72 മണിക്കൂറുകൾ കൊണ്ട് വിറ്റത് 1113 ആഡംബര ഫ്ലാറ്റുകൾ..! അതും 7,200 കോടി രൂപ മൂല്യം, വിദേശത്തല്ല ഇന്ത്യയിൽ...
ഇന്ത്യയിൽ ഫ്ലാറ്റ് സംസ്‌കാരം കൂടുതൽ വളർന്നുവരികയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ പിടിമുറുക്കിയാണ് വമ്പൻ റിയൽ എസ്‌റ്റേറ്റ് കമ്പനികൾ തങ്ങളുടെ ബിസിനസ് സ്വാധീനം വർധിപ്പിക്കുന്നത്. അത്തരത്തിൽ ഇന്ത്യൻ റിയൽ എസ്‌റ്റേറ്റ് മേഖലയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഡിഎൽഎഫ് ഗുരുഗ്രാമിൽ നിർമ്മിച്ച കോടികൾ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുരുഗ്രാമിലെ 7200 കോടി രൂപയോളം മൂല്യമുള്ള 1,113 ആഡംബര അപ്പാർട്ടുമെന്റുകളാണ് കമ്പനി വെറും 72 മണിക്കൂറുകൾക്ക് ഉള്ളിൽ വിറ്റഴിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് ഡെവലപ്പറാണ് ഡിഎൽഎഫ്. ആഡംബര വസതിക്ക് വേണ്ടിയുള്ള ശക്തമായ ഡിമാൻഡാണ് ഈ മണിക്കൂറുകളിൽ പ്രകടമായത്. ഡിഎൽഎഫ് പ്രിവാന സൗത്ത് എന്ന പേരിലുള്ള ആഡംബര പ്രോജക്ടാണ് ഇത്തരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഗുരുഗ്രാമിലെ സെക്ടർ 76, 77 എന്നിവിടങ്ങളിൽ 25 ഏക്കറിലാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്.
14 പെന്റ്ഹൗസുകളും അപ്പാർട്ടുമെന്റുകളും ഉൾപ്പെടെ 7 ടവറുകളിലായി 1,113 ആഡംബര വസതികൾ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. ഏകദേശം 3,500 ചതുരശ്ര അടിയാണ് ഓരോ അപ്പാർട്ട്‌മെന്റിന്റെയും വലുപ്പം. 6.25-7.5 കോടി രൂപയാണ് അപ്പാർട്ടുമെന്റുകളുടെ ശരാശരി വില. ഇവിടുത്തെ ഓരോ പെന്റ് ഹൗസുകൾക്കും 11-14 കോടി രൂപയോളം വില വരും.
ഒരു വർഷ കാലയളവിനുള്ളിൽ ഗുരുഗ്രാമിൽ ഡിഎൽഎഫ് നിർമ്മിക്കുന്ന രണ്ടാമത്തെ റെസിഡൻഷ്യൽ പദ്ധതി കൂടിയാണ് പ്രിവാന. കഴിഞ്ഞ വർഷം മാർച്ചിൽ ഡിഎൽഎഫ് ലിമിറ്റഡിന്റെ ഗുരുഗ്രാമിലെ 'ദി ആർബർ' എന്ന ഭവന പദ്ധതി വളരെയേറെ ശ്രദ്ധ നേടിയിരുന്നു. 1,137 ആഡംബര അപ്പാർട്ടുമെന്റുകൾ ഉൾക്കൊള്ളുന്ന ഈ ഭവന പദ്ധതി 8,000 കോടി രൂപയോളമാണ് സമാഹരിച്ചത്.
158ലധികം റിയൽ എസ്‌റ്റേറ്റ് പദ്ധതികൾ വികസിപ്പിക്കുകയും 340 ദശലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌ത കമ്പനിയാണ് ഡിഎൽഎഫ്. ഗ്രൂപ്പിന് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ വിഭാഗങ്ങളിലായി 215 ദശലക്ഷം ചതുരശ്ര അടിയോളം വരുന്ന പ്രവർത്തന ഏരിയയുണ്ട്.
റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ (ഡെവലപ്‌മെന്റ് ബിസിനസ്സ്) വികസനത്തിലും വിൽപ്പനയിലും വാണിജ്യ, റീട്ടെയിൽ പ്രോപ്പർട്ടികളുടെ വികസനത്തിലും പാട്ടത്തിലുമാണ് (ആനുവിറ്റി ബിസിനസ്സ്) ഡിഎൽഎഫ് പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications