ഒരു രോഗം മതി കുടുംബം മുടിക്കാൻ; ഹെൽത്ത് ഇൻഷുറൻസ് കൃത്യമെങ്കിൽ പിന്നെ ഭയം വേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇന്നത്തെ കാലത്ത് നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യങ്ങളിൽ ഒന്നാണ് ചികിത്സാ ചെലവ്. നിലവിലെ സാഹചര്യത്തിൽ നാലോ അഞ്ചോ പേർ അടങ്ങുന്ന ഒരു കുടുംബത്തിന് സംബന്ധിച്ച് അപ്രതീക്ഷിതമായി വന്നെത്തുന്ന രോഗമെന്ന അതിഥിയെ മുൻകൂട്ടി കണ്ടാവില്ല ബജറ്റ് നിശ്ചയിക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ ആശുപത്രി ചിലവിനത്തിൽ വൻ ബാധ്യതയാകും നമുക്കുണ്ടാവുക.
ഇനി അങ്ങനെ ഉണ്ടാവാതിരിക്കാനാണ് ഹെൽത്ത് ഇൻഷുറൻസ് എന്ന ആയുധം നമുക്ക് മുൻപിലുള്ളത്. കാഴ്‌ചയിൽ അനാവശ്യ ചിലവാണെന്ന് തോന്നുമെങ്കിലും ഹെൽത്ത് ഇൻഷുറൻസുകൾ യഥാർത്ഥത്തിൽ ഏറ്റവും ഗുണകരമായ കാര്യങ്ങളിൽ ഒന്നാണ്. കാരണം അപ്രതീക്ഷിതമായ ആശുപത്രി ചെലവ് എന്ന ഭാരത്തിൽ നിന്നുള്ള ഒരു മോചനം ഇതിലൂടെ സാധ്യമാവും. ഈ കാര്യങ്ങൾ ഇതിനായി നിർബന്ധമായും ശ്രദ്ധിക്കണം.

ഏത് പോളിസി വേണമെന്ന് തീരുമാനിക്കുക
ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്‌തമായിരിക്കും. അത് ഇൻഷുറൻസിന്റെ കാര്യത്തിലും വിഭിന്നമല്ല. പ്രീ-പോസ്‌റ്റ് ഹോസ്‌പിറ്റലൈസേഷൻ, ഡേ കെയർ, ട്രാൻസ്പോർട്ടേഷൻ എന്നിവ അടക്കമുള്ള ചിലവുകൾ ഇവയിലൂടെ കവർ ചെയ്യപ്പെടുന്നു. നിങ്ങൾ കുടുംബത്തിന് വേണ്ടിയുള്ള പോളിസിയാണ് തേടുന്നതെങ്കിൽ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ആവശ്യങ്ങൾ അറിഞ്ഞ ശേഷം മാത്രമാണ് അന്തിമ തീരുമാനം എടുക്കുക.
പ്രീമിയം പരമാവധി കുറയ്ക്കുക
നിങ്ങളുടെ വരുമാനം, കുടുംബത്തിന്റെ ആവശ്യകതകൾ എന്നിവ പരിഗണിച്ച് വേണം പോളിസി തിരഞ്ഞെടുക്കാൻ. അതിനായി പ്ലാൻ ആനുകൂല്യങ്ങളാണ് പരിഗണിക്കേണ്ടത്. കൃത്യമായ നിരക്കിലുള്ള ഒരു പോളിസി കണ്ടെത്തി അനുയോജ്യമായ കവറേജ് ഉറപ്പു വരുത്തുകയാണ് ചെയ്യേണ്ടത്. ഇവിടെ പ്രീമിയം നിരക്കുകൾ നിങ്ങൾക്ക് അടച്ചുതീർക്കാണ് കഴിയുന്നതാണെന്ന് ഉറപ്പ് വരുത്തണം. കാലക്രമേണ, നിങ്ങളുടെ പോളിസി റിവ്യൂ ചെയ്യുകയും, അനുയോജ്യമായ വിധത്തിൽ കവറേജ് ഉയർത്താനും മറക്കരുത്.
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുക
എല്ലായ്പോഴും ഫാമിലി ഹെൽത്ത് ഇൻഷുറൻസിന് പ്രാധാന്യം നൽകുന്നതാണ് നല്ലത്. കുടുംബമില്ലാത്തവർക്ക് വ്യക്തിഗത പ്ലാനുകൾ തന്നെയാണ് അനുയോജ്യം. എന്നാൽ അങ്ങനെയല്ലാത്തവർ ഫാമിലി പ്ലാനുകൾ പരിഗണിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാകും.
പോളിസി കാലയളവ്
ആജീവനാന്തം പുതുക്കാവുന്ന പോളിസികൾ തിരഞ്ഞെടുക്കുക എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങൾ ഒരു പോളിസി തെരഞ്ഞെടുക്കുന്നതിന് മുൻപ് അതിന് എത്ര വർഷം കവറേജ് ലഭിക്കുമെന്നത് പരിശോധിക്കുക. യഥാർത്ഥത്തിൽ പ്രായം കൂടുമ്പോഴായിരിക്കും ആരോഗ്യ ഇൻഷുറൻസ് ഉപകാരപ്പെടുന്നത്. ഇതിനാൽ ആജീവനാന്തം പുതുക്കാൻ സാധിക്കുന്ന പോളിസികൾ വേണം തിരഞ്ഞെടുക്കാൻ.












Click it and Unblock the Notifications