ഒന്ന് വീണുപോയാലും ജീവിതം മുന്നോട്ട് നീങ്ങണ്ടേ? ആരോഗ്യ ഇൻഷുറൻസ് നിസാരമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കോവിഡാനന്തര കാലത്ത് ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെ നാം കാണേണ്ട ഒരു കാര്യമാണ് ആരോഗ്യ ഇൻഷുറൻസുകൾ. പ്രായഭേദമന്യേ ചെറുപ്പക്കാർക്കും കുട്ടികൾക്കും പോലും അപ്രതീക്ഷിത അസുഖങ്ങൾ വരികയും ഹൃദായാഘാതം പോലെയുള്ള ശാരീരിക അസ്വസ്ഥകൾ മരണകാരണം ആവുന്നതുമെല്ലാം നാം നിരന്തരം വാർത്തകളിൽ കാണാറുണ്ട്. അതുകൊണ്ട് ജീവിതം മുന്നോട്ട് നീങ്ങാൻ ആരോഗ്യ ഇൻഷുറൻസുകൾ കൂടിയേ തീരൂ.
സാധാരണ ഗതിയിൽ ആരോഗ്യ ഇൻഷുറൻസുകൾ പലപ്പോഴും ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ നൽകുന്ന രീതിയുണ്ട്. എന്നാൽ ചിലപ്പോൾ അത് നിങ്ങളുടെ മുഴുവൻ കുടുംബത്തിനും പര്യാപ്‍തമല്ലെന്ന് തോന്നിയാൽ അധിക ഇൻഷുറൻസ് തേടാൻ വൈകരുത്. കൂടാതെ അസംഘടിത തൊഴിലാളികൾക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാവണം എന്നില്ല.

അവരും ഉറപ്പായും പുതിയൊരു ഇൻഷുറൻസ് വാങ്ങേണ്ടത് അനിവാര്യമാണ്. മുഴുവൻ കുടുംബത്തെയും ഉൾപ്പെടുത്തി കൊണ്ടുള്ള കവറേജ് ആണെങ്കിൽ അത്രയും നല്ലത്. എന്നാൽ ഇൻഷുറൻസ് മേഖലയിലേക്ക് നിങ്ങൾ കാലെടുത്തു വയ്ക്കുന്നേ ഉള്ളുവെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ പാലിച്ചാൽ നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമായ കരങ്ങളിൽ ആയിരിക്കും.
നേരത്തെ തന്നെ ഇൻഷുറൻസ് എടുക്കുക: കുറഞ്ഞ പ്രായത്തിൽ തന്നെ പോളിസികൾ എടുക്കാൻ ശ്രമിച്ചാൽ അത് ഭാവിയിൽ നിങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കും. ചെറിയ പ്രായത്തിൽ എടുക്കുന്ന ആരോഗ്യ ഇൻഷുറൻസുകൾക്ക് പ്രീമിയം കുറഞ്ഞു നിൽക്കുമെന്നതാണ് മറ്റൊരു നേട്ടം. കൂടാതെ കാലക്രമേണ നോ-ക്ലെയിം ബോണസ് നേട്ടങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാനും കഴിയും.
കൃത്യമായി പോളിസി പഠിക്കൽ: ഇൻഷുറൻസ് കവറേജിന്റെ വ്യവസ്ഥകൾ, മാനദണ്ഡങ്ങൾ, മറ്റ് നിബന്ധനകൾ തുടങ്ങിയവ കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പോളിസി തിരഞ്ഞെടുക്കുന്നതിനു മുമ്പ് തന്നെ ഇത് ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിലൂടെ ക്ലെയിം നിരസിക്കപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങൾ ഇത്തരത്തിൽ ഒഴിവാക്കാൻ സാധിക്കും.
കൂടാതെ നിങ്ങൾക്ക് അനുയോജ്യമായ പോളിസിയാണ് തിരഞ്ഞെടുത്തതെന്ന് ഉറപ്പിക്കാനും ഇതിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ നിങ്ങൾ ഏത് കമ്പനിയുടെ ഇൻഷുറൻസ് തിരഞ്ഞെടുക്കുകയാണെങ്കിലും അതിലെ വ്യവസ്ഥകൾ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് വിലയിരുത്താൻ ശ്രമിക്കണം.
കൂടുതൽ ഹോസ്‌പിറ്റൽ സേവനം ലഭ്യമായവ തിരഞ്ഞെടുക്കുക: നിങ്ങൾ ഒരു പോളിസി തിരഞ്ഞെടുക്കുമ്പോൾ അതിനായി സമീപിക്കുന്ന കമ്പനിയുടെ കാര്യവും ഇതിൽ നിർണായക ഘടകമാണ്. വിശാലമായ ഹോസ്‌പിറ്റൽ നെറ്റ്‌വർക്ക് സൗകര്യമുള്ള കമ്പനികളെ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുക: നിങ്ങളൊരു കമ്പനിയുടെ ഇൻഷുറൻസ് എടുക്കാൻ നിശ്ചയിച്ചാൽ അതിനെ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്. വിവിധ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പ്ലാനുകളുടെ കവറേജ്, ചിലവ്, ആനുകൂല്യങ്ങൾ തുടങ്ങിയവ ഈ താരതമ്യത്തിലൂടെ എളുപ്പം മനസിലാക്കാം. കൂടാതെ ഈ പ്ലാനുകളിലെ ആഡ് ഓൺ ഫീച്ചറുകൾ തുടങ്ങിയവയും വിശകലനം ചെയ്യാവുന്നതാണ്.












Click it and Unblock the Notifications