ട്രംപ് ജയിച്ചപ്പോൾ മസ്‌ക് ചിരിച്ചു; വെറുതെയല്ല ഒറ്റ ദിവസം കൊണ്ട് നേടിയത് 22,32,650 കോടി രൂപ..! വമ്പൻ നേട്ടം
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നേടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാൽ ഇക്കുറി അതിന് പകരം വീട്ടിയത് കമല ഹാരിസിനെ അടിച്ചുവീഴ്ത്തി കൊണ്ടാണ്. എന്നാൽ ട്രംപിന്റെ ജയത്തിൽ മാലോകർ വാഴ്ത്തുന്ന മറ്റൊരു പേര് കൂടിയുണ്ട്, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌ക് ആണ് ആ അവതാരം.
ശരിക്കും പറഞ്ഞാൽ യുഎസ് തിരഞ്ഞെടുപ്പിലെ ട്രംപ്-മസ്‌ക് കൂട്ടായ്‌മ ഒരു പാലം ഇടീൽ തന്നെയായിരുന്നു എന്ന് വേണം പറയാൻ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒക്കെയും ട്രംപിന്റെ രീതികളുടെ നിശിത വിമർശകനായിരുന്നു ഇലോൺ മസ്‌ക്, എന്നാൽ പെട്ടെന്നൊരു നാൾ അതൊക്കെയും മാറ്റി നിർത്തിക്കൊണ്ടാണ് അദ്ദേഹം ട്രംപിന് പിന്തുണയുമായി രംഗത്ത് വന്നത്.

ആദ്യമൊക്കെ പലർക്കും അതിശയം തോന്നിയ കാര്യമായിരുന്നു അത്. കാരണം അങ്ങനെയൊന്നും ആരെയും പെട്ടെന്ന് ബോധിക്കാത്ത മസ്‌കിന് ട്രംപിന്റെ കാര്യത്തിൽ എന്ത് വെളിപാടാണ് പെട്ടെന്ന് ഉണ്ടായതെന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. എന്നാൽ അതിന് ഒരുത്തരം മാത്രമേയുള്ളു, അത് കഴിഞ്ഞ ദിവസം ഒന്ന് കൊണ്ട് മാത്രം അതിസമ്പന്നന്റെ ആസ്‌തിയിൽ ഉണ്ടായ വളർച്ചയാണ്.
ട്രംപ് ജയിച്ചതോടെ അമേരിക്കൻ ഓഹരി വിപണിയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വൻ മുന്നേറ്റമാണ് ഉണ്ടായതെന്ന് സാരം. ടെസ്‌ലയുടെ ഓഹരി 14 ശതമാനം ഉയർന്നുവെന്നതാണ് ഏറ്റവും വലിയ പ്രാധാന്യം. ഇതോടെ മസ്‌കിന്റെ സമ്പത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 26 ബില്യൺ ഡോളർ, അഥവാ 22 ലക്ഷം കോടി രൂപയുടെ നേട്ടമാണ് മസ്‌ക് സ്വന്തമാക്കിയതെന്ന് സാരം.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം, മസ്‌കിന്റെ ആസ്‌തി 26.5 ബില്യൺ ഡോളർ (22,32,650 കോടി രൂപ) വർദ്ധിച്ചു. ഈ കുത്തനെയുള്ള വർദ്ധനവോടെ അദ്ദേഹത്തിന്റെ ആസ്‌തി 290 ബില്യൺ ഡോളറായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചന മാത്രമാണെന്നാണ് അറിയാൻ കഴിയുന്നത്.
മസ്‌കിന്റെ ലോട്ടറി ഉൾപ്പെടയുള്ളവയാണ് ഡൊണാൾഡ് ട്രംപിന് വലിയ രീതിയിൽ വോട്ടർമാരെ നേടിക്കൊടുത്തത് എന്ന് ഒരുവിഭാഗം പറയുന്നുണ്ട്. ട്രംപിന് വോട്ട് ചെയ്യുന്നവർക്ക് പത്ത് മില്യൺ ഡോളർ ആയിരുന്നു മസ്‌കിന്റെ വാഗ്‌ദാനം. ഇത് ഏറ്റെടുത്ത് കൊണ്ട് യുവാക്കൾ ഉൾപ്പെടെ രംഗത്ത് ഇറങ്ങിയതും തന്റെ മൈക്രോ ബ്ലോഗിങ് കമ്പനിയായ എക്‌സിലൂടെ നടത്തിയ പ്രചാരണവും ട്രംപിനെ ജയിപ്പിക്കാൻ മസ്‌ക് കണ്ടെത്തിയ വഴികളിൽ ചിലതായിരുന്നു.
അതേസമയം, യുഎസ് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഇന്നലെ തന്നെ ഡൊണാൾഡ് ട്രംപ് മറികടന്നിരുന്നു. സ്വിങ് സ്‌റ്റേറ്റുകളിൽ ഉൾപ്പെടെ ഏകപക്ഷീയമായ മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് കാഴ്‌ച വച്ചത്. ഇതോടെ ആദ്യ വനിതാ പ്രസിഡന്റ് ആവാമെന്നെ കമല ഹാരിസിന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. ജയത്തിന് പിന്നാലെ ലോക നേതാക്കൾ ഉൾപ്പെടെ ട്രംപിന് അഭിനന്ദവുമായി രംഗത്ത് വരികയുമുണ്ടായി.












Click it and Unblock the Notifications