വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിനും പരിധിയോ? പാൻ കാർഡ് ഇല്ലാതെ വാങ്ങാൻ പോയാലും കിട്ടും എട്ടിന്റെ പണി
നമ്മളിൽ ഭൂരിഭാഗം പേർക്കും സ്വർണം വലിയൊരു ആശ്വാസമാണ്.പൊതുവെ സ്ത്രീകൾക്കും പുരുഷന്മാർക്കും ആഭരണം ഉണ്ടാക്കുന്ന ലോഹം എന്നതിലുപരി വലിയ നിക്ഷേപ സാധ്യതകളുള്ള സ്വർണത്തെ ആ നിലയ്ക്ക് തന്നെ നാം കാണേണ്ടതുണ്ട്. അത്തരത്തിൽ സ്വർണത്തിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായും ഒരുപാട് കാര്യങ്ങളുണ്ട്.
ഇനി മറ്റ് നിക്ഷേപങ്ങൾക്ക് ഉപരിയായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, അത് ആഭരണത്തിനായാലും മറ്റെന്തിനായാലും സൂക്ഷിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് എത്ര സ്വർണം വരെ ഒരാൾക്ക് വീട്ടിൽ കൈവശം സൂക്ഷിക്കാം എന്നുള്ളതാണ്. അത് മാത്രമല്ല സ്വർണം വാങ്ങാൻ പാൻ കാർഡ് വേണോ എന്നതും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.

രാജ്യത്ത് സ്വർണവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അറിയാതെ പോകുന്നത് ഭീമമായ ആദായ നികുതി പിഴ അടയ്ക്കുന്നതിലേക്ക് നയിക്കും. നിശ്ചിത മൂല്യത്തിന് മുകളിലുള്ള സ്വർണം വാങ്ങലുകൾക്ക് ഇന്ത്യയിൽ പാൻ കാർഡോ, അതിന് തുല്യമായ കെവൈസി രേഖകളോ ആവശ്യമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ചട്ടങ്ങൾ ഇങ്ങനെ
2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരുന്ന വാങ്ങലുകൾക്കായി പാൻ കാർഡ് ഇന്ത്യയിൽ നിർബന്ധമാണ്. ആദായ നികുതി നിയമം സെക്ഷൻ 114ബി പ്രകാരമാണ് സ്വർണം വാങ്ങുന്നത് ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്. സ്വർണം വാങ്ങലുകളിൽ പാൻ കാർഡിന്റെ ആവശ്യകത നിർബന്ധമാക്കുന്ന വകുപ്പാണ് ഇത്. കൂടാതെ ഈ നിയമപ്രകാരം രണ്ട് ലക്ഷം രൂപ വരെയാണ് പണമായി നിങ്ങൾക്ക് കൈമാറാൻ കഴിയുക (സ്വർണത്തിന് പകരമായി).
അതിന് മുകളിലുള്ള ഏതൊരു കൊടുക്കൽ വാങ്ങലുകൾക്കും ചെക്ക്, കാർഡ് ട്രാൻസാക്ഷൻ എന്നിവയാണ് അവർ നിർദ്ദേശിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വലിയ ആശങ്കയ്ക്ക് സ്ഥാനമില്ല. കാരണം ഇതൊരു പ്രതിദിന പരിധിയാണ്. ആവശ്യമെങ്കിൽ നിങ്ങൾക്ക് അടുത്ത ദിവസം അതേ നിലയിൽ ഇടപാടുകൾ നടത്താനുള്ള സൗകര്യം ഉണ്ടാവും.
സ്വർണം സൂക്ഷിക്കൽ ചട്ടം
നിയമ പ്രകാരം കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി മറികടക്കുന്നത് വലിയ പിഴയ്ക്ക് കാരണം ആയേക്കാം. കേന്ദ്ര പ്രത്യക്ഷ നികുതി ബോഡിന്റെ ചട്ടം അനുസരിച്ച് കാർഷിക വരുമാനം, നിയമപരമായി പാരമ്പര്യമായി ലഭിച്ച പണം, ന്യായമായ ഗാർഹിക സമ്പാദ്യവും പോലുള്ള വെളിപ്പെടുത്തിയ വരുമാന സ്രോതസുകൾ വഴി വാങ്ങിയ സ്വർണത്തിന് നികുതിയില്ല.
ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications