എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ; ഇതാണ് പണക്കാരനാവാൻ പറ്റിയ സമയം, ഈ ടിപ്പുകൾ സഹായിക്കും
അങ്ങേയറ്റം സാമ്പത്തിക അസ്ഥിരത സമ്മാനിച്ച വർഷങ്ങളിൽ ഒന്നായിരുന്നു കടന്നുപോയത്. ഒരു യുദ്ധവും, വിപണിയിലെ പ്രകടമായ മറ്റ് മാറ്റങ്ങളും ഒക്കെയായി വെല്ലുവിളികൾ ഏറെയായിരുന്നു. ഇതാ ഇപ്പോൾ പുതിയ വർഷത്തിന്റെ രണ്ടാം മാസത്തിലെ ആദ്യ വാരം കഴിയാറായപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും ഈ സ്ഥിതിയിൽ വന്നിട്ടില്ലെന്നത് തികച്ചും ആശങ്ക ഉണർത്തുന്ന കാര്യമാണ്.
ഇതൊക്കെ മാറിയ ശേഷം സാമ്പത്തിക സ്ഥിതിയിൽ ഉന്നമനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഉറപ്പായും ഒരു മൂഢസ്വർഗത്തിലാണ് നിങ്ങളെന്ന് നമുക്ക് പറയാം. എന്നാൽ മാറ്റമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇത് തന്നെയാണ് പറ്റിയ സമയം, അതിനായി നിങ്ങൾ ഈ വഴികൾ പരീക്ഷിച്ചാൽ ഉറപ്പായും മുന്നേറ്റം പ്രകടമാകും.

അടിയന്തര സാഹചര്യങ്ങൾ മുൻകൂട്ടി കാണുക
അടിയന്തര സാഹചര്യങ്ങൾക്കായുള്ള ആസൂത്രണം വ്യക്തികളുടെ മുൻഗണനയാവേണ്ട കാലഘട്ടമാണ് ഇത്. തൊഴിലുടമയുടെ പരിരക്ഷയെ മാത്രം ആശ്രയിക്കാൻ ആളുകൾ ആഗ്രഹിക്കാത്തതും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.
ചെറുപ്പക്കാർ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നതിന്റെയും, തൊഴിൽ അരക്ഷിതാവസ്ഥയുടെയും നിരന്തരമായ വാർത്തകളും പകർച്ചവ്യാധി കാലത്ത് നാം കണ്ടപ്പോൾ മുതൽ ഈ മാറ്റം പ്രകടമാണ്. നിങ്ങളും അതിനനുസരിച്ച് പദ്ധതികൾ തിരഞ്ഞെടുക്കുക. കാരണം പുതിയ സമ്പാദ്യം ഉണ്ടാക്കുന്നത് മാത്രമല്ല, ഉള്ളത് കളയാതെയും കടബാധ്യത ഉണ്ടാക്കാതെയും കൂടിയാണ് സമ്പന്നതയിലേക്ക് നടന്നു കയറേണ്ടത്.
നികുതി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക
നികുതി രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ മനസിലാക്കേണ്ടതുണ്ട്. അനുചിതമായ എച്ച്ആർഎ ക്ലെയിമുകൾക്കും വിദേശ ഇക്വിറ്റി ഹോൾഡിംഗുകൾ പ്രഖ്യാപിക്കാത്തതിനും 2021-22 സാമ്പത്തിക വർഷം നൽകിയ ആദായനികുതി നോട്ടീസുകൾ എല്ലാവരെയും കൂടുതൽ ജാഗ്രത പാലിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അനാവശ്യ പിഴകൾ നൽകുന്നതിലൂടെ നിങ്ങളുടെ സമ്പാദ്യം കുറയുകയാണ് ചെയ്യുന്നത്. ഇതിന് ഇടവരാത്ത രീതിയിൽ എപ്പോഴും ശ്രദ്ധിക്കുക.
നിക്ഷേപങ്ങൾക്ക് സമൂഹ മാധ്യമങ്ങളെ ആശ്രയിക്കാതിരിക്കുക
നിങ്ങൾ എന്തെങ്കിലും തരത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ അത് ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി കൃത്യമായ പ്രഫഷണലുകളുടെ സഹായം തേടാൻ എപ്പോഴും ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങളെ കുഴിയിൽ ചാടിക്കാൻ സമൂഹ മാധ്യമങ്ങളിൽ അംഗീകൃതമല്ലാത്ത ബ്രോക്കറേജ് സ്ഥാപനങ്ങൾ കാത്തിരിപ്പുണ്ട്. ആ തട്ടിപ്പിൽ വീണാൽ സമ്പന്നതയിലേക്കുള്ള നിങ്ങളുടെ യാത്ര പാതിവഴിയിൽ മുടങ്ങും. വർഷങ്ങൾ നിങ്ങൾക്ക് നഷ്‌ടമാവുകയും ചെയ്യും.
പണപ്പെരുപ്പവും സാമ്പത്തിക സഹചര്യങ്ങളും വിലയിരുത്തിയുള്ള നിക്ഷേപം
എളുപ്പത്തിൽ പണക്കാരനാവാനുള്ള മാന്ത്രിക വടിയല്ല ഓഹരി വിപണിയും, എസ്‌ഐപി എന്നുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അവയ്ക്ക് അവയുടേതായ സമയം ആവശ്യമാണ്. അങ്ങനെയുള്ളപ്പോൾ അതിലേക്ക് എത്താനായി നിങ്ങൾ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ഇത് പ്രധാന ഘടകം തന്നെയാണ്. വിപണിയുടെ സ്‌പന്ദനം അറിയാതെയുള്ള നിക്ഷേപം വേരിൽ വെള്ളമൊഴിക്കും പോലെയാവും, എപ്പോഴും ഓർക്കുക.












Click it and Unblock the Notifications