ഭാര്യ കടം നൽകിയ 10,000 രൂപയിൽ തുടങ്ങി, ഇന്നത്തെ മൂല്യം 6,08,000 കോടി..! ഇതൊരു ഇൻഫോസിസ് വിജയഗാഥ
ഇന്ത്യയിൽ സ്വപ്രയത്നം കൊണ്ട് തങ്ങളുടെ സ്വപ്‌നങ്ങൾ നിറവേറ്റിയ വ്യവസായികളുടെ കഥ ഒട്ടേറെയുണ്ട്. ചെറിയ നിക്ഷേപം കൊണ്ട് വലിയ ലക്ഷ്യങ്ങൾ കീഴടക്കിയ ഇത്തരം വ്യക്തികളുടെ ജീവിതം പ്രചോദനം നൽകുന്നവ കൂടിയാണ്. അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായി മാറിയ ഇൻഫോസിസിന്റെയും അതിന്റെ സ്ഥാപകൻ നാരായണ മൂർത്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യ സുധ മൂർത്തിയുടെയും കഥ ആരെയും അമ്പരപ്പിക്കുന്നതാണ്.
ഒരുപക്ഷേ രാജ്യത്ത് തന്നെ ഇത്രയും ശക്തയായ വാനിത മറ്റാരുമുണ്ടാവില്ല. പ്രതിസന്ധി ഘട്ടത്തിൽ ഭർത്താവിനൊപ്പം നിന്ന് ഇന്ന് കാണുന്ന നിലയിലേക്ക് ഇൻഫോസിസിനെ വളർത്തിയ സുധ മൂർത്തി പലർക്കും ഒരു പാഠപുസ്‌തകം തന്നെയാണ്. പൊതുമണ്ഡലങ്ങളിൽ തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായ സുധ മൂർത്തിയെ അറിയാത്തവർ അധികമുണ്ടാവില്ല.

എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക, ഇൻഫോസിസ് ഫൗണ്ടേഷൻ്റെ മുൻ ചെയർപേഴ്‌സൺ എന്നിങ്ങനെ പല വേഷങ്ങൾ അണിഞ്ഞയാളാണ് സുധ മൂർത്തി. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് എന്നറിയപ്പെടുന്ന ടെൽകോയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറായിരുന്നു അവർ. അന്നത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ സ്ത്രീകൾ അതിൽ നിന്ന് മാറിനിന്നിരുന്ന ഒരു കാലത്ത് എഞ്ചിനീയറിംഗ് പഠിച്ചു ജോലി വാങ്ങിയ ആളാണ് അവർ.
സുധ മൂർത്തി എപ്പോഴും സ്വന്തം നിലയിൽ വിജയിച്ച സ്ത്രീയായിരുന്നു, എന്നാൽ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ഭർത്താവ് നാരായണ മൂർത്തിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തി കൂടിയായിരുന്നു അവർ. ഇൻഫോസിസിന്റെ ഇന്നത്തെ വലിയ വളർച്ചയ്ക്ക് അടിത്തറ പാകിയ മൂലധനം അവരുടേതാണ് എന്ന് കൂടി പറയാം.
ദി കപിൽ ശർമ്മ ഷോയിൽ സ്വന്തമായി കമ്പനി തുടങ്ങാൻ തന്റെ ഭർത്താവിനെ സാമ്പത്തികമായി സഹായിച്ച കാര്യം സുധ മൂർത്തി വെളിപ്പെടുത്തിയിരുന്നു. അതിനായി അവർ 10,000 രൂപയാണ് ഭർത്താവ് നാരായണ മൂർത്തിക്ക് നൽകിയത്. ഇതിൽ നിന്നാണ് കമ്പനിയുടെ തുടക്കം. വിവാഹ ശേഷമാണ് സ്വന്തമായി കമ്പനി തുടങ്ങാനുള്ള നാരായണ മൂർത്തിയുടെ ആഗ്രഹം സുധ മനസിലാക്കിയത്.
അങ്ങനെയാണ് അവർ ഭർത്താവിന്റെ ബിസിനസ് ആശയത്തിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചത്. ഒടുവിൽ നാരായണ മൂർത്തി ഇൻഫോസിസിന്റെ സഹസ്ഥാപകനായി. 1981 ൽ സ്ഥാപിതമായ ഇൻഫോസിസ് ഒറ്റമുറി അപ്പാർട്ട്മെന്റിൽ നിന്നാണ് പ്രവർത്തനം ആരംഭിച്ചത്, സുധാ മൂർത്തി നാരായണ മൂർത്തിക്ക് നൽകിയ 10000 രൂപ അതിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ഇന്ന് 6,08,000 കോടി രൂപ വിപണി മൂലധനമുള്ള ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നാണ് ഇൻഫോസിസ്. അതിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയതാവട്ടെ കൃത്യമായ ദീർഘവീക്ഷണവും ജീവിതാനുഭവവും കൈമുതലായുള്ള ഒരു വനിതയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇൻഫോസിസിന്റെ പേര് പറയുമ്പോൾ സുധ മൂർത്തിയെ വിട്ടുകളയാൻ കഴിയാത്തതും.












Click it and Unblock the Notifications