ജിഎസ്‌ടി ഇളവ്; 5 ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷുറൻസിന് നികുതിയില്ല, ഷൂസിനും വാച്ചിനും 28 ശതമാനം, ശുപാർശ
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്‌ടി നിരക്കിൽ മാറ്റത്തിന് ശുപാർശ. ആരോഗ്യ ഇൻഷുറൻസിൽ മുതിർന്ന പൗരന്മാർക്ക് പൂർണമായും ഇളവ് നൽകുക ഉൾപ്പെടെയുള്ള സുപ്രധാന മാറ്റങ്ങൾക്കാണ് ജിഎസ്‌ടി കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതി നിർദ്ദേശം നൽകിയിരിക്കുന്നത്. കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ ഉൾപ്പെടെ അംഗമായ സമിതിയുടേതാണ് നിർദ്ദേശം.
കൂടുതൽ വസ്‌തുക്കൾക്ക് നികുതി ഇളവിനുള്ള ശുപാർശയും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ചുരുക്കം ചിലതിന്റെ നികുതി വർധിപ്പിക്കാനും ശുപാർശയുണ്ട്. അഞ്ച് ലക്ഷം വരെ പ്രീമിയം വരുന്ന ആരോഗ്യ ഇൻഷുറൻസുകൾക്ക് ഉള്ളജിഎസ്‌ടി ഒഴിവാക്കാനാണ് നിർദ്ദേശം. ഇത് അംഗീകരിച്ചാൽ ഇനി അഞ്ച് ലക്ഷത്തിന് മുകളിൽ ഉള്ളവയ്ക്ക് മാത്രമാവും നികുതി ഈടാക്കുക.

ഈ പരിധിക്ക് മുകളിലുള്ള ആരോഗ്യ ഇൻഷുറൻസുകൾക്ക് 18 ശതമാനം ജിഎസ്‌ടി ആയിരിക്കും നിലവിലുണ്ടാവുക. മുതിർന്ന പൗരൻമാരുടെ ആരോഗ്യ ഇൻഷുറൻസുകൾക്ക് പൂർണമായും ജിഎസ്‌ടി ഒഴിവാകും. അവർക്ക് അഞ്ച് ലക്ഷം പരിധി ബാധകമാവില്ല. ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്.
ഈ നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികം ജിഎസ്‌ടി കൗൺസിലിനാണ്. അടുത്ത യോഗത്തിലാവും ഈ വിഷയം.ചർച്ചയാവുക. സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ശുപാർശകൾ നടത്തുക എന്നതായിരുന്നു മന്ത്രിതല സമിതിയുടെ പൊതുവായുള്ള അഭിപ്രായമെന്നും മുതിർന്ന പൗരന്മാരെ മുന്നിൽ കണ്ടാണ് നിർദ്ദേശങ്ങൾ നൽകിയതെന്നും സമിതിയുടെ അധ്യക്ഷനായ സാമ്രാട്ട് ചൗധരി വ്യക്തമാക്കി.
നേരത്തെ ആരോഗ്യ ഇൻഷുറൻസുകൾക്കുള്ള ജിഎസ്‌ടി പൂർണമായും പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം നടത്തിയിരുന്നു. കൂടാതെ സർക്കാരിന്റെ തന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രി നിർമ്മല സീതാരാമന് കത്തയക്കുകയും ചെയ്‌തിരുന്നു. ഇതിൽ അനുകൂല നിലപാട് സ്വീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
സമിതിയുടെ മറ്റ് നിർദ്ദേശങ്ങൾ
വിലകൂടിയ ഷൂസുകൾ, വാച്ചുകൾ എന്നിവയ്ക്ക് ഉയർന്ന നികുതി ഈടാക്കണമെന്നാണ് സമിതിയുടെ മറ്റൊരു നിർദ്ദേശം. ഒരു ജോഡിക്ക് 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂസുകളുടെയും 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്‌റ്റ് വാച്ചുകളുടെയും ജിഎസ്‌ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തണമെന്നാണ് ശുപാർശ. ഇതിലൂടെ വരുമാനം വർധനവ് നേടാമെന്നാണ് മന്ത്രിതല സമിതി കണക്ക് കൂട്ടുന്നത്.
20 ലിറ്ററും അതിനുമുകളിലും ഉള്ള പാക്കേജ് കുടിവെള്ളത്തിന്റെ ജിഎസ്‌ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കണം. 10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. കൂടാതെ 12 എക്സൈസ് നോട്ട് ബുക്കുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications