വെറും 20,000 രൂപ മാത്രം മതി; 60 വയസാവുമ്പോൾ നിങ്ങൾക്കും കോടീശ്വരനാവാം, വഴികൾ ഇങ്ങനെ...
സാമ്പത്തിക ശാസ്ത്രം എന്നത് എല്ലാവർക്കും വഴങ്ങുന്ന ഒന്നല്ല എന്ന മിഥ്യാധാരണ നമ്മളിൽ പലർക്കുമുണ്ട്. അതിന്റെ പ്രധാന കാരണം സമ്പാദ്യ ശീലം വളർത്താൻ നാം ചെറുപ്പത്തിലേ ശീലിക്കുന്നില്ല എന്നതാണ്. വീടുകളിലെ മാസച്ചെലവും, വരവും കൂട്ടിയൊപ്പിച്ചുള്ള ഒരു കണക്ക് പോലും സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമാണ് എത്രപേർക്ക് അറിയാം. മാസ ബജറ്റിലെ കമ്മി എത്ര, എത്ര തുക അധികമായി വന്നു എന്നൊക്കെ നാം അടിക്കടി പരിശോധിക്കാറുണ്ട്.
അപ്പൊ പറഞ്ഞ് വന്നത് സാമ്പത്തിക ശാസ്ത്രത്തെ പറ്റിയാണ്, അതത്ര കീറാമുട്ടിയായ കാര്യമൊന്നുമല്ല. കൃത്യമായ ബജറ്റും ആസൂത്രണവും ഉണ്ടെങ്കിൽ ഒരു ഇടത്തരക്കാരന് പോലും കോടീശ്വരൻ ആവാനുള്ള എല്ലാ സാധ്യതകളും ഇക്കാലത്ത് മുന്നിലുണ്ട്, എന്നാൽ ചിലപ്പോഴൊക്കെ അതിന് വേണ്ടി നാം ഒരൽപം റിസ്‌ക് എടുക്കേണ്ടി വരും.

അത് ഭാവിയിലെ നല്ല കാലത്തിന് വേണ്ടിയാണെന്ന് മനസ്സിലോർത്തു കൊണ്ട് ഒരു തീരുമാനം അങ്ങെടുത്താൽ നല്ലൊരു പുലരിയായിരിക്കും നാളെ നിങ്ങളെ കാത്തിരിക്കുന്നത്. ഒരു 20,000 മാസം മിച്ചം വയ്ക്കാൻ ഉണ്ടെങ്കിൽ നിങ്ങൾക്കും റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കാനും, മക്കളുടെ പഠനം, വീട് പണി, വിവാഹം എന്നിവ ഒക്കെ ബാധ്യതയായി തോന്നാതിരിക്കാനും കഴിയും.
മാസം നിങ്ങൾക്ക് 20,000 മിച്ചം വയ്ക്കാൻ കഴിഞ്ഞാൽ അതിലൂടെ പല ലാഭങ്ങളും നിങ്ങളെ തേടിയെത്തും. പ്രധാന കാര്യമെന്തെന്നാൽ ഇന്ന് നാം കൈവശം വയ്ക്കുന്ന പണത്തിന്റെ മൂല്യമല്ല 20 വർഷം കഴിയുമ്പോൾ ഉള്ളതെന്ന് നാം പ്രത്യേകം ഓർക്കണം. അതിനാൽ തന്നെ അവയുടെ മൂല്യം കൂടി കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ ഈ 20,000 വളരെ നല്ല ലാഭമായിരിക്കും തരിക.
നിക്ഷേപങ്ങൾ ഇപ്പോഴും കരുതലോടെ വേണം നടത്താൻ. എന്തൊക്കെയാണ് നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ എന്നത് മുൻകൂട്ടി കണ്ട ശേഷം വേണം ഏത് തരത്തിലുള്ള നിക്ഷേപം വേണമെന്ന് നിങ്ങൾ തീരുമാനിക്കാൻ. ഉദാഹരണത്തിന് ഭവന നിർമ്മാണം പോലെയുള്ള ആവശ്യങ്ങൾക്ക് ആണെങ്കിൽ പ്രധാനമായും ചിട്ടികളെ ആശ്രയിക്കുന്നതാവും നല്ലത്.
മാസം 10,000 രൂപ വരുന്ന ചിട്ടിയിൽ ചെറുകയാണെങ്കിൽ 100 മാസത്തെ അടവിൽ ഏകദേശം 10 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും. ഇനി തുടക്കത്തിൽ നിന്ന് നറുക്ക് ലഭിക്കുകയാണെങ്കിൽ തുടർന്നങ്ങോട്ട് നിങ്ങൾ പണം അടയ്‌ക്കേണ്ടതുമില്ല. അങ്ങനെ വരുമ്പോൾ നിങ്ങളുടെ ലാഭം അഞ്ച് ലക്ഷത്തോളം രൂപയാണ്. പിന്നീട് കാലാവധി കഴിയുമ്പോൾ യാതൊരു ഈടുമില്ലാതെ പണം ലഭിക്കുകയും ചെയ്യും.
ഇനി മക്കളുടെ വിദ്യാഭാസമാണ് മനസിലെങ്കിൽ സുകന്യ സമൃദ്ധി യോജന പോലെയുള്ള പദ്ധതികൾ ഇവിടെയുണ്ട്. ഇതിലൂടെ ചെറിയ തുക നിക്ഷേപം നടത്തി മകൾക്ക് 21 വയസ് പൂർത്തിയാവുന്ന വേളയിൽ ഏതാണ്ട് 61 ലക്ഷത്തോളം പിൻവലിക്കാൻ കഴിയും.
ആൺകുട്ടികൾക്ക് വേണ്ടിയാണെങ്കിൽ എസ്‌എപി നിക്ഷേപവും പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ മാസം ഒരു 20000 രൂപ നിങ്ങൾക്ക് മിച്ചം വയ്ക്കാൻ കഴിയുമെങ്കിൽ അടുത്ത 20 വർഷത്തെ ഭാവി ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് കഴിയും.












Click it and Unblock the Notifications