ഇതാണ് ഇന്ത്യയുടെ 'ഐസ്ക്രീം ലേഡി'; വെറും 20,000 രൂപ മൂലധനത്തിൽ നിന്ന് തുടക്കം, ഇന്ന് 6000 കോടി ആസ്‌തി
ഇന്ത്യയുടെ ചരിത്രത്തിൽ വാണിജ്യ മേഖലയിൽ വലിയവിജയം രചിച്ച ഒട്ടേറെ വനിതകളുടെ കഥ നമുക്കറിയാം. എന്നാൽ അവരുടെയെല്ലാം കഥ ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്‌തമാണ് എന്നതാണ് സത്യം. അത്തരത്തിൽ നമ്മുടെ ഇന്ത്യയിൽ ഐസ്ക്രീം ലേഡി എന്ന വിശേഷണത്തിന് അർഹയായ, തന്റെ കഠിനാധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ച ഒരു ധീര വനിതയുടെ ജീവിതം എല്ലാവർക്കും പാഠമാണ്.
മറ്റാരുമല്ല, രജനി ബെക്റ്റർ ആണ് ഈ വനിതാ സംരംഭക. വെറും 20,000 രൂപ മുതൽമുടക്കിലാണ് രജനി തന്റെ ബിസിനസ് ആരംഭിച്ചതെന്ന് പറഞ്ഞാൽ ചിലർക്കൊന്നും വിശ്വസിക്കാൻ പോലും കഴിയില്ല. എന്നാൽ ഇന്നവർ എത്തി നിൽക്കുന്ന ഉയരങ്ങൾ അന്നത്തെ സാഹചര്യത്തിൽ ഒരിക്കലും സ്വപ്‌നത്തിൽ പോലും കരുതി കാണാൻ വഴിയില്ല.

തന്റെ സാമ്പത്തിക സാഹചര്യങ്ങളോട് മാത്രമല്ല സാമൂഹ്യമായ പല കടമ്പകളേയും കടന്നുകൊണ്ടാണ് വ്യാപാര മേഖലയിലേക്ക് കടന്ന് വന്നത്. ലുധിയാനയിലെ സ്വന്തം വീട്ടിൽ ഐസ്ക്രീം ഉത്പാദിപ്പിച്ച് കൊണ്ട് തുടങ്ങിയ അവർ പിന്നീട് പതിയെ ബിസ്‌ക്കറ്റുകളും മറ്റ് ഭക്ഷണ വസ്‌തുക്കളും കൂടി ഇതിനൊപ്പം ചേർത്ത് ബിസിനസ്സ് വളർത്തുകയായിരുന്നു.
ഗുണമേന്മയും ഒപ്പം രുചിയും ആളുകൾ ഏറ്റെടുത്തതോടെ രജനിയുടെ ഉൽപ്പന്നങ്ങൾ വളരെ പെട്ടെന്ന് തന്നെ വ്യാപകമായ അംഗീകാരങ്ങൾ നേടുകയായിരുന്നു. പ്രമുഖ കമ്പനിയായ മക്‌ഡൊണാൾഡ് മിസിസ് ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസ് ലിമിറ്റഡിനെ തങ്ങളുടെ സ്ഥിരം ബൺ വിതരണക്കാരായി തീരുമാനിച്ചതാണ് രജനിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.
ഇത് വലിയ അവസരങ്ങളിലേക്കാണ് രജനിക്ക് വഴി തുറന്നത്. ഒരു ബിസിനസുകാരിക്ക് ആദ്യം വേണ്ടത് തന്റെ ഉത്പന്നങ്ങളെ കുറിച്ചുള്ള ദീർഘ ദൃഷ്‌ടിയാണ്. അത്തരത്തിൽ തന്റെ ഉത്പന്നങ്ങളുടെ വർധിച്ചുവരുന്ന ഡിമാൻഡ് മുൻകൂട്ടി അറിഞ്ഞ രജനി ഗ്രെറ്റർ നോയിഡയിൽ ഒരു പുതിയ കേന്ദ്രമാ ആരംഭിക്കുകയും രാജ്യത്തുടനീളം പുതിയ ഔട്ട്ലറ്റുകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.
2023ലെ കണക്കനുസരിച്ച്, മിസിസ് ബെക്‌റ്റേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസ് ലിമിറ്റഡിന്റെ വിപണി ഏകദേശം മൂല്യം 6681 കോടി രൂപയാണ്. രാജ്യത്തുടനീളം വിൽപ്പന നടത്തുന്ന ഉത്പന്നമെന്ന നിലയിലേക്ക് കമ്പനി ഇന്ന് വളർന്നു കഴിഞ്ഞു. അതിന്റെ മൂല്യവും അതിനൊത്ത് ഉയർന്നിട്ടുണ്ട്. ഇത് രജനിയെ ഇന്ത്യയിലെ ഏറ്റവും പ്രധാന വനിതാ സംരംഭക എന്ന നിലയിലേക്ക് ഉയർത്തി.
കഴിഞ്ഞ കാലങ്ങളിൽ നിരവധി വനിതാ സംരംഭകർക്കാണ് രജനിയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ പ്രചോദനമായത്. കേവലം 20,000 രൂപയുടെ മൂലധനത്തിൽ നിന്നും 6000 കോടിക്കും അപ്പുറമുള്ള ആസ്‌തിയിലേക്ക് വളർന്ന രജനിയുടെ ബിസിനസ് സാമ്രാജ്യം ഐപിഒ സമാഹരണം ഉൾപ്പെടെയുള്ള കൂടുതൽ വളർച്ചയുടെ പാതയിലാണ്.












Click it and Unblock the Notifications