ചരിത്രത്തിൽ ആദ്യമായി 300 ബില്യൺ തൊട്ട് ഇലോൺ മസ്‌ക്; മറ്റാർക്കും നേടാനാവാത്ത നേട്ടം, സഹായിച്ചത് ട്രംപ്?
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നേട്ടം ഇലോൺ മസ്‌ക് കൈവശം വയ്ക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇടയ്ക്കിടെ ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനോൾട്ട് അതിന് ഇളക്കം തട്ടിച്ചെങ്കിലും മസ്‌ക് തന്ത്രപരമായി തന്നെ തന്റെ ബിസിനസ് മുന്നോട്ട് കൊണ്ട് പോയി ആ സ്ഥാനം തിരിച്ചുപിടിച്ചു എന്നതാണ് വാസ്‌തവം. ഒരു സാധാരണ ബിസിനസുകാരനിൽ കവിഞ്ഞ ബുദ്ധിയും സൂക്ഷ്‌മതയും മസ്‌കിനെ വേറിട്ട് നിർത്തുന്നു.
ആ ബുദ്ധികൂർമതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഒടുവിൽ വന്നിരിക്കുന്ന ഈ വാർത്ത. ലോകത്തിൽ ആദ്യമായി 300 ബില്യൺ എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇലോൺ മസ്‌ക് ഇപ്പോൾ. കഴിഞ്ഞ കുറച്ചധികം കാലങ്ങളായി 250 ബില്യൺ ഡോളറിന് മുകളിൽ നിൽക്കുകയായിരുന്നു മസ്‌കിന്റെ ആസ്‌തി. ഇപ്പോഴാണ് അത് 300 എന്ന നേട്ടം മറികടന്നത്.

ഇതൊരു സാധാരണ നേട്ടമല്ലെന്ന് അറിഞ്ഞുകൊള്ളുക. കാരണം ഈ നേട്ടം മുൻപ് ആരെങ്കിലും സ്വന്തമാക്കിയിട്ടില്ല. ഫോർബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, നിലവിൽ മസ്‌കിൻ്റെ ആസ്‌തി 304 ബില്യൺ ഡോളറാണ്. അതായത് 300 ബില്യൺ ക്ലബിൽ ഇടമുള്ള ഒരേയൊരു ബിസിനസുകാരൻ മസ്‌ക് മാത്രമാണെന്ന് സാരം.
കഴിഞ്ഞ ദിവസങ്ങളിലായി ഒറ്റയടിക്ക് ഏകദേശം 50 ബില്യൺ ഡോളറിന്റെ, അഥവാ അഞ്ചിലൊന്ന് സമ്പത്തിന്റെ വർധനവാണ് മസ്‌കിനെ ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് മസ്‌കിന്റെ കമ്പനികളുടെ ഓഹരി മൂല്യം വിപണിയിൽ ഏതാണ്ട് മുപ്പത് ശതമാനത്തോളം വർധനയ്ക്കാണ് വിധേയമായിരിക്കുന്നത്.
ഇന്നലെ ഒറ്റ ദിവസം കൊണ്ട് ടെസ്‌ല ഓഹരികൾ 8.19 ശതമാനം ഉയർന്ന് 321.22 ബില്യൺ ഡോളറിലെത്തിയിരുന്നു, ഇതോടെ മസ്‌കിന്റെ സമ്പത്ത് പൊടുന്നനെ 4.71 ശതമാനം ഉയർന്ന് 304 ബില്യൺ ഡോളറിലെത്തുകയും ചെയ്‌തു. ലോകത്തിലെ മറ്റ് ശതകോടീശ്വരന്മാരെ ഒന്നടങ്കം പിന്നിലാക്കിയാണ് മസ്‌ക് ഈ സ്വപ്‌ന നേട്ടത്തിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ അതിന്റെ കാരണമാണ് ഏറ്റവുമധികം ചർച്ചയാവുന്നത്.
മസ്‌കിന്റെ ഉയർച്ചയ്ക്ക് കാരണം ട്രംപിന്റെ വമ്പൻ വിജയം?
യുഎസ് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇലോൺ മസ്‌കിന്റെ സമ്പത്തിൽ അപ്രതീക്ഷിത ഉയർച്ച ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അവിടെ ജയിച്ചതാവട്ടെ മസ്‌ക് പിന്തുണച്ച. അത് രാഷ്ട്രീയം കൊണ്ട് മാത്രമല്ല പണമെറിഞ്ഞും സഹായിച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ആണെന്നതാണ് ഇതിന്റെ കാരണം. ട്രംപിന്റെ തകർപ്പൻ ജയമാണ് ഇത്തരത്തിലൊരു ഉയർച്ച മസ്‌കിന്റെ സമ്പാദ്യത്തിൽ ഉണ്ടാക്കിയത്.
കമല ഹാരിസിന് എതിരായ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഒരു പരിധിവരെ ഏകപക്ഷീയ ജയം തന്നെയാണ് ഡൊണാൾഡ് ട്രംപ് സ്വന്തമാക്കിയത്, അതിന് മസ്‌കും വലിയൊരു കാരണമായിരുന്നു. പത്ത് മില്യൺ ഡോളറിന്റെ ലോട്ടറി ഉൾപ്പെടെ ട്രംപിനെ ജയിപ്പിക്കാനായി മസ്‌ക് പല വഴികളും പയറ്റിയിരുന്നു. ഇപ്പോഴുണ്ടായ ആസ്‌തി വർധനവ് അതിന്റെ പ്രതിഫലമായി മാത്രമേ മസ്‌ക് കാണുകയുള്ളൂ.












Click it and Unblock the Notifications