ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യുഎസ് കോടതി; '250 മില്യൺ ഡോളർ കൈക്കൂലി നൽകി'
ന്യൂയോർക്ക്: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യുഎസ് കോടതി. ന്യൂയോർക്കിലെ ഈസ്‌റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ്. അറ്റോർണി ഓഫീസ് ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ, അസൂർ പവർ എന്നിവക്കെതിരെയാണ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഇതിന് പുറമേ വിഷയത്തിൽ അന്വേഷണം തടസപ്പെടുത്താൻ അദാനിയും കൂട്ടാളികളും ശ്രമിച്ചതായി എഫ്ബിഐ അസിസ്‌റ്റന്റ് ഡയറക്‌ടർ ജെയിംസ് ഡെന്നിഹിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിലെ തിരിച്ചടിയിൽ നിന്ന് കരകയറി വരുന്ന അദാനി ഗ്രൂപ്പിന് വലിയ പ്രതിസന്ധിയാണ് പുതിയ അന്വേഷണം സൃഷ്‌ടിക്കുക.

അതേസമയം, അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) അദാനിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അദാനിക്കൊപ്പം മറ്റ് രണ്ട് എക്‌സിക്യൂട്ടീവുകൾക്ക് എതിരെയും എസ്ഇസി കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതിൽ ഗൗതം അദാനിയുടെ മരുമകൻ സാഗർ അദാനി അടക്കം ഉൾപ്പെട്ടിട്ടുണ്ട്. റിന്യൂവബിൾ എനർജി കമ്പനികളായ അദാനി ഗ്രീൻ, അസൂർ പവർ എന്നിവയ്ക്ക് ഇന്ത്യൻ സർക്കാർ നൽകിയ കോടിക്കണക്കിന് ഡോളറിന്റെ സോളാർ എനർജി പദ്ധതികൾ മുതലെടുക്കാനായി കൈക്കൂലി നൽകിയതായാണ് എസ്ഇസിയുടെ ആരോപണം.
ഇതിനായി 2020ലും 2024ലും 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യയിലെ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നാണ് ആരോപിക്കുന്നത്. അസൂർ പവർ ഗ്ലോബൽ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥനായ സിറിൽ കാബൻസിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
ഫെഡറൽ സെക്യൂരിറ്റീസ് നിയമങ്ങളിലെ ആന്റി ഫ്രോഡ് വ്യവസ്ഥകൾ ലംഘിച്ചതിനാണ് പരാതിയിൽ അവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വിലക്കുകൾ, വൻ തുക പിഴ എന്നിവ ഉൾപ്പെടെയുള്ളവ കൂടി ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി.
ആരോപണ വിധേയമായ പദ്ധതിയുടെ പേരിൽ സമയത്ത്, അദാനി ഗ്രീൻ യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൺ ഡോളറിലധികം സമാഹരിച്ചുവെന്നാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ പറയുന്നത്. കൈക്കൂലി, അഴിമതി വിഷയങ്ങളിൽ തെറ്റായ പ്രസ്‌താവനകൾ നടത്തി അദാനി ഗ്രൂപ്പ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് വിപണി മൂല്യത്തിൽ നേരിടേണ്ടി വന്നത്. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും വിപണി മൂല്യം പെരുപ്പിച്ച് കാട്ടാനും ഷെൽ കമ്പനികൾ മുഖേന അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രധാന ആരോപണം. ശേഷം സെബി മേധാവിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയും അദാനി ഗ്രൂപ്പിന് നേരെ ആരോപണം ഉയർന്നിരുന്നു.












Click it and Unblock the Notifications