ഈ വർഷം ഇതുവരെ നഷ്‌ടം 2,49,638 കോടി; പണം കളയുന്നതിലും മുൻപിൽ മസ്‌ക് തന്നെ, ആസ്‌തി 16.28 ലക്ഷം കോടി
ആഗോള സമ്പന്ന പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഇലോൺ മസ്‌ക്, കക്ഷിക്ക് പക്ഷേ അതിന്റെ യാതൊരു അഹങ്കാരവുമില്ലെന്ന് വേണമെങ്കിൽ പറയാം. എന്തെന്നാൽ ട്വീറ്റുകളിലൂടെയും മാറ്റും എല്ലാവരുമായും സംവദിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. പണം മസ്‌കിനെ സംബന്ധിച്ച് വലിയൊരു വിഷയമല്ലെന്ന് നമുക്കറിയാം. എന്നാൽ ഈ ശതകോടീശ്വരൻ ഈ വർഷം നഷ്‌ടമാക്കിയ തുക കേട്ടാൽ നിങ്ങൾ ഞെട്ടും.
ജനുവരി മുതൽ ജൂൺ വരെ മാത്രം മസ്‌കിന്റെ രണ്ടര ലക്ഷം കോടി രൂപയോളമാണ് വെള്ളത്തിലായത്. കൃത്യം കണക്ക് പറഞ്ഞാൽ ഏകദേശം 2,49,638 കോടി രൂപ. ഈ വർഷം ഏറ്റവും കൂടുതൽ ആസ്‌തി ഇടിവ് നേരിട്ടവരുടെ പട്ടികയിൽ മുന്നിലുള്ളത് മസ്‌ക് തന്നെയാണ്. പല ചെറു രാജ്യങ്ങളുടെയും ജിഡിപിയെക്കാൾ വലുതാണ് മസ്‌കിന് ഉണ്ടായ സാമ്പത്തിക നഷ്‌ടം എന്ന കാര്യം ഓർമ്മയിൽ വേണം.

ഫോർബ്‌സ് മാഗസിന്‍ കണക്കുകൾ പ്രകാരം നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് ഇലോണ്‍ മസ്‌ക്. ടെസ്ല, സ്പേസ് എക്‌സ് എന്നിവ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ഉടമ കൂടിയായ മസ്‌ക് നേരത്തെ ട്വിറ്റർ വിലയ്ക്ക് വാങ്ങി അതിന്റെ പേര് എക്‌സ് എന്നാക്കി മാറ്റിയത് ഉൾപ്പെടെ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.
ഇലോൺ മസ്‌കിന്റെ ഇപ്പോഴത്തെ ആസ്‌തി 16,28,410 കോടി രൂപയാണ്, എന്ന് വച്ചാൽ ഏകദേശം 220 ബില്യൺ ഡോളർ. ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബെർണാഡ് ആർനോൾട്ടിന്റെ ആസ്‌തിയാവട്ടെ 233 ബില്യൺ ഡോളറോളം വരും. ഇക്കുറി മസ്‌കിന് ഭീമമായ നഷ്‌ടം വന്നില്ലായിരുന്നെങ്കിൽ ആർനോൾട്ടിനെ മറികടന്ന് മസ്‌ക് വന്നേനെ എന്നുറപ്പാണ്.
മസ്‌കിന്റെ ആസ്‌തി നിരീക്ഷിച്ചാൽ 2023 ഡിസംബര്‍ 31 മുതല്‍ 2024 ജൂണ്‍ 28 വരെ അത് 251.3 ബില്യണ്‍ ഡോളറില്‍ നിന്ന് 221.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഈ നഷ്‌ടം സംഭവിച്ചില്ലായിരുന്നെങ്കിൽ മസ്‌ക് തന്നെ സമ്പന്ന പട്ടികയിൽ ഒന്നമനായി വന്നേനെ എന്ന് വ്യക്തം. ഫോർബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇക്കാലയളവില്‍ ലോകമെമ്പാടുമുള്ള മറ്റേതൊരു ശതകോടീശ്വരനേക്കാളും കൂടുതലാണ് മസ്‌കിന്റെ ആസ്‌തിയിലുണ്ടായ ഈ ഇടിവ്.
തന്റെ പ്രധാനപ്പെട്ട കമ്പനിയായ ടെസ്ല നേരിട്ട തകർച്ചയാണ് മസ്‌കിനെയും ബാധിക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ വര്‍ഷം ഇതുവരെ ടെസ്ലയുടെ ഓഹരി വില ഏകദേശം 25 ശതമാനം ഇടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണി മത്സരം വര്‍ധിച്ചതും, യുഎസ് ഓട്ടോ വിപണിയിലെ വില്‍പ്പനയില്‍ നേരിടുന്ന മാന്ദ്യവുമാണ് ഇതിന്റെ മുഖ്യ കാരണങ്ങൾ.
ട്വിറ്റർ ഏറ്റെടുപ്പ് മസ്‌കിന് ഭീമമായ സാമ്പത്തിക നഷ്ട്ടവും ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം അദ്ദേഹം തിരിച്ചുകയറുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ട്വിറ്റർ സാമ്പത്തിക നേട്ടം ഉണ്ടാക്കി തുടങ്ങിയെന്നാണ് സൂചന. കൂടാതെ യുഎസ് ഫെഡ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റം ഓട്ടോ മേഖലയെ തുണച്ചേക്കും എന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നു. അങ്ങനെയെങ്കിൽ ഈ നഷ്‌ട കണക്കുകളെല്ലാം പഴങ്കഥയാവും.












Click it and Unblock the Notifications