15,000 കോടിയുടെ ആസ്‌തി, ഗൂഗിൾ ക്ലൗഡ് സിഇഒ പദവി; തോമസ് കുര്യൻ എന്ന മലയാളിയെ എത്ര പേർക്കറിയാം?
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനങ്ങളുടെയും, ഐടി കമ്പനികളുടെയും തലപ്പത്ത് ഭൂരിഭാഗവും ഇന്ത്യക്കാരാണ് എന്ന കാര്യം നമുക്കൊക്കെ അറിയാവുന്നതാണ്. ഇത്തരത്തിൽ ഗൂഗിളിന്റെ ഒരു സബ്‌സിഡയറിയായ ഗൂഗിൾ ക്ലൗഡ് നയിക്കുന്നത് ഒരു ഇന്ത്യക്കാരൻ ആണെന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടുമോ? ഇല്ലെങ്കിൽ വേണ്ട അതൊരു മലയാളി ആണെന്ന് കേട്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും.
അതെ ശരിയാണ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയെ കൂടാതെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം കൂടി ഗൂഗിളിലുണ്ട്. അതാണ് കോട്ടയം സ്വാദേശിയായ തോമസ് കുര്യൻ. ഗൂഗിൾ ക്ലൗഡ് സിഇഒയാണ് അദ്ദേഹം. 15,000 കോടി രൂപയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്‌തി മൂല്യമെന്നും ശ്രദ്ധിക്കേണ്ട വിഷയമാണ്. അതായത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടേതിനേക്കാൾ കൂടുതലാണ് അദ്ദേഹത്തിന്റെ സമ്പത്ത് എന്ന് ചുരുക്കം.

1966ലാണ് കോട്ടയം പാമ്പാടിയിൽ തോമസ് കുര്യന്റെ ജനനം. ഇരട്ട സഹോദരനായ ജോർജ്ജ് കുര്യനൊപ്പം അദ്ദേഹം ബംഗളൂരുവിലെ സെന്റ് ജോസഫ്സ് ബോയ്‌സ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയായിരുന്നു. പിന്നീട് ഉപരിപഠനത്തിനായി ഐഐടി മദ്രാസിൽ ചേർന്നെങ്കിലും യുഎസിൽ പോവുക എന്ന ലക്ഷ്യത്തോടെ ഇടയ്ക്ക് വെച്ച് ഐഐടി പഠനം അവസാനിപ്പിക്കുകയായിരുന്നു.
പിന്നീട് സ്‌റ്റാൻഫോർഡ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് ഇലക്ട്രിക്കൽ തോമസ് കുര്യൻ എഞ്ചിനീയറിങ്ങിൽ ബിരുദവും, എംബിഎയും കരസ്ഥമാക്കി. മക്കൻസി ആൻഡ് കമ്പനിയിൽ നിന്നാണ് അദ്ദേഹം തന്റെ പ്രഫഷണൽ കരിയർ ആരംഭിച്ചത്. ഈ കമ്പനിയിലെ 6 വർഷത്തെ വിജയകരമായ പ്രവർത്തനത്തിന് ശേഷം പ്രശസ്‌തമായ ഒറാക്കിൾ എന്ന സ്ഥാപനത്തിലേക്ക് അദ്ദേഹം കൂടുമാറുകയായിരുന്നു.
ഇവിടുത്തെ 22 വർഷത്തെ ദീർഘകാലത്തെ പ്രവർത്തനത്തിൽ കോർപറേറ്റ് പടികൾ ഓരോന്നായി അദ്ദേഹം നടന്നു കയറുകയായിരുന്നു. പിന്നീട് 32 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന 35,000 ജീവനക്കാരുടെ ടീമിന് അദ്ദേഹം നേതൃത്വം നൽകി. ഒറാക്കിൾ സഹസ്ഥാപകനായ ലാറി എല്ലിസണുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2018ൽ അദ്ദേഹം കമ്പനി വിട്ടത്.
ഇതിന് പിന്നാലെ കരിയറിൽ അര നൂറ്റാണ്ടിലധികം അനുഭവ സമ്പത്തുള്ള തോമസ് കുര്യന് മുന്നിലേക്ക് ഗൂഗിൾ എന്ന മഹാപ്രസ്ഥാനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നത്. ഗൂഗിൾ ക്ലൗഡ് സിഇഒ എന്ന പദവി ഏറ്റെടുക്കാനായിരുന്നു നിർദ്ദേശം. അത്രയ്ക്ക് എളുപ്പമായിരുന്നില്ല ആ ചുമതല എന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചര വർഷങ്ങൾ കൊണ്ട് ഗൂഗിൾ ക്ലൗഡിന്റെ ഉയർത്തെഴുന്നേൽപ്പിന് വഴിവെച്ചത് അദ്ദേഹമായിരുന്നു.
360 വൺ വെൽത്ത് ഹാരൂൺ ഇന്ത്യ റിച്ച് ലിസ്‌റ്റ് 2023 പ്രകാരം രണ്ടാമത്തെ ധനികനായ ഇന്ത്യൻ മാനേജർ തോമസ് കുര്യനാണ്. അതിന് പുറമെ ലോകത്തിലെ തന്നെ ധനികരായ മാനേജർമാരിൽ മുൻനിരയിലുള്ള വ്യക്തികൂടിയാണ് അദ്ദേഹം.












Click it and Unblock the Notifications