രാജ്യത്തെ ഏറ്റവും സമ്പന്നനായ സിനിമാക്കാരൻ, ആസ്‌തി 29,000 കോടി; കലാനിധി മാരനും മകളും ചില്ലറക്കാരല്ല
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാക്കാരൻ ആരെന്ന ചോദ്യത്തിന് ഒരുപക്ഷേ നമ്മുടെ മനസിൽ ആദ്യമെത്തുന്ന ഉത്തരം ഷാരൂഖ് ഖാനോ സൽമാൻ ഖാനോ ഒക്കെയായിരിക്കും. എന്നാൽ ഏറ്റവും സമ്പന്നനായ നടൻ ആരെന്നതല്ല ചോദ്യം. നിർമാതാവോ, സംവിധായകനോ, നായകനോ ആരുമാവാം ഇത്. അങ്ങനെ നോക്കുമ്പോൾ ആ സ്ഥാനത്തിനുടമ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളുടെ ഉടമകളിൽ ഒരാളാണ്.
ആ കമ്പനിയുടെ പേര് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ അറിയും, സൺ പിക്‌ചേഴ്‌സ്. അതെ ബിസിനസിലും സിനിമയിലും സ്‌പോർട്‌സിലും ഒക്കെ ഒരുപോലെ മികവ് പുലർത്തിയ വ്യവസായി കലാനിധി മാരനാണ് ഈ കിരീടത്തിന് ഉടമ. കേവലമൊരു ബിസിനസുകാരൻ എന്നതിലുപരി കൈവച്ച എല്ലാ മേഖലകളിലും ജയം കൊയ്‌ത എണ്ണംപറഞ്ഞ സംരഭകരിൽ ഒരാൾ കൂടിയാണ് കലാനിധി മാരൻ.

അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവ് മുരസൊലി മാരന്റെയും മല്ലിക മാരന്റെയും മകനായാണ് കലാനിധി മാരൻ ജനിച്ചത്. ചെന്നൈയിലെ ഡോൺ ബോസ്‌കോയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദവും നേടിയ അദ്ദേഹം പിന്നീട് പെൻസിൽവാനിയയിലെ സ്ക്രാൻ്റൺ സർവ്വകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കുകയും ചെയ്‌തു.
1993ലാണ് സൺ ടിവി എന്ന മഹാപ്രസ്ഥാനത്തിന്റെ ആരംഭം. തമിഴ് ഭാഷയിലുള്ള വിനോദ ചാനൽ ഇപ്പോൾ സൺ ഗ്രൂപ്പ് എന്ന പേരിലേക്ക് മാറിയിരിക്കുകയാണ്. അത് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. വിവിധ ഭാഷകളിൽ ചാനലുകളുള്ള സൺ ഗ്രൂപ്പ് ഈ മേഖലയിലെ ഏറ്റവും ശക്തരായാണ് വിപണിയിൽ നിലകൊള്ളുന്നത്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാക്കാരനാണ് അദ്ദേഹം. 2024 ജൂൺ വരെ ഫോർബ്‌സ് അദ്ദേഹത്തിന്റെ ആസ്‌തി 3.5 ബില്യൺ ഡോളറായാണ് കണക്കാക്കുന്നത്, ഇത് 29,000 കോടി രൂപയ്ക്ക് മുകളിൽ വരും. 2023ൽ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ ഫോബ്‌സ് പട്ടികയിൽ 82-ാം സ്ഥാനത്തും 2024-ൽ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ 1062-ാം സ്ഥാനത്തുമാണ് കലാനിധി മാരനുള്ളത്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് അദ്ദേഹം സിനിമകൾ നിർമ്മിക്കുന്നത്. എന്തിരൻ, ബീസ്‌റ്റ്, പേട്ട, സർക്കാർ, ജയിലർ തുടങ്ങിയ ഏറ്റവും വലിയ ബ്ലോക്ക്ബസ്‌റ്ററുകളിൽ ചിലത് നിർമ്മിച്ചത് ഈ പ്രൊഡക്ഷൻ ഹൗസാണ്. സൂപ്പർതാരങ്ങളായ വിജയ്, സൂര്യ, രജനീകാന്ത്, ധനുഷ് തുടങ്ങിയവരെ വച്ച് സൺ പിക്‌ചേഴ്‌സ് സിനിമകൾ ഒരുക്കിയിട്ടുണ്ട്.
30ലധികം ചാനലുകളുള്ള ടിവി നെറ്റ്‌വർക്കിനും പ്രൊഡക്ഷൻ ഹൗസിനും പുറമേ, രണ്ട് ദിനപത്രങ്ങൾ, അഞ്ച് മാസികകൾ, ഒരു ഡിടിഎച്ച് സാറ്റലൈറ്റ് സർവീസ്, രണ്ട് ക്രിക്കറ്റ് ടീമുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ സൺറൈസേഴ്‌സ് ഈസ്‌റ്റേൺ കേപ് എന്നിവയാണ് ക്രിക്കറ്റ് ടീമുകൾ.
അദ്ദേഹത്തിന്റെ കാവ്യ മാരനും ഇപ്പോൾ ബിസിനസ് രംഗത്ത് സജീവമാണ്. ജാൻ ഭാരത് ടൈംസ് പറയുന്നത് അനുസരിച്ച്, കാവ്യ മാരന്റെ ആസ്‌തി 50 മില്യൺ ഡോളർ അഥവാ ഏകദേശം 409 കോടി രൂപയോളമാണ്. ഐപിഎൽ ടീമായ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാവ്യയാണ്. ഇതിന് പുറമെ സൺ ടിവി നെറ്റ്‌വർക്കിന്റെ ബിസിനസ് പ്രവർത്തനങ്ങളിലും കാവ്യ സുപ്രധാന പങ്ക് വഹിക്കുന്നു.












Click it and Unblock the Notifications