്ങനെയാണ് ലഭ്യമായ ആനുകൂല്യങ്ങൾ.
കാഷ്ബാക്ക് എസ്ബിഐ കാർഡ്
വളരെ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാവുന്ന എസ്ബിഐയുടെ ഒരു ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് സേവനമാണ് ഇത്. ജോയിനിംഗ് ഫീസ്- 999 രൂപയാണ്. വാർഷിക/ പുതുക്കൽ ഫീസും ഇതിന് തുല്യമാണ്.
എല്ലാ ഓൺലൈൻ ചെലവുകൾക്കും 5 ശതമാനം ക്യാഷ്ബാക്കും, എല്ലാ ഓഫ്ലൈൻ ചെലവുകൾക്കും 1 ശതമാനം ക്യാഷ്ബാക്കും ആണ് എസ്ബിഐ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്.
എച്ച്ഡിഎഫ്‌സി മില്ലേനിയ ക്രെഡിറ്റ് കാർഡ്
രാജ്യത്തെ ഏറ്റവും പ്രമുഖ സ്വകാര്യ ബാങ്കുകളിൽ ഒന്നായ എച്ച്ഡിഎഫ്‌സി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന ഒരു ക്യാഷ്ബാക്ക് കാർഡാണ് മില്ലേനിയ. ഇത് എടുക്കുന്നതിന് 1000 രൂപയാണ് ഫീസ്. കൂടാതെ വാർഷിക ഫീസായി ഇത്ര തന്നെ നൽകേണ്ടി വരും. എന്നാൽ പ്രമുഖ ഓൺലൈൻ ബ്രാൻഡ് പർച്ചേസുകൾക്ക് 5 ശതമാനം ക്യാഷ് ബാക്ക്, മറ്റ് ചെലവുകൾക്ക് 1 ശതമാനം ക്യാഷ് ബാക്ക് എന്നിങ്ങനെയാണ് ഇതിന്റെ ലാഭം.












Click it and Unblock the Notifications