ടാറ്റ ടെക് മുതൽ ജെഎസ്‌ഡബ്ള്യു ഇൻഫ്ര വരെ; ഈ വർഷം ഹിറ്റായ ഐപിഒകൾ ഇവയൊക്കെ...
കോവിഡ് മഹാമാരിയുടെ ഭീഷണി അകന്ന ശേഷമുള്ള മറ്റൊരു വർഷം കൂടി അവസാനത്തോട് അടുക്കുകയാണ്. മറ്റെല്ലാ മേഖലകളിൽ എന്ന പോലെ ഇക്കുറി സ്‌റ്റോക്ക് മാർക്കറ്റ് രംഗത്തും പല സുപ്രധാന മാറ്റങ്ങളും, നേട്ടങ്ങളും, വീഴ്‌ചകളും ഒക്കെ നടന്നിട്ടുണ്ട്. കുറച്ച് ദിവസം മുൻപാണ് സെൻസെക്‌സ് ചരിത്രപരമായ 70,000 പോയിന്റ് എന്ന നേട്ടത്തിലേക്ക് എത്തിയത്. ഇതുൾപ്പെടെ പല കാര്യങ്ങളും മേഖലയിൽ നടന്നുവെന്നത് മറക്കാൻ പാടില്ല.
മുൻ വർഷങ്ങളിൽ എന്ന പോലെ ഇത്തവണയും ഐപിഒകളുടെ വൻ ബഹളം തന്നെ വിപണിയിൽ ഉണ്ടായിരുന്നു. ഓഹരികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തവരിൽ പലർക്കും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ പോവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഏറ്റവും മികച്ച രീതിയിൽ പെർഫോം ചെയ്‌ത അഞ്ച് ഐപിഒകളെ നമുക്ക് ഇവിടെ പരിശോധിക്കാം.

ടാറ്റ ടെക്‌നോളജീസ്
രണ്ട് പതിറ്റാണ്ടിനിടയിൽ ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ആദ്യത്തെ ഐപിഒ ആയിരുന്നു ഇത്. അക്കാരണത്താൽ തന്നെ സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി തുറക്കുന്നതിന് മുമ്പുതന്നെ ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. നവംബർ 22ന് തുറന്ന് നവംബർ 24ന് ഇതിന്റെ കാലാവധി അവസാനിച്ചു. അരങ്ങേറ്റത്തിൽ, ടാറ്റ ടെക്‌നോളജീസ് ഓഹരികൾ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) 1200 രൂപയിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (ബിഎസ്‌ഇ) 1199 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. ഇത് പ്രാരംഭ വിലയേക്കാളും 140 ശതമാനം അധികമായിരുന്നു.
ജെഎസ്‌ഡബ്ള്യു ഇൻഫ്രാസ്ട്രക്ച്ചർ
ജെഎസ്‌ഡബ്ള്യു ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഓഹരികൾ ഒക്‌ടോബർ 3നാണ് വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഇഷ്യൂ വിലയായ 119 രൂപയ്‌ക്കെതിരെ 32 ശതമാനത്തിലധികം പ്രീമിയത്തോടെയാണ് ഓഹരികൾ ദിവസം അവസാനിച്ചത്. ബിഎസ്‌ഇയിലെ ഇഷ്യു വിലയിൽ നിന്ന് 20.16 ശതമാനം കുതിച്ചുചാട്ടം നടത്തി 143 രൂപയിലാണ് ഓഹരി അരങ്ങേറ്റം കുറിച്ചത്. ഇത് പിന്നീട് 32.18 ശതമാനത്തോളം ഉയർന്ന് 157.30 രൂപയിലെത്തുകയും ചെയ്‌തു.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (ഐആർഎഡിഎ)
ഈ വർഷം നേട്ടമുണ്ടാക്കിയ മറ്റൊരു ഐപിഒ ആണിത്. നവംബർ 29നായിരുന്നു ഇതിന്റെ സ്‌റ്റോക്ക് മാർക്കറ്റ് അരങ്ങേറ്റം. ഇഷ്യു വിലയായ 32 രൂപയ്ക്ക് എതിരെ 87.5 ശതമാനം പ്രീമിയത്തിൽ അത് അവസാനിച്ചു. ബിഎസ്ഇയിലും എൻഎസ്ഇയിലും ഇഷ്യു വിലയേക്കാൾ 56.25 ശതമാനം ഉയർന്ന് ഐആർഇഡിഎ സ്‌റ്റോക്ക് 50 രൂപയിലാണ് ലിസ്‌റ്റ് ചെയ്‌തത്.എൻഎസ്ഇയിൽ ഓഹരി വില 87.5 ശതമാനം ഉയർന്ന് 60 രൂപയിലും ഇത് അവസാനിച്ചു.
നെറ്റ്‌വെബ് ടെക്‌നോളജീസ് ഇന്ത്യ
പട്ടികയിലെ അപ്രതീക്ഷിത സാന്നിധ്യമാണ് ഈ ഓഹരി. ഡൽഹി ആസ്ഥാനമായുള്ള ഹൈ എൻഡ് കമ്പ്യൂട്ടിംഗ് സൊല്യൂഷൻ പ്രൊവൈഡർ നെറ്റ്‌വെബ് ടെക്‌നോളജീസ് ഇന്ത്യ ഇഷ്യൂ വിലയേക്കാൾ 89.4 ശതമാനം ഉയർന്ന് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഎസ്‌ഇയിൽ, കമ്പനിയുടെ ഓഹരികൾ ഇഷ്യു വിലയായ 500 രൂപയ്ക്ക് എതിരെ 942.5 രൂപ എന്ന നിരക്കിലാണ് ലിസ്‌റ്റ് ചെയ്‌തതെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
സെൻകോ ഗോൾഡ്
സെൻകോ ഗോൾഡ് ലിമിറ്റഡിന്റെ ഓഹരികൾ ജൂലൈ 14നാണ് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തത്. എൻഎസ്‌ഇയിൽ ഈ സ്‌റ്റോക്ക് ഒരു ഷെയറിന് 430 രൂപ എന്ന നിരക്കിലാണ് ഇത് ലിസ്‌റ്റ് ചെയ്‌തത്. ഇത് പ്രാരംഭ വിലയായ 317 രൂപയേക്കാൾ 35.6 ശതമാനം കൂടുതലാണ്. ബിഎസ്ഇയിലാവട്ടെ ഓഹരികൾ ഒന്നിന് 431 രൂപ നിരക്കിലാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications