രാജ്യത്തെ നമ്പർ ടു കോടീശ്വരൻ, സ്വന്തമായി 10 കമ്പനികൾ; ഗൗതം അദാനിയുടെ ശമ്പളം എത്ര? കോടികൾ കടക്കും
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടിക എടുത്താൽ രണ്ടാമതുള്ള വ്യക്തിയാണ് ഗൗതം അദാനി. എല്ലാവർക്കും അറിയാവുന്നത് പോലെ ഒന്നാം സ്ഥാനത്ത് റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി തന്നെയാണ്. എന്നാൽ പലർക്കും അറിയാത്തൊരു കാര്യമാണ് ഇവർക്കൊക്കെയും കൃത്യമായ ശമ്പളം അതത് കമ്പനികളിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നത്.
കമ്പനികളുടെ ആകെ മൂല്യവും അതിന്റെ ഉടമകളോ, സിഇഒമാരോ ആയിട്ടുള്ള ഇവരുടെ അസ്‌തിയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടാകും. പുറത്തു നിന്നുള്ള നിക്ഷേപങ്ങളും മറ്റ് ചില ഘടകങ്ങളും ഒക്കെ ചേർന്നാണ് ആകെ മൂല്യം നാം കണക്കാക്കുന്നത്. ഏത് നിലയിൽ നോക്കിയാലും രാജ്യത്തെ സമ്പന്നരിൽ രണ്ടാമൻ അദാനി തന്നെയാണ്.

എന്നാൽ ഗൗതം അദാനിയുടെ ആസ്‌തി ആരെയും ഞെട്ടിക്കുന്നതാണ്. അപ്പോൾ അദ്ദേഹത്തിന്റെ ശമ്പളവും അങ്ങനെ തന്നെയായിരിക്കണ്ടേ. അദാനി ഗ്രൂപ്പ് എന്ന വമ്പൻ ബിസിനസ് സ്ഥപനത്തിന് നേതൃത്വം ഗൗതം അദാനി കൈപ്പറ്റുന്ന ശമ്പളം അത്രയ്ക്ക് വലുതാണ്. എങ്കിലും പല വ്യവസായ പ്രമുഖന്മാരെക്കാളും ബിസിനസ് എക്‌സിക്യൂട്ടിവുകളെക്കാളും കുറവാണ് അദ്ദേഹത്തിന്റെ ശമ്പളം.
2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആകെ 9.26 കോടി രൂപയാണ് അദാനി ശമ്പളമായി കൈപ്പറ്റിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും സഹ സ്ഥാപനങ്ങൾ ഉള്ള അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികളിൽ നിന്ന് മാത്രമാണ് ഗൗതം അദാനി ശമ്പളം കൈപ്പറ്റുന്നത്. ആകെ പത്ത് കമ്പനികളാണ് അദാനി ഗ്രൂപ്പിന് കീഴിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
നേരത്തെ റിലയൻസ് മേധാവിയായ മുകേഷ് അംബാനി ഒരു രൂപ പോലും ശമ്പളം കൈപ്പറ്റുന്നില്ല എന്ന വാർത്തകൾ വലിയ പ്രാധാന്യം നേടിയിരുന്നു. എന്നാൽ അദാനി അങ്ങനെയല്ല, തന്റെ രണ്ട് കമ്പനികൾ നിന്ന് മാത്രം അദ്ദേഹം കോടികളാണ് ശമ്പളമായി വാങ്ങുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതൊരു വാർഷിക കണക്കാണ്, എങ്കിൽ രാജ്യത്തെ പല ബിസിനസ് എക്‌സിക്യൂടീവുകളും ഇതിലും അധികം ശമ്പളം വാങ്ങാറുണ്ട് എന്നതാണ് വാസ്‌തവം.
വിശദമായ കണക്കുകൾ നോക്കിയാൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽ നിന്ന് 2023- 24 സാമ്പത്തിക വർഷത്തിൽ അദ്ദേഹം ശമ്പളം, പെർക്വിസൈറ്റുകൾ, അലവൻസുകൾ എന്നിവയായി 2.19 കോടി രൂപയും, മറ്റ് ആനുകൂല്യങ്ങളായി 27 ലക്ഷം രൂപയുമാണ് വാങ്ങിയത്. കൂടാതെ ഗ്രൂപ്പിന്റെ മറ്റൊരു മുൻനിര സ്ഥാപനമായ അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡിൽ നിന്ന് 6.8 കോടി രൂപയും അദ്ദേഹം കൈപ്പറ്റി.
അദാനി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം
ഫോബ്‌സിന്റെ കണക്കനുസരിച്ച് 7,14,460 കോടി രൂപ (85.5 ബില്യൺ യുഎസ് ഡോളർ) തൽസമയ ആസ്‌തിയാണ് ഗൗതം അദാനിക്കുള്ളത്. ആഗോള സമ്പന്ന പട്ടികയിൽ നിലവിൽ 19-ാം സ്ഥാനത്തും, ഇന്ത്യൻ പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് അദ്ദേഹമുള്ളത്. ഗൗതം അദാനിയുടെ കമ്പനികളിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ളത് അദാനി എന്റർപ്രൈസസിനാണ്. 3.64 ലക്ഷം കോടി രൂപയാണ് ഈ കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്.
നേരത്തെ യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ആടിയുലഞ്ഞിരുന്നു. വൻ തകർച്ചയാണ് കമ്പനിയുടെ വിപണി മൂല്യത്തിൽ ഉണ്ടായത്. എന്നാൽ അവിടെ നിന്ന് വീണ്ടും കമ്പനി ശക്തമായി തിരിച്ചവരികയാണ്. ഈ വേളയിലാണ് അദാനി ഗ്രൂപ്പ് തലവന്റെ ശമ്പളം ചർച്ചയാവുന്നത്.












Click it and Unblock the Notifications