7,14,460 കോടിയുടെ ആസ്‌തി, അതിസമ്പന്നൻ; എന്നിട്ടും ഗൗതം അദാനിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെ
ഇന്ത്യയിൽ മുഖവുര ആവശ്യമില്ലാത്ത ഒരു പേരായി ഗൗതം അദാനി എന്നത് മാറി കഴിഞ്ഞു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പെട്ടെന്നൊരു നാൾ സമ്പന്ന കസേരയിൽ കയറി ഇരുന്ന മാന്ത്രിക വടിയുള്ള ചെറുപ്പക്കാരന്റെ കഥയല്ല ഗൗതം അദാനിയുടേത്, നഷ്‌ടവും നേട്ടവും ഒരുപോലെ വന്നുപോയ ഉദ്വേഗ ജനകമായ ഒട്ടേറെ നിമിഷങ്ങൾ താണ്ടിയ അദ്ദേഹത്തിന്റെ ജീവിതം പലർക്കും പ്രചോദനമാണ്.
അത്തരത്തിൽ ചെറുതും വലുതുമായ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ടാണ് അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും പ്രബല കമ്പനികളിൽ ഒന്നായി വളർന്നു വന്നത്. നമ്മളിൽ പലർക്കും അറിയാത്ത ജീവിതാനുഭവങ്ങൾ കൂടി ഗൗതം അദാനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തട്ടിക്കൊണ്ട് പോവലിന് ഇരയായത് മുതൽ മുംബൈ ഭീകരാക്രമണ സമയത്തെ ബുദ്ധിമുട്ടുകൾ വരെ അദാനിയുടെ ഇന്നത്തെ വിജയത്തിന് അടിത്തറ പാകിയ സംഭവങ്ങളാണ്.

ഗുജറാത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഗൗതം അദാനി ജനിച്ചത്. പരമ്പരാഗതമായി ടെക്‌സ്‌റ്റൈൽസ് ബിസിനസ് നടത്തിവന്നിരുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. തരാഡ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇവർ ബിസിനസ് വലത്തുന്നതിന്റെ ഭാഗമായാണ് അഹമ്മദാബാദിലേക്ക് ചെക്കേറിയത്. കുടുംബ ബിസിനസ് ആയതിനാൽ അവർക്ക് അതിനോട് ഒരു പ്രത്യേക താൽപര്യവും ഉണ്ടായിരുന്നു.
എന്നാൽ കൊച്ചു അദാനിയുടെ മനസിൽ സ്വപ്‌നങ്ങൾ പലതായിരുന്നു. യൗവ്വനം എത്തിയതോടെ ഗൗതം അദാനി ടെക്‌സ്‌റ്റൈൽ മേഖലയിൽ ജോലി ചെയ്യാൻ ഇഷ്‌ടപ്പെടുന്നില്ലെന്നത് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് വാജ്യവ്യാപരത്തിൽ ആയിരുന്നു കണ്ണ്. ഇതിന്റെ തട്ടകമായ അദ്ദേഹം കണ്ടത് മുംബൈ നഗരമായിരുന്നു. അവിടെ മഹീന്ദ്ര ബ്രദേഴ്‌സിനൊപ്പം ഒരു ഡയമണ്ട് സോർട്ടറായായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
പിന്നീട് ഇങ്ങോട്ട് വളർച്ചയുടെ പാതയിലായിരുന്നു അദാനിയുടെ ബിസിനസുകൾ മുഴുവൻ. ഊർജ മേഖലയിലും, തുറമുഖങ്ങളും നടത്തിപ്പിലും ഉൾപ്പെടെ ഇന്ന് പകരക്കാരില്ലാത്ത വിധം അദാനി ഗ്രൂപ്പ് പടർന്നുപന്തലിച്ചു കഴിഞ്ഞു. രാജ്യത്തെ പല വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ കൈകളിലാണ്. അതിന് പുറമെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ സാന്നിധ്യമാണ് കമ്പനി ചെലുത്തുന്നത്.
ഈ വളർച്ചയ്ക്ക് ഇടയിലും മറക്കാനാവാത്ത ചില ഓർമ്മകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു എന്നത് മറ്റൊരു കാര്യമാണ്. ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണം എല്ലാവർക്കും അറിയാവുന്നതാണ്. ആക്രമണം നടക്കുമ്പോൾ ഗൗതം അദാനി താജ് ഹോട്ടലിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഹോട്ടലിന്റെ ബേസ്മെന്റിൽ അദേഹത്തിന് അഭയം പ്രാപിക്കേണ്ടി വന്നിരുന്നു.
1998ൽ അദ്ദേഹത്തെ ചിലർ തട്ടിക്കൊണ്ടുപോവുകയും ചെയ്‌തിരുന്നു. അന്ന് അദ്ദേഹത്തിന് 36 വയസായിരുന്നു, 1.5 മില്യൺ ഡോളർ ആയിരുന്നു മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഇതിനൊക്കെ പുറമെയാണ് അടുത്തിടെ ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിന് നൽകിയ അപ്രതീക്ഷിത തിരിച്ചടിയും. അന്ന് ഓഹരി വിപണിയിൽ തകർന്നടിഞ്ഞെങ്കിലും ഇന്ന് കമ്പനി തിരിച്ചുവരവിന്റെ പാതയിലാണ്.
നിലവിൽ ഫോബ്‌സിന്റെ കണക്കനുസരിച്ച് 7,14,460 കോടി രൂപയാണ് ഗൗതം അദാനിയുടെ ആസ്‌തി. ആഗോള സമ്പന്ന പട്ടികയിൽ നിലവിൽ 19-ാം സ്ഥാനത്തും, ഇന്ത്യൻ സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് അദാനി ഉള്ളത്. 3.64 ലക്ഷം കോടി രൂപ മൂല്യമുള്ള അദാനി എന്റർപ്രൈസസാണ് അദ്ദേഹത്തിന്റെ കമ്പനികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആകെ പത്ത് കമ്പനികളാണ് അദാനി ഗ്രൂപ്പിന് കീഴിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications