എയർ ഇന്ത്യയ്ക്കും വിസ്‌താരയ്ക്കും എട്ടിന്റെ പണിയോ? അദാനിയും ഏവിയേഷൻ രംഗത്തേക്ക്, അടിച്ചുകേറി വരും
ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ആളുകളിൽ ഒരാളാണ് ഗൗതം അദാനി. മുകേഷ് അംബാനിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ. നിരവധി മേഖലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം. പൊതുവെ അദാനി ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കമ്പനികൾ നിലവിൽ കൈവയ്ക്കാത്ത മേഖലകൾ കുറവാണെന്ന് വേണമെങ്കിൽ പറയാം.
എന്നാൽ രാജ്യത്തെ പ്രധാന കമ്പനിയായ ടാറ്റ ഗ്രൂപ്പിന് ഉൾപ്പെടെ വലിയ ആശങ്ക ഉയർത്തുന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ അദാനിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത്. മറ്റൊന്നുമല്ല അത് അദാനി ഗ്രൂപ്പിന്റെ പുതിയ ബിസിനസ് സംരംഭത്തെ കുറിച്ചുള്ളതാണ്. ഏറെ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം അദാനി ഗ്രൂപ്പ് ഏവിയേഷൻ മേഖലയിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം.

നിലവിൽ വലിയൊരു മാറ്റം അനിവാര്യമായ ഇന്ത്യൻ ഏവിയേഷൻ മേഖലയ്ക്ക് അദാനി ഗ്രൂപ്പിന്റെ കടന്ന് വരവ് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ. ആധുനികവത്കരണം കാര്യമായി നടക്കാത്ത രാജ്യത്തെ മേഖലകളിൽ ഒന്ന് കൂടിയാണ് വ്യോമയാനം. ഇന്ത്യയിലെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഇക്കാര്യത്തിൽ നിരന്തരം പരാതികൾ ഉന്നയിക്കാറുമുണ്ട്.
ആഗോള തലത്തിലെ തന്നെ പ്രമുഖ എയർക്രാഫ്റ്റ് നിർമ്മാണ കമ്പനിയായ ബൊംബാർഡിയറിന്റെ സിഇഒ എറിക് മാർട്ടലുമായി അദാനി നിർണായക ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ വ്യോമയാന ശേഷി ഉയർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായി പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്ന ചർച്ചകളാണ് ഇതെന്നാണ് വിവരം. എന്നാൽ മറ്റ് വിശദാംശങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
തന്റെ എക്‌സ് പോസ്‌റ്റിലൂടെ ഗൗതം അദാനി തന്നെ കൂടിക്കാഴ്‌ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നീക്കമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആഗോള തലത്തിൽ തന്നെ ഏവിയേഷൻ മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്താനുള്ള നീക്കങ്ങളുടെ ആദ്യപടിയാണിത്.
നിലവിൽ അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ്, ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കിടയിൽ വൈദഗ്ധ്യം വളർത്തുന്നതിന് ആഗോള പങ്കാളികളുമായി സഹകരിച്ചു കൊണ്ട് മുന്നോട്ട് പോവുന്ന കമ്പനിയാണ്. അതുകൊണ്ട് തന്നെ മേഖലയിലേക്ക് കടന്നുവരിക അവരെ സംബന്ധിച്ചൊരു വെല്ലുവിളിയല്ല.
നേരത്തെ അദാനിയുടെ ഇതേ കമ്പനി യുഎഇ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയുമായി പ്രതിരോധ വിഷയത്തിൽ കരാർ ഒപ്പിട്ടിരുന്നു. ഇതിന് ശേഷമാണ് അവരുടെ പുതിയ നീക്കം. മികച്ച സാങ്കേതിക വിദ്യയും നയങ്ങളുമുള്ള ബൊംബാർഡിയറിനെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിലൂടെ മേഖലയിൽ തങ്ങൾ കൂടുതൽ കരുത്തരാവും എന്നാണ് അദാനി കരുതുന്നത്.
ടാറ്റ ഗ്രൂപ്പിന് വെല്ലുവിളിയാവുമോ?
എയർ ഇന്ത്യ, വിസ്‌താര ഉൾപ്പെടെയുള്ള എയർലൈനുകൾ പ്രവർത്തിപ്പിക്കുന്ന ടാറ്റ ഗ്രൂപ്പാണ് നിലവിൽ രാജ്യത്തെ പ്രമുഖർ. എന്നാൽ അദാനി കൂടി മേഖലയിലേക്ക് കടന്നുവരുമ്പോൾ അവരുടെ ബിസിനസിന് ഉറപ്പായും വെല്ലുവിളി നേരിടേണ്ടി വരും. എന്നാൽ എയർലൈൻ ആരംഭിക്കുന്നത് സംബന്ധിച്ച എന്തെങ്കിലും സൂചനകൾ അദാനി തന്നിട്ടില്ല എന്നത് മാത്രമാണ് ടാറ്റയെ സംബന്ധിച്ചുള്ള ആശ്വാസം. എങ്കിലും അദാനി കൂടി രംഗത്തിറങ്ങിയത് മേഖല കൂടുതൽ മത്സരാധിഷ്‌ഠിതമാവും എന്നതാണ് പ്രധാനപ്പെട്ട കാര്യം.












Click it and Unblock the Notifications