വായ്‌പയ്ക്ക് ക്രെഡിറ്റ് സ്‌കോർ തടസ്സമാണോ..? ടെൻഷൻ വേണ്ട, ഇങ്ങനെ ചെയ്‌താൽ കാര്യങ്ങൾ എളുപ്പമാവും...
ദൈനംദിന ജീവിതത്തിൽ നമ്മുടെ സാമ്പത്തിക ആവശ്യങ്ങളൊക്കെ നിറവേറ്റാൻ ഒരുപക്ഷെ നമ്മളൊക്കെ വായ്‌പ പോലെയുള്ള മാർഗങ്ങൾ തേടുന്നവരായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡ്, പേഴ്‌സണൽ ലോണുകൾ എന്നിവ പോലെയുള്ളവ വലിയ അനുഗ്രഹമായിരിക്കും. എന്നാൽ ഓടിച്ചെന്നാൽ എടുത്ത് തരാൻ ഒരു ബാങ്കും നമുക്കായി വായ്‌പകൾ ഒരുക്കി വെച്ചിട്ടില്ലെന്ന യാഥാർഥ്യം മറക്കാൻ പാടില്ല.
ബാങ്കുകളിൽ നിന്നായാലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായാലും വായ്‌പ ലഭിക്കാൻ കടമ്പകൾ ഏറെ കടക്കാനുണ്ട്. അതിൽ നിങ്ങളുടെ വരുമാനം, ജോലി സ്ഥിരത എന്നിവയ്ക്ക് ഒപ്പമോ, അതിലേറെയോ പരിഗണിക്കപ്പെടുന്ന കാര്യമാണ് ക്രെഡിറ്റ് സ്‌കോറുകൾ. നിങ്ങളുടെ വായ്‌പകളുടെ തിരിച്ചടവ് രീതി, അതിലെ മറ്റ് പ്രശ്‌നങ്ങൾ എന്നിവ കൃത്യമായി മനസിലാക്കാൻ കഴിയുന്ന ഈ സംവിധാനം വളരെ പ്രധാനപ്പെട്ടതാണ്.

എന്നാൽ എല്ലാവർക്കും ക്രെഡിറ്റ് സ്‌കോർ ഉണ്ടാവണമെന്നുമില്ല. ഉദാഹരണത്തിന് നിങ്ങൾ ഇതുവരെ ബാങ്കിൽ നിന്നും വായ്‌പകളോ, ക്രെഡിറ്റ് കാർഡുകളോ പോലെയുള്ളവ എടുത്തിട്ടില്ലാത്ത ആളാണെന്ന് കരുതുക. അങ്ങനെ ഉള്ളപ്പോൾ നിങ്ങൾക്ക് ക്രെഡിറ്റ് ഹിസ്‌റ്ററി ഒട്ടും ഉണ്ടാവില്ല, ഇങ്ങനെ ഉള്ളവർ അപേക്ഷിക്കുന്ന ലോണുകൾ കൂടുതൽ തള്ളി പോവുകയാണ് പതിവ്. എന്നാൽ അതിന് കൃത്യമായ പരിഹാരമുണ്ട്, അൽപം സങ്കീർണമാണെങ്കിലും നിങ്ങൾക്കും ക്രെഡിറ്റ് ഹിസ്‌റ്ററി നേടിയെടുക്കാം.
ക്രെഡിറ്റ് ഹിസ്‌റ്ററി എങ്ങനെ നേടാം ?
നിങ്ങൾക്ക് ആദ്യമായി ക്രെഡിറ്റ് ഹിസ്‌റ്ററി, സിബിൽ സ്‌കോർ എന്നിവ ലഭിക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്. അതിൽ ചിലതാണ് എഫ്‌ഡി ക്രെഡിറ്റ് കാർഡുകൾ, പേ-ലേറ്റർ സംവിധാനത്തിന്റെ ഉപയോഗം എന്നിവ. അതായത് നിങ്ങൾ ഒരു തുക നിക്ഷേപിച്ച് അത് ക്രെഡിറ്റ് കാർഡായി ഉപയോഗിക്കുക എന്നതാണ് എഫ്‌ഡി കാർഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ പതിയെ പതിയെ നിങ്ങൾക്ക് സിബിൽ സ്‌കോർ ഉണ്ടാക്കിയെടുക്കാം.
ഇനി പേ-ലേറ്റർ സംവിധാനം എന്താണെന്ന് അറിയാം. കൂടുതലായും ഫ്ലിപ്‌കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ വ്യാപകമായി നടപ്പാക്കുന്ന രീതിയാണിത്. സാധനങ്ങൾ നിങ്ങൾ പണമില്ലാതെ പർച്ചേസ് ചെയ്യുന്നതിന് ശേഷം ഒരു കൃത്യമായ കാലയളവിൽ അത് തിരിച്ചടയ്ക്കുന്ന രീതിയാണിത്. ഇതും സിബിൽ സ്‌കോർ ഉയർത്താൻ ഉപകരിക്കും. ഈ രണ്ട് മാർഗങ്ങൾ ഉപയോഗിക്കുമ്പോഴും തിരിച്ചടവ് മുടങ്ങാതെ നോക്കണം എന്നതാണ് ഏറ്റവും പ്രധാനം കാര്യം.
ഇത്തരത്തിൽ സിബിൽ സ്‌കോർ ഉണ്ടാക്കിയെടുത്താൽ തന്നെയും അവ ആരോഗ്യകരമായി നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഇല്ലായെങ്കിൽ ഭാവിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് വായ്‌പ ലഭിക്കുക എന്നത് പ്രയാസകരമായ മാറും. അതിനാൽ തന്നെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.












Click it and Unblock the Notifications