അംബാനി കുറേ നേടും; ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ കമ്പനി സ്വന്തമാവുമോ..? സംഭവം ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി കാലങ്ങളായി വഹിച്ചുപോരുന്ന ആളാണ് മുകേഷ് അംബാനി. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മുകേഷ് അംബാനി എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. 100ലധികം ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുമുള്ള ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന.
ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്തെ രണ്ട് ആഭ്യന്തര ഭീമൻമാരായ ജിയോ സിനിമയുടെയും ഡിസ്‌നി ഹോട്ട്സ്‌റ്റാറിന്റെയും ലയനത്തിന്റെ ഫലമായാണ് ഇത്തരമൊരു സംരംഭം ഉയർന്നുവരിക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് പ്രകാരം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിനെ വാൾട്ട് ഡിസ്‌നിയുമായി ലയി\ക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ജിയോ സിനിമ മുമ്പ് ഐപിഎൽ അവകാശം വാങ്ങിയ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ്ജി ഹോട്ട്സ്‌റ്റാർ വിപണിയിൽ ജിയോ സിനിമയുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു. എന്നാൽ വലിയ കായിക മാമാങ്കങ്ങളായ ഐപിഎല്ലിനും ഫിഫ ലോകകപ്പിനും പിന്നാലെ ഹോട്ട്സ്‌റ്റാർ വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു.
മറുവശത്ത്, ഏഷ്യാ കപ്പിന്റെയും ക്രിക്കറ്റ് ലോകകപ്പിന്റെയും അവകാശം ഡിസ്‌നി ഹോട്ട്സ്‌റ്റാർ ജിയോ സിനിമയിൽ നിന്ന് സ്വന്തമാക്കിയിരുന്നു. വിപണിയിൽ ജിയോ സിനിമയുമായുള്ള മത്സരത്തിൽ കമ്പനിക്ക് കാര്യമായ നഷ്‌ടം സംഭവിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് മുകേഷ് അംബാനിയുടെ കമ്പനി ഡിസ്‌നി ഹോട്ട്സ്‌റ്റാറുമായി ലയിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സ്‌റ്റാർ-വയാകോം18 ലയനത്തെത്തുടർന്ന്, റിലയൻസിന് 51 ശതമാനം ഓഹരികൾ കൈവശം വയ്ക്കാനാകും. കൂടാതെ, ഡിസ്‌നിക്ക് 40 ശതമാനം ഓഹരികൾ ലഭിക്കും. അതായത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിനായിരിക്കും ഈ കമ്പനിയുടെ ഭൂരിഭാഗം ഉടമസ്ഥാവകാശവും.
ഇതിന് പുറമെ പുതിയ നീക്കം രാജ്യത്തെ മറ്റ് പ്രമുഖ സ്‌ട്രീമിംഗ് കമ്പനികൾക്ക് വലിയ രീതിയിൽ തിരിച്ചടിയാവാനും ഇടയുണ്ട്. നേരത്തെ തന്നെ താരതമ്യേന കുറഞ്ഞ ചെലവിൽ സ്‌ട്രീമിംഗ് സാധ്യമാക്കുന്ന ജിയോ സിനിമ ആമസോൺ, നെറ്റ്ഫ്ലിക്‌സ് തുടങ്ങിയ കമ്പനികളുടെ കണ്ണിലെ കരടാണ്.
ഇനി കൂടുതൽ കരുത്ത് നേടി എത്തുന്ന ജിയോ സിനിമാക്കതിരെ എങ്ങനെ പിടിച്ചു നിൽക്കുമെന്നതാവും ഈ കമ്പനികളുടെ മുന്നിൽ പ്രധാന വെല്ലുവിളി. ടെലികോം, ഒടിടി ഉപയോക്താക്കളെ ലക്ഷ്യമിട്ട് ജിയോ റീചാർജിനൊപ്പം കുറഞ്ഞ വിലയുള്ള ആഡ്-ഓൺ പ്ലാനുകളും അവതരിപ്പിക്കാറുണ്ട്. ഇതും ഈ പ്ലാറ്റ്‌ഫോമുകൾക്ക് കനത്ത തിരിച്ചടിയാവും.












Click it and Unblock the Notifications