സ്വർണം ഇനി ആഭരണമായല്ല, ട്രെൻഡൊക്കെ മാറി; ഇന്ത്യക്കാർ കണ്ണുവയ്ക്കുന്നത് ഇടിഎഫിൽ, ഇക്കുറി 3751 കോടി കടന്നു
മുംബൈ: സ്വർണം ഇന്ത്യക്കാർക്ക് ഇടയിൽ വലിയൊരു നിക്ഷേപ മാർഗമായി മാറിയിട്ട് നാളുകൾ ഏറെയായി. കടപ്പത്രങ്ങളും ആഭരണങ്ങളും ഒക്കെ മാറി ഇപ്പോൾ മറ്റൊരു രീതിയിലൂടെയാണ് പലരും സ്വർണത്തിൽ നിക്ഷേപം നടത്തുന്നത്. അതാണ് ഇടിഎഫ് അഥവാ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ. ഇന്ത്യയിൽ സ്വർണവില കുതിച്ചുയർന്നപ്പോൾ ഇടിഎഫിനും വൻ തോതിൽ ആവശ്യക്കാർ ഉയർന്നുവെന്ന് കാണിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം വലിയ കുതിപ്പാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ഈ ഫണ്ടുകളിലേക്ക് നിക്ഷേപകർ 3,751.4 കോടി രൂപ ഒഴുക്കിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജനുവരിയിൽ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഇത് നമുക്ക് കാട്ടിതരുന്നു.

മുൻ മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ ചെറിയ മുന്നേറ്റമല്ല ഉണ്ടായതെന്ന് കണക്കുകൾ നോക്കിയാൽ നമുക്ക് മനസിലാവും. 2024 ഡിസംബറിൽ 640 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഒരു മാസത്തിനുള്ളിൽ ഗോൾഡ് ഇടിഎഫുകൾക്കായി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിക്ഷേപം ജനുവരിയിൽ ഉയർന്നുവന്നതും ഈ റെക്കോർഡ് സ്വന്തമാക്കിയതും.
കഴിഞ്ഞ വർഷം ഗോൾഡ് ഇടിഎഫുകൾ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിരുന്നു. വാർഷിക അടിസ്ഥാനത്തിൽ, ഈ ഫണ്ടുകൾ വരവിൽ 471 ശതമാനം വർധനവ് രേഖപ്പെടുത്തി. 2024 ജനുവരിയിലെ 657 കോടി രൂപയിൽ നിന്ന് 2025 ജനുവരിയിൽ ഇത് 3,751.4 കോടി രൂപയായി ഉയർന്നുവെന്നതാണ് ഈ ട്രെൻഡുകളിലെ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്നത്.
നിക്ഷേപങ്ങളിലെ കുതിച്ചുചാട്ടത്തിന് പുറമേ, ഗോൾഡ് ഇടിഎഫുകൾ ജനുവരിയിൽ ശരാശരി 7.29 ശതമാനം നേട്ടം നൽകി ശക്തമായ വരുമാന മാർഗമാണ് തുറന്നിട്ടത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കിടയിൽ സ്വർണ വില ഉയരുന്നതും വിപണിയിലെ ചാഞ്ചാട്ടവും ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങളാണ് നിക്ഷേപങ്ങളുടെ കുതിപ്പിന് വഴിയൊരുക്കിയത്.
പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും തങ്ങളുടെ പോർട്ട്ഫോളിയോകൾ വൈവിധ്യവത്കരിക്കാനും വേണ്ടിയാണ് പ്രധാനമായും രാജ്യത്തെ നിക്ഷേപകർ ഗോൾഡ് ഇടിഎഫുകൾ ഉപയോഗിക്കുന്നത്. പണപ്പെരുപ്പ സമ്മർദങ്ങൾ ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്നത് തുടരുന്നതിനാൽ തന്നെ സ്ഥിരത ആഗ്രഹിക്കുന്നവർക്ക് ഇടിഎഫുകൾ അനുയോജ്യമായ കാര്യം തന്നെയാണ്.
ഗോൾഡ് ഇടിഎഫും അതിന്റെ ഗുണങ്ങളും
ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ അഥവാ ഇടിഎഫ് സാധാരണഗതിയിൽ നിക്ഷേപകർക്ക് സ്വർണം കൈവശം വയ്ക്കാതെ തന്നെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുന്നു എന്നത് കൊണ്ടാണ് വ്യത്യസ്‌തമാവുന്നത്. ഇവ സ്വർണത്തിന്റെ വിപണി വിലയും ഓഹരി വിപണിയിലെ മാറ്റങ്ങളും കൃത്യമായി പിന്തുടരുകയും ചെയ്യും.
നിക്ഷേപകർക്ക് അവരുടെ ഗോൾഡ് ഇടിഎഫുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം തൽക്ഷണം കൈമാറ്റം ചെയ്യാനും ഒരു സജീവ ഡീമാറ്റ് അക്കൗണ്ട് മാത്രമേ ആവശ്യമുള്ളൂ. അതിനാൽ തന്നെ സാധാരണ നിക്ഷേപത്തിന്റെ നൂലാമാലകൾ ഒഴിവാക്കാം. കൂടാതെ മറ്റ് നിക്ഷേപ വഴികൾ തേടുന്നവർക്ക് വൈവിധ്യവത്കരണത്തിന് ഏറ്റവും നല്ല മാർഗം കൂടിയാണിത്.












Click it and Unblock the Notifications