ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മുതൽ ബാങ്ക് ചാർജ് വരെ; മെയ് ഒന്ന് മുതൽ വരുന്നത് വമ്പൻ മാറ്റങ്ങൾ, കൂടുതലറിയാം
പുതുവർഷം എന്ന പുതുമോടി ഒക്കെ കഴിഞ്ഞ് അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ് നാം. സാമ്പത്തികമായി ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കമിടുന്ന മറ്റൊരു മെയ് മാസത്തിനാണ് ആരംഭം കുറിക്കുന്നത്. അതിൽ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ ഘടകങ്ങളുമുണ്ട്. എന്തെന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോൾ ഭീമമായ പിഴ ഉൾപ്പെടെ പല നഷ്‌ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
വിവിധ ബാങ്കുകളാണ് ഇത്തരത്തിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും മുൻകൂട്ടി പ്രഖ്യാപിച്ചവയാണ് എന്നതിനാൽ തന്നെ നിങ്ങൾ അറിഞ്ഞില്ലെങ്കിലും ബാങ്കിനെ കുറ്റപ്പെടുത്തുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നത് പ്രത്യേകം ഓർത്തിരിക്കണം. പ്രമുഖ ബാങ്കുകൾ പ്രഖ്യാപിച്ച ചില മാറ്റങ്ങൾ നോക്കാം.

ക്രെഡിറ്റ് കാർഡ് നിയമങ്ങൾ
നിരവധി ബാങ്കുകളാണ് തങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ചിലത് നമുക്ക് പരിശോധിക്കാം. മെയ് 1 മുതൽ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുമ്പോൾ കൂടുതൽ പണം മുടക്കേണ്ടി വരും എന്നതാണ് പ്രധാന മാറ്റം. ഒരു ശതമാനം സർവീസ് ചാർജ് ഏർപ്പെടുത്താനാണ് നീക്കം.
അതേസമയം, ഇനി യൂട്ടിലിറ്റി ബില്ലുകൾക്കുള്ള ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളുടെ ആകെ തുക 20,000 രൂപയിൽ കൂടുതലാകുമ്പോൾ ഒരു ശതമാനം + ജിഎസ്‌ടി അധികമായി ചുമത്തുമെന്ന് ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്കും അറിയിച്ചിട്ടുണ്ട്. ഇതോടെ ക്രെഡിറ്റ് കാർഡുകൾ മുഖേനയുള്ള യൂട്ടലിറ്റി ബിൽ പേമെന്റ് മെയ് മുതൽ കൂടുതൽ ചിലവേറിയതാവും.
ബാങ്ക് അക്കൗണ്ട് ചാർജുകൾ
ചെക്ക് ബുക്ക്, ഐഎംപിഎസ്, ഇസിഎസ് / എൻഎസിഎച്ച് ഡെബിറ്റ് റിട്ടേണുകൾ, സ്‌റ്റോപ്പ് പേയ്‌മെൻ്റ് ചാർജുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ചില സേവനങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ട് സേവന നിരക്കുകൾ ഐസിഐസിഐ ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്.കൂടാതെ ഇവിടെ ഡെബിറ്റ് കാർഡ് വാർഷിക ഫീസ് പ്രതിവർഷം 200 രൂപയായി മാറും.
കൂടാതെ മറ്റൊരു ശുഭവാർത്തയും ഉണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രത്യേക സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നതാണ്.
ഓഹരി വിപണിക്ക് അവധി
മെയ് ഒന്നും, മെയ് ഇരുപതും ഓഹരി വിപണിക്ക് അവധി ആയിരിക്കുമെന്നും ഓർക്കണം. മെയ് ഒന്ന് തൊഴിലാളി ദിനം ആയതിനാൽ അല്ല പകരം മഹാരാഷ്ട്ര ദിനമായതിനാലും മെയ് 20ന് മുംബൈയിൽ അവസാനഘട്ട പോളിങ് നടക്കുന്ന ദിവസവും ആയത് കൊണ്ടാണ് ഇന്ത്യൻ സൂചികകളായ ബിഎസ്ഇക്കും എൻഎസ്ഇക്കും അവധി നൽകിയിരിക്കുന്നത്.












Click it and Unblock the Notifications