1.82 ലക്ഷം കോടി മൂല്യത്തില്‍ നിന്ന് വെറും 8200 കോടി രൂപയിലേക്ക്; ബൈജൂസിന് വിനയായത് അമിത ആത്മവിശ്വാസമോ..?
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ബൈജൂസിന്റെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി പുതിയ വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് അമേരിക്കന്‍ ഇന്‍വെസ്‌റ്റ്മന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക്. 2022ന്റെ ആദ്യ നാളുകളിലെ 2,200 കോടി ഡോളര്‍ (1.82 ലക്ഷം കോടി രൂപ) മൂല്യത്തില്‍ നിന്ന് വെറും 100 കോടി ഡോളറായാണ് (8,200 കോടി രൂപ) ഇത്തവണ മൂല്യം കുറച്ചിരിക്കുന്നത്.
ഏകദേശം 95 ശതമാനത്തോളം കുറവാണ് കമ്പനിയുടെ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ ഒക്ടോബറില്‍ ബ്ലാക്ക് റോക്കിന്റെ കൈവശമുള്ള ബൈജൂസിന്റെ ഒരു ഓഹരിക്ക് 209.6 ഡോളർ (17,300 രൂപ) മൂല്യമാണ് കണക്കാക്കുന്നതെന്ന് അറിയിച്ചിരുന്നു. 2022ല്‍ 4460 ഡോളര്‍ (37,000 രൂപ) വരെ മൂല്യമുണ്ടായിരുന്ന സ്ഥാനത്താണിത്.

2011ൽ ബൈജു രവീന്ദ്രനും, ഭാര്യ ദിവ്യ ഗോകുൽ നാഥും ചേർന്നാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. ഇതിന് ശേഷ വലിയ രീതിയിലുള്ള വളർച്ചയാണ് സ്ഥാപനം ഉണ്ടാക്കിയെടുത്തത്. എന്നാൽ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. ഇതിനിടെയാണ് എഡ്‌ടെക് സ്ഥാപനത്തിൽ ഒരു ശതമാനത്തിൽ താഴെ ഓഹരിയുള്ള അസറ്റ് മാനേജർ ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചത്.
2023 ഡിസംബറിൽ, ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ബൈജു രവീന്ദ്രൻ തന്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകളും പണയം വെച്ചെന്ന് ആഗോള വാർത്ത ഏജൻസിയായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തിരുന്നു. കൂടാതെ വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്കും കമ്പനിയിൽ തുടരുന്നുണ്ട്.
നിയന്ത്രണമില്ലാതെ ചെലവ് വർധിച്ചതും, തുടക്കത്തിൽ നിലനിർത്തിയ ഗുണനിലവാരം പിന്നീട് തുടരാൻ സാധിക്കാതെ പോയതും, ഉയർന്ന നിരക്കുകളും, വിപണികയിൽ നേരിട്ട കടുത്ത മത്സരവുമാണ് ബൈജൂസിനെ പിന്നോട്ട് വലിച്ചതെന്നാണ് വിലയിരുത്തൽ. കൂടാതെ അമിത ആത്മവിശ്വാസവും അവർക്ക് തിരിച്ചടിയായി. പലപ്പോഴും വൻകിട സ്‌പോൺസർഷിപ്പ് കരാറുകൾ പോലും ഒന്നുമാലോചിക്കാതെ ചാടിക്കയറി ഏറ്റ അവർക്ക് പിന്നീട് പലതും ബാധ്യതയായി.
ബൈജൂസില്‍ ഒമ്പത് ശതമാനത്തോളം ഓഹരിയുള്ള പ്രോസസും കഴിഞ്ഞ വര്‍ഷം മൂല്യം മൂന്ന് ബില്യണ്‍ ഡോളറായി കുറച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്നതിന് ഇടയിൽ വീണ്ടും തുടർച്ചയായി മൂല്യം കുറയ്ക്കല്‍ നടപടികളുമായി നിക്ഷേപകര്‍ നീങ്ങുന്നത് അവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഒപ്പം പുതിയ ഫണ്ടിംഗ് തേടുന്നതിന് ഇത് വിലങ്ങുതടിയാകുമെന്നും വിലയിരുത്തലുണ്ട്.












Click it and Unblock the Notifications