ഒരു മാസം കൊണ്ട് മസ്‌കിന് നഷ്‌ടം 25,000 കോടി; എന്നിട്ടും അംബാനിക്കും അദാനിക്കും ഒന്ന് തൊടാൻ പോലും പറ്റിയില്ല..!
ഇലോൺ മസ്‌ക് എന്ന പേര് നാം കേട്ടു തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. എന്നാൽ ഒരു സാധാരണ സ്‌റ്റാർട്ടപ്പ് ഉടമ എന്ന നിലയിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിലേക്കുള്ള മസ്‌കിന്റെ വളർച്ച പെട്ടെന്ന് ഉണ്ടായതല്ല. തന്റെ കഠിനാധ്വാനം കൊണ്ടും, ദീർഘവീക്ഷണത്താലും മസ്‌ക് പടുത്തുയർത്തിയ സാമ്രാജ്യത്തിന് അദ്ദേഹത്തിന്റെ രക്തത്തിന്റെയും വിയർപ്പിന്റെയും ഗന്ധമുണ്ട്.
തന്റെ വ്യത്യസ്‌തമായ തീരുമാനങ്ങൾ കൊണ്ട് എന്നും ലോകത്തെ ഞെട്ടിച്ചിട്ടുള്ള ആളായിരുന്നു മസ്‌ക്. അത്തരത്തിൽ ഒരു നീക്കമായിരുന്നു നഷ്‌ടത്തിൽ നീങ്ങികൊണ്ടിരുന്ന ട്വിറ്ററിനെ (എക്‌സ്) ഏറ്റെടുത്തത്. കൂടാതെ ചൊവ്വാ പര്യവേക്ഷണം ഉൾപ്പെടെ മസ്‌കിന്റെ തലയിൽ എന്ത് ഉദിക്കുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ലെന്നതാണ് സ്ഥിതി. എന്നാൽ കഴിഞ്ഞ ഒരു മാസത്തോളമായി മസ്‌കിന് നല്ല കാലമല്ലെന്നാണ് വിപണിയിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന വ്യക്തിയായ മസ്‌കിന്റെ ആസ്‌തി കണക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുതിയ വർഷത്തിന്റെ ആദ്യ 27 ദിവസങ്ങളിൽ മാത്രം മസ്‌കിന് 30.5 ബില്യൺ ഡോളർ ( ഏതാണ്ട് 25,000 കോടി രൂപ) നഷ്‌ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതൊരു നിസാര തുകയല്ലെന്ന് നിങ്ങൾ ഓർക്കണം.
ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇലോൺ മസ്‌കിന്റെ ആസ്‌തി ഒരിക്കൽ കൂടി 200 ബില്യൺ ഡോളറിൽ താഴെയെത്തിയിരിക്കുകയാണ്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്‌സ് ഡാറ്റ പ്രകാരം, 2024 ജനുവരി 1ന് 230 ബില്യൺ ഡോളറായിരുന്നു മസ്‌കിന്റെ സമ്പത്ത്. 2024 ജനുവരി 26 വിപണി വ്യാപാരം അവസാനിക്കുമ്പോൾ ഇത് 13.3 ശതമാനത്തോളം കുറഞ്ഞ് 199 ബില്യൺ ഡോളറിൽ എത്തി നിൽക്കുന്നു.
മസ്‌ക് നേതൃത്വം നൽകുന്ന ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയുടെ വിപണി മൂല്യത്തിൽ വർഷത്തിന്റെ ആദ്യ ആഴ്‌ചകളിൽ തന്നെ 94 ബില്യൺ ഡോളറിന്റെ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഹെർട്സ് ഗ്ലോബൽ ഹോൾഡിംഗ്സ് ഐഎൻസിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ പോളിസി ഷിഫ്റ്റുകൾ, ചൈനീസ് നിർമ്മിത കാറുകളുടെ വിലക്കുറവ്, വർദ്ധിച്ചുവരുന്ന തൊഴിൽ ചെലവുകളുടെ സൂചന എന്നിവ ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നു.
എന്നാൽ ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലൂയീസ് വിറ്റൻ ഉടമ ബെർണാഡ് ആർനോൾട്ട് മസ്‌കിനെ മറികടന്ന് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയെന്നാണ്. ബെർണാഡിന്റെ ആസ്‌തി 200 ബില്യൺ കവിഞ്ഞു.
ഇത്രയൊക്കെ ആണെങ്കിലും ഇലോൺ മസ്‌ക് ഇന്നും ഇന്ത്യൻ ശതകോടീശ്വരൻമാരായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി, ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ എന്നിവരേക്കാൾ സമ്പത്തിൽ ബഹുദൂരം മുന്നിലാണ്. ബ്ലുംബെർഗ് ബില്യണേഴ്‌സ് സൂചിക പ്രകാരം 12ആം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്‌തി 101 ബില്യൺ ഡോളറാണ്. 14ആം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ ആസ്‌തി 91.6 ബില്യൺ ഡോളറുമാണ്.












Click it and Unblock the Notifications