ഡിജിറ്റൽ സ്വർണം വാങ്ങാനും വിൽക്കാനും ഇനി എളുപ്പം; ഗൂഗിൾ പേ മാത്രം മതി, ചെയ്യേണ്ടത് ഇത്ര മാത്രം
പുതിയ കാലത്തെ നിക്ഷേപ രീതികൾ അൽപ്പം വ്യത്യസ്‌തമാണ്. മുൻപൊക്കെ ചിട്ടികളും ബാങ്ക് ഡെപ്പോസിറ്റും മാത്രമായിരുന്ന സാഹചര്യത്തിൽ നിന്ന് ഇപ്പോൾ കാര്യങ്ങൾ ഒട്ടേറെ മാറി കഴിഞ്ഞു. നൂതനമായ നിക്ഷേപ വഴികൾ തേടി പുതുതലമുറ മുന്നോട്ട് നീങ്ങുമ്പോൾ അവിടെ ഒട്ടേറെ വഴികൾ അവർക്ക് മുൻപിൽ തെളിയുന്നുണ്ട്.
എസ്എപി, സ്‌റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ മാർഗങ്ങൾക്ക് പുറമെ പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ്, കെഎസ്എഫ്ഇ ചിട്ടികൾ എന്നിവയും പുതിയ മാർഗങ്ങളിലുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്‌തമായി കൂടുതൽ ലാഭകരമായ, ഭാവിയിൽ നല്ല ഗുണകരമായേക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയാണ് ഗോൾഡ് ഇൻവെസ്‌റ്റ്മന്റ്.

അതിൽ തന്നെ അധികം റിസ്‌ക് ഇല്ലാത്ത ഡിജിറ്റൽ ഗോൾഡ് നിക്ഷേപം തന്നെയാണ് ഇപ്പോഴത്തെ താരം. എന്നാൽ അതിന് ഏത് പ്ലാറ്റ്‌ഫോമിനെ സമീപിക്കുമെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. സങ്കടപ്പെടേണ്ട ഇതിൽ ഇപ്പോൾ എല്ലാവരെയും സഹായിയ്ക്കാൻ ജനപ്രിയ യുപിഐ ആപ്പായ ഗൂഗിൾ പേ ഉണ്ടെന്നതാണ് ആശ്വാസകരമായ വസ്‌തുത.
ഗൂഗിൾ പേയിലൂടെ ഡിജിറ്റൽ സ്വർണം വാങ്ങാനും വിൽക്കാനും കഴിയുമെന്ന കാര്യം പലർക്കും അറിയില്ല. ഇത് വളരെ എളുപ്പമാണ് എന്നതാണ് ഈ സംവിധാനത്തെ വേറിട്ട് നിർത്തുന്ന ഘടകം. എംഎംടിസി പാംപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഗൂഗിൾ പേ ഡിജിറ്റൽ സ്വർണ ഇടപാടുകൾ നടത്താനുള്ള സംരംഭം ആരംഭിച്ചത്.
ഈ ആപ്പ് വഴിയാണ് നിങ്ങൾ സ്വർണം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതെങ്കിൽ എംഎംടിസിയുടെ 99.99 ശതമാനം ശുദ്ധമായ 24 കാരറ്റ് സ്വർണ്ണത്തിന്റെ യൂണിറ്റുകളിൽ നിക്ഷേപം നടത്താനുള്ള അവസരമാണ് ലഭിക്കുക. കൂടാതെ ഈ നിക്ഷേപം നടത്തിയ ശേഷം നിങ്ങളുടെ കൈവശം സൂക്ഷിക്കാൻ വേണ്ടി ഡിജി ലോക്കർ സംവിധാനവും ഗൂഗിൾ പേ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇനി മറ്റൊരു സുപ്രധാന സവിശേഷത എന്തെന്നാൽ ഗൂഗിൾ പേ വഴി വാങ്ങുന്ന ഡിജിറ്റൽ സ്വർണം നൂറ് ശതമാനം ഇൻഷുറൻസോടെയാണ് ലഭ്യമാവുക എന്നതാണ്. ഡിജിറ്റൽ സ്വർണത്തെ കൂടുതൽ സുരക്ഷിതമാക്കി മാറ്റുന്നതാണ് ഈ സൗകര്യം. അതുകൊണ്ട് തന്നെ ഡിജിറ്റൽ സ്വർണ നിക്ഷേപത്തിന് ഗൂഗിൾ പേ എന്തുകൊണ്ടും അനുയോജ്യമാണ്.
ഇനി ഗോൾഡ് ലോക്കറിനെ കുറിച്ചാണ് നിങ്ങൾക്ക് അറിയേണ്ടതെങ്കിൽ ഗൂഗിൾ പേ ഉപയോഗിച്ച് വാങ്ങിയതോ സ്വീകരിച്ചതോ ആയ സ്വർണം പ്രസ്‌തുത ലോക്കറിൽ ഉപഭോക്താക്കൾക്ക് കാണാൻ കഴിയും. സാധാരണഗതിയിൽ ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിച്ചുള്ള ഇടപാടുകളും ബാലൻസും കാണാനാകുന്നത് പോലെയാണ് ഗോൾഡ് ലോക്കർ സംവിധാനത്തിന്റെയും പ്രവർത്തനം.
ഇനി ഇതിന്റെ സുരക്ഷിതത്വം കൂടുതലായി ഉറപ്പാക്കാൻ ഗൂഗിൾ പേ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തിട്ടുണ്ട് എന്നതാണ് മറ്റൊരു ആകർഷണം. അതായത് ഗോൾഡ് ലോക്കറിന്റെ ആക്‌സസ് മറ്റാർക്കും ലഭിക്കാതിരിക്കാൻ ഇത് നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പിച്ചിട്ടുണ്ട്. ഇതുവഴി പുറത്തുനിന്നുള്ള അനധികൃത ആക്‌സസ് തടയാൻ കഴിയും.












Click it and Unblock the Notifications