ആരും കൊതിക്കുന്ന മുതലാളി; 4500 ജീവനക്കാരുമായി വിദേശ യാത്ര, ഈ ഫാർമ കിംഗിന്റെ ആസ്‌തി 15.65 ലക്ഷം കോടി
ഇന്ത്യയിൽ ധാരാളം ശത കോടീശ്വരന്മാർ ഉണ്ടെന്ന് നമുക്കറിയാം. അതിൽ ആഗോള തലത്തിൽ സമ്പന്നരായവരും ഒട്ടും കുറവല്ല. എങ്കിലും നമ്മൾ എപ്പോഴും അംബാനി, അദാനി, ടാറ്റ തുടങ്ങിയവരെ കുറിച്ച് തന്നെയാണ് കൂടുതലും സംസാരിക്കാറുള്ളത്. എന്നാൽ അതിലപ്പുറം ധാരാളം സമ്പന്നന്മാർ നമ്മുടെ നാട്ടിലുണ്ട് എന്ന് മാത്രമല്ല അവരിൽ പലരും തങ്ങളുടെ മേഖലകളിൽ വളരെയധികം മികവ് പുലർത്തിയവരുമാണ്.
അത്തരത്തിൽ അധികമാരും ശ്രദ്ധിക്കാത്ത എന്നാൽ തന്റെ കർമ്മ മേഖലയിൽ ഏറ്റവും ഉന്നതിയിൽ തന്നെ എത്തി നിൽക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാൾ തന്നെയാണ് ദിലീപ് ഷാംഗ്‌വി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ അധിപൻമാരിൽ ഒരാളായ ഷാംഗ്‌വി ലോകത്തിലെ തന്നെ സമ്പന്ന പട്ടികയിൽ ഇടം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്.

ഏറ്റവും ഒടുവിൽ അദ്ദേഹം വാർത്തകളിൽ ഇടം നേടിയത് തന്റെ കമ്പനിയിലെ ജീവനക്കാർക്ക് വേണ്ടി വിനോദ യാത്ര നടത്തുന്നതിന്റെ പേരിലാണ്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്‌ട്രീസിന്റെ 4500 ജീവനക്കാർക്കായി വിയറ്റ്‌നാമിലേക്ക് രണ്ടാഴ്‌ചത്തെ പര്യടനമാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. യാത്രയിൽ ഹനോയ്, നിൻ ബിൻ, ഹാ ലോംഗ് ബേ എന്നിവയുൾപ്പെടെ വടക്കൻ വിയറ്റ്നാമിലെ വിവിധ ഇടങ്ങൾ സന്ദർശിക്കും.
2024 ആഗസ്‌റ്റ് 26 വരെ ഷാങ്‌വിയുടെ ആസ്‌തി 29.3 ബില്യൺ ഡോളറായാണ് ഫോർബ്‌സ് കണക്കാക്കുന്നത്. പ്രതിവർഷം 5 ബില്യൺ ഡോളറിലധികം വരുമാനമുണ്ടാക്കുന്ന ഫാർമസ്യൂട്ടിക്കൽ സാമ്രാജ്യത്തിന് നേതൃത്വം നൽക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ് തുടക്കം ചെറിയ സാഹചര്യങ്ങളിൽ നിന്നായിരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം.
1955ൽ ഗുജറാത്തിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച അദ്ദേഹം പക്ഷേ കൊൽക്കത്തയിലാണ് വളർന്നത്, അവിടെ അദ്ദേഹത്തിന്റെ പിതാവ് ഒരു ഫാർമസ്യൂട്ടിക്കൽ ട്രേഡിംഗ് ബിസിനസ് നടത്തി വരികയായിരുന്നു. ബ്രാൻഡഡ്, ജനറിക് മരുന്നുകൾ ഇതിലൂടെ വിറ്റിരുന്നു. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ബിസിനസിലേക്ക് കാര്യമായി ഇറങ്ങാൻ തീരുമാനിച്ചത്.
അധികം വൈകാതെ ഷാംഗ്‌വി തന്റെ പിതാവിനെ ബിസിനസിൽ സഹായിക്കുകയും മറ്റ് കമ്പനികളുടെ ഉത്‌പന്നങ്ങൾ വിതരണം ചെയ്യുന്നതിനുപകരം സ്വന്തമായി ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്യുകയുമായിരുന്നു. തുടർന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഷാംഗ്‌വി 10,000 രൂപ കടം വാങ്ങി തന്റെ ബിസിനസ് പങ്കാളിയായ പ്രദീപ് ഘോഷുമായി ചേർന്ന് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് സ്ഥാപിച്ചത്.
ഗുജറാത്തിലെ വാപിയിൽ വളരെ ചെറിയ രീതിയിൽ ആരംഭിച്ച കമ്പനി ബൈപോളാർ ഡിസോർഡറിനുള്ള ഒരൊറ്റ മരുന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ബിസിനസ് മുന്നോട്ട് കൊണ്ട് പോയത്. അവിടെ നിന്നാണ് തന്റെ ബിസിനസ് ഉൾക്കാഴ്‌ച്ച കൂടി പ്രയോജനപ്പെടുത്തി കൊണ്ട് ഷാംഗ്‌വി ഇന്ന് കാണുന്ന നിലയിലേക്ക് സൺ ഫാര്മസ്യൂട്ടിക്കൽസിനെ വളർത്തിയത്.
കഴിഞ്ഞ വർഷങ്ങളിൽ സൺ ഫാർമസ്യൂട്ടിക്കൽ ഒരു ഡസനിലധികം ഫാർമസ്യൂട്ടിക്കൽ കമ്പനികളെ ഏറ്റെടുകുകയുണ്ടായി. സമരം നടക്കുന്നതോ ലാഭകരമല്ലാത്തതോ ആയ സ്ഥാപനങ്ങളിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്രയൊക്കെ ആണെങ്കിലും പൊതുജന ശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം എന്നും ഇഷ്‌ടപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായതിനാൽ തനിക്ക് ലഭിക്കുന്ന ശ്രദ്ധ അദ്ദേഹത്തെ സംബന്ധിച്ച് ഒട്ടും താൽപര്യമുള്ള കാര്യവുമല്ല.












Click it and Unblock the Notifications